ETV Bharat / bharat

ബിജെപിയുടെ ഇഷ്‌ടവിനോദം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഒളിച്ചുകളി; സിദ്ധരാമയ്യ

author img

By ETV Bharat Kerala Team

Published : Feb 23, 2024, 10:26 PM IST

മോദിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ ഒളിച്ചു കളി നടത്തുന്നുമെന്ന് ആരോപണം.

BJPs favourite game  siddaramaiah  Satyapal malik  ബിജെപിയുടെ ഇഷ്‌ടവിനോദം  ED CBI IT
Karnataka CM Siddaramaiah on ED raids at Satyapal Malik premises

ബെംഗളൂരു: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള സത്യവുമായുള്ള ഒളിച്ചു കളിയാണ് ബിജെപിക്ക് ഇപ്പോള്‍ ഏറ്റവും ഇഷ്‌ടമുള്ള വിനോദമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ ജമ്മുകശ്‌മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ വസതിയില്‍ സിബിഐ റെയ്‌ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് സിദ്ധരാമയ്യ ഈ ആരോപണവുമായി രംഗത്ത് എത്തിയിട്ടുള്ളത് (Siddaramaiah). പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട തീരുമാനത്തിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങളാണ് മാലിക്കിനെതിരെയുള്ള നടപടികള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിക്ക് ഇപ്പോള്‍ ഒരു ഇഷ്‌ടവിനോദമുണ്ട്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെയും സിബിഐയേയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച് സത്യവുമായുള്ള ഒളിച്ച് കളിയാണ് അവര്‍ നടത്തുന്നത്. ഇക്കുറി സത്യപാല്‍ മാലിക്കാണ് അവരുടെ ഇര. പുല്‍വാമയില്‍ മോദിയെ തുറന്ന് കാട്ടിയതിന്‍റെ പ്രതികാരമാണത്.

എന്നാല്‍ ജനങ്ങളുടെ കയ്യില്‍ ഒരു ട്രമ്പ് കാര്‍ഡുണ്ട് - തെരഞ്ഞെടുപ്പ്. ഇതുപയോഗിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാകും. ഇക്കുറി ഇന്ത്യയെ രക്ഷിക്കണം. ഒരൊറ്റ ബട്ടണുപയോഗിച്ചാല്‍ ഇന്ത്യയെ ബിജെപി ഫാസിസ്റ്റുകളില്‍ നിന്ന് രക്ഷിക്കാനാകുമെന്നും കര്‍ണാടക മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു (Satyapal Malik).

2019ല്‍ കിസ്‌ത്വാറില്‍ 2200 കോടി രൂപയുടെ കിരു ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ പ്രൊജക്‌ടിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാര്‍ നല്‍കിയതിലെ അഴിമതിയാണ് കേസിന് ആധാരം. മാലിക് 2018 ഓഗസ്റ്റ് 23 മുതല്‍ 2019 ഒക്‌ടോബര്‍ മുപ്പത് വരെ ജമ്മുകശ്‌മീര്‍ ഗവര്‍ണര്‍ ആയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ അസുഖബാധിതനായി ആശുപത്രിയിലാണെന്നും ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് തന്‍റെ വസതിയില്‍ റെയ്‌ഡ് നടത്തിയതെന്നും സത്യപാല്‍ മാലിക് എക്‌സില്‍ കുറിച്ചു. തന്‍റെ സഹായിയുടെയും ഡ്രൈവറിന്‍റെയും വസതികളിലും റെയ്‌ഡുണ്ടായി. അവരെ അപമാനിക്കുകയും ചെയ്‌തു.

താനൊരു കര്‍ഷകന്‍റെ മകനാണെന്നും ഇത്തരം റെയ്‌ഡുകളിലൂടെയൊന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയില്‍ സിബിഐ ഡല്‍ഹിയിലും ജമ്മുകശ്‌മീരിലും എട്ടിടങ്ങളില്‍ റെയ്‌ഡ് നടത്തി. റെയ്‌ഡില്‍ കമ്പ്യൂട്ടറുകളടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും വസ്‌തുക്കളുടെ രേഖകളും പിടിച്ചെടുത്തു. 21 ലക്ഷം രൂപയും പിടിച്ചെടുത്തെന്നും സിബിഐ പറയുന്നു.

പദ്ധതിയുടെ കരാര്‍ നല്‍കുന്നതിനുള്ള ഇടെന്‍ഡറിങ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഡിസംബറില്‍ സിബിഐ ഡല്‍ഹിയിലും ചണ്ഡിഗഡിലും ഷിംലയിലും നോയിഡയിലുമായി ആറിടങ്ങളില്‍ റെയ്‌ഡ് നടത്തിയിരുന്നു.

Also Read; 'സിദ്ധരാമയ്യയെ ടിപ്പുവിനെ പോലെ കൊല്ലണം': ഒടുവില്‍ വിശദീകരണവുമായി ബിജെപി മന്ത്രി അശ്വത് നാരായൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.