ETV Bharat / bharat

പിഎൻആർ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കരുത്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇൻഡിഗോ

author img

By PTI

Published : Jan 31, 2024, 10:56 PM IST

Indigo cyber crime  Indigo  ഇൻഡിഗോ  ഇൻഡിഗോ സൈബർ തട്ടിപ്പ്
Indigo cyber crime: Indigo asks flyers not to share PNR on social media

പിഎൻആർ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ഇൻഡിഗോ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. പിഎൻആർ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച യാത്രക്കാരൻ സൈബർ തട്ടിപ്പിന് ഇരയായി ടിക്കറ്റ് റദ്ദായതിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് ഇൻഡിഗോ വ്യക്തമാക്കി.

ഹൈദരാബാദ്: പിഎൻആർ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ഇൻഡിഗോ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് സൈബർ തട്ടിപ്പ് നടന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇൻഡിഗോ എത്തിയത്. അടുത്തിടെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ തട്ടിപ്പിന് ഇരയായിരുന്നു.

ബുക്ക് ചെയ്‌ത 8 ടിക്കറ്റിന്‍റെ പിഎൻആർ നമ്പർ അടക്കമുള്ള വിശദാംശങ്ങൾ ഇയാൾ എക്‌സിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരം മുതൽ ഡൽഹി വരെ ജനുവരി 7ലേക്ക് ആയിരുന്നു ഇയാൾ 8 ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. 72,000 രൂപയോളമായിരുന്നു ടിക്കറ്റിന്‍റെ വില.

ടിക്കറ്റിന്‍റെ മേലുള്ള അഡീഷണൽ ചാർജിനെ ചോദ്യം ചെയ്‌ത് ഇൻഡിഗോയെ ടാഗ് ചെയ്‌തായിരുന്നു ഇയാൾ എക്‌സിൽ പോസ്റ്റ് ചെയ്‌തിരുന്നത്. ഇതിന് പിന്നാലെ ഇൻഡിഗോയുടെ പ്രതിനിധി എന്ന പേരിൽ ഇയാൾക്ക് നേരിട്ട് സന്ദേശങ്ങൾ ലഭിച്ചിരുന്നു. പിഎൻആർ വിശദാംശങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ടെക്കി ബുക്ക് ചെയ്‌ത ടിക്കറ്റുകൾ റദ്ദായതായി ഇൻഡിഗോയുടെ കസ്റ്റമർ കെയറിൽ നിന്നും വിവരം ലഭിച്ചത്.

പിന്നീടാണ് താൻ തട്ടിപ്പിന് ഇരയായതായി ഇയാൾക്ക് മനസിലായത്. ഇന്നാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. സൈബർ കുറ്റവാളികൾക്കെതിരെ ശ്രദ്ധ ചെലുത്താനും ടിക്കറ്റിന്‍റെ വിശദാംശങ്ങൾ സ്വകാര്യ വ്യക്തികൾക്കോ സാമൂഹ്യ മാധ്യമങ്ങളിലോ പങ്കുവെക്കരുതെന്നും മുന്നറിയിപ്പ് നൽകി.

യാത്രക്കാരന് നേരിട്ട അസൗകര്യത്തെ തുടർന്ന് യഥാർത്ഥ ടിക്കറ്റുകളുടെ ക്യാൻസലേഷൻ ചാർജിൽ നിന്ന് ഇളവ് വാഗ്‌ദാനം ചെയ്‌തതായും എയർലൈൻസ് കൂട്ടിച്ചേർത്തു. തങ്ങൾ സൈബർ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതായും അവ ശക്തിപ്പെടുത്താൻ നിരന്തരം പ്രവർത്തിക്കുന്നതായും ഇൻഡിഗോ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.