ETV Bharat / bharat

'ആം ആദ്‌മിക്ക് 25 കോടി, നല്‍കിയില്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്ന് ഭീഷണി'; കെ കവിതയ്‌ക്കെതിരെ സിബിഐ - CBI Against K Kavitha In Court

author img

By ETV Bharat Kerala Team

Published : Apr 13, 2024, 7:56 AM IST

DELHI LIQUOR SCAM CASE  K KAVITHA CBI  ഡല്‍ഹി മദ്യനയ കേസ്  കെ കവിത ശരത് ചന്ദ്ര റെഡ്ഡി
CBI AGAINST K KAVITHA IN COURT

കെ കവിത ശരത് ചന്ദ്ര റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതായി സിബിഐ കോടതിയെ അറിയിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കൂട്ടുപ്രതിയായ ശരത് ചന്ദ്ര റെഡ്ഡിയെ ബിആര്‍എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത ഭീഷണിപ്പെടുത്തിയതായി സിബിഐ. അരബിന്ദോ ഫാര്‍മ എന്ന പ്രമുഖ മരുന്ന് കമ്പനിയുടെ പ്രൊമോട്ടറാണ് ശരത് ചന്ദ്ര റെഡ്ഡി. ഡല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് പോളിസി പ്രകാരം തൻ്റെ സ്ഥാപനത്തിന് അനുവദിച്ച അഞ്ച് റീട്ടെയിൽ സോണുകൾക്കായി 25 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കവിത ശരത് ചന്ദ്ര റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.

ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ എക്‌സൈസ് പോളിസി പ്രകാരം തെലങ്കാനയിലും ഡൽഹിയിലുമുള്ള തന്‍റെ ബിസിനസ് തകര്‍ക്കുമെന്ന് കവിത റെഡ്ഡിയോട് പറഞ്ഞതായും സിബിഐ കോടതിയില്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കവിതയെ കൂടുതല്‍ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. സിബിഐ ആവശ്യം അംഗീകരിച്ച കോടതി ഏപ്രില്‍ 15 വരെ കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി.

കേസില്‍ മുഖ്യപങ്കുള്ള വ്യക്തിയാണ് കവിത എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ ബിആര്‍എസ് നേതാവിന്‍റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അടുത്ത അനുയായിയായ വിജയ് നായർക്ക് പണം കൈമാറിയത് കവിതയാണ്. സൗത്ത് ഗ്രൂപ്പിലെ ഒരു വ്യവസായി ആദ്യം അരവിന്ദ് കെജ്‌രിവാളിനെ കണ്ട് പിന്തുണ നല്‍കിയ ശേഷം കവിതയുമായി കൂടിക്കാഴ്‌ച നടത്തി.

രാജ്യതലസ്ഥാനത്തെ പ്രധാനപ്പെട്ട ആളുകളെ തനിക്ക് അറിയാമെന്ന് കവിത ഉറപ്പ് നല്‍കിയ ശേഷമാണ് ശരത് റെഡ്ഡി വ്യാപാരത്തില്‍ പങ്കാളിയായത്. മദ്യത്തിന്‍റെ മൊത്തക്കച്ചവടത്തിനായി 25 കോടിയും ഓരോ സോണുകള്‍ക്കായി അഞ്ച് കോടി വീതവും ആം ആദ്‌മി പാര്‍ട്ടിക്ക് നല്‍കണമെന്ന് ശരത് റെഡ്ഡിയോട് പറഞ്ഞതും കവിതയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. പണം നല്‍കാൻ വിമുഖത കാണിച്ചപ്പോഴാണ് കവിത തന്നെ ഭീഷണിപ്പെടുത്തിയതെന്ന് റെഡ്ഡി പറഞ്ഞതായും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.

Read More : മദ്യനയ അഴിമതിക്കേസ്: കെ കവിതയെ സിബിഐ അറസ്‌റ്റ് ചെയ്‌തു - CBI Arrests K Kavitha

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവ് കെ കവിതയെ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു (ഏപ്രില്‍ 11) സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഇഡി അറസ്‌റ്റിനെ തുടര്‍ന്ന് തിഹാർ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു കവിതയ്‌ക്കെതിരായ സിബിഐ നടപടി. പ്രത്യേക കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷമായിരുന്നു സിബിഐ കവിതയെ കസ്റ്റഡിയിലെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.