ETV Bharat / bharat

മകളെ വിട്ടുനല്‍കിയില്ല, രണ്ടാനച്ഛനെതിരെ ബയോളജിക്കല്‍ പിതാവിന്‍റെ ലൈംഗിക പരാതി ; കേസ് റദ്ദാക്കി ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Feb 8, 2024, 2:03 PM IST

കുട്ടിയുടെ അമ്മ വിദേശത്ത് പോയപ്പോള്‍ സംരക്ഷണം രണ്ടാനച്ഛന്‍ ഏറ്റെടുത്തതാണ് ബയോളജിക്കല്‍ പിതാവിനെ ചൊടിപ്പിച്ചത്. പകപോക്കാന്‍ നിയമം ദുരുപയോഗം ചെയ്‌തത് ദൗര്‍ഭാഗ്യകരമെന്ന് കര്‍ണാടക ഹൈക്കോടതി.

False sexual harassment complaint  Karnataka HC  കര്‍ണാടക ഹൈക്കോടതി  വ്യാജ ലൈംഗിക പരാതി
karnataka-hc-on-false-sexual-harassment-complaint-by-parents

ബെംഗളൂരു (കര്‍ണാടക) : രണ്ടാനച്ഛന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ബയോളജിക്കല്‍ പിതാവിന്‍റെ പരാതിയുമായി ബന്ധപ്പെട്ട കേസും വിചാരണ നടപടികളും റദ്ദാക്കി ഹൈക്കോടതി (Karnataka HC on False sexual harassment complaint). യുവതിയുടെ മുന്‍ ഭര്‍ത്താവ് നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ഉത്തരവിട്ടത്.

കുടുംബത്തിലെ അഭിപ്രായ ഭിന്നതകളില്‍ മാതാപിതാക്കള്‍ മക്കള്‍ പീഡിപ്പിക്കപ്പെട്ടു എന്ന തരത്തില്‍ പരാതികള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കുട്ടിയില്‍ ഉണ്ടാക്കുന്ന പ്രതികൂല സ്വാധീനം പ്രവചിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ ചിന്തിക്കണമെന്നും ആത്മപരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഇത്തരം സംഭവങ്ങളില്‍ യാഥാര്‍ഥ്യം ഉണ്ടെങ്കില്‍ കോടതി നിയമ നടപടി സ്വീകരിക്കും. എന്നാല്‍ പ്രസ്‌തുത കേസില്‍, കുട്ടിയുടെ സംരക്ഷണം നല്‍കാത്തതിന്‍റെ പേരില്‍ വ്യാജ പരാതി നല്‍കുകയായിരുന്നു (False sexual harassment complaint). ആദ്യ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പകപോക്കാന്‍ നിയമം ദുരുപയോഗം ചെയ്‌തതായും വ്യക്തമാണ്. അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനുള്ള പോക്‌സോ (POCSO) നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

കേസിന്‍റെ പശ്ചാത്തലം ഇങ്ങനെ : പെണ്‍കുട്ടിയുടെ അമ്മയും ബയോളജിക്കല്‍ പിതാവും 2017ല്‍ വിവാഹ മോചനം നേടിയവരാണ്. തുടര്‍ന്ന് കോടതി കുട്ടിയെ അമ്മയ്‌ക്ക് വിട്ടുകൊടുത്തു. കുട്ടിയെ കാണാന്‍ പിതാവിന് അനുമതി ഉണ്ടായിരുന്നു.

വിവാഹ മോചനത്തിന് ശേഷം യുവതി മറ്റൊരു വിവാഹം കഴിച്ചു. ഇതിനിടെ കുട്ടിയുടെ അമ്മ പഠന ആവശ്യത്തിനായി വിദേശത്തേക്ക് പോയി. ഈ സമയം മകള്‍ യുവതിയുടെ ഭര്‍ത്താവിന്‍റെ സംരക്ഷണയിലായിരുന്നു. ഇതില്‍ പ്രകോപിതനായ കുട്ടിയുടെ പിതാവ് മുന്‍ ഭാര്യയുടെ ഭര്‍ത്താവിനും ഇയാളുടെ ബന്ധുവിനും എതിരെ ലൈംഗിക പരാതി ഉന്നയിക്കുകയായിരുന്നു. പ്രായപൂര്‍ത്തി ആകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഇയാളുടെ പരാതി.

പരാതി നല്‍കിയതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. കുറ്റപത്രവും സമര്‍പ്പിച്ചു. പോക്‌സോ നിയമപ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇത് ചോദ്യം ചെയ്‌ത് കുട്ടിയുടെ രണ്ടാനച്ഛന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.