ETV Bharat / bharat

പോളിങ് വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ല: തെരഞ്ഞെടുപ്പ് കമ്മിഷനെ നേരില്‍ കാണാന്‍ ഇന്ത്യ മുന്നണി - India Bloc To Meet EC

author img

By ETV Bharat Kerala Team

Published : May 9, 2024, 5:56 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പ് പോളിങ് കണക്കുകള്‍ പുറത്ത് വിട്ടതിലെ പൊരുത്തക്കേടുകളില്‍ ചര്‍ച്ച നടത്താന്‍ ഇന്ത്യ മുന്നണി. നാളെ നേതാക്കള്‍ കമ്മിഷനെ കാണും. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും ചര്‍ച്ചയായേക്കും.

INDIA BLOC TO MEET EC  INDIA ALLIANCE MEET EC  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ്
INDIA BLOC TO MEET EC (Source: ETV Bharat Network)

ന്യൂഡല്‍ഹി : പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണും. വോട്ടിങ് വിവരങ്ങള്‍ നല്‍കുന്നതിലെ കാലതാമസവും ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളും ഉന്നയിച്ചാണ് സഖ്യം തെര‍ഞ്ഞെടുപ്പ് കമ്മിഷനെ കാണുക. വോട്ടിങ് വിവരങ്ങള്‍ കൃത്യമായി നല്‍കാത്തത് ഫലം അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും നേതാക്കള്‍ അറിയിക്കും.

വെള്ളിയാഴ്‌ചയാണ് (മെയ്‌ 10) സംഘം കമ്മിഷനുമായി കൂടിക്കാഴ്‌ച നടത്തുക. ഇന്ന് (മെയ്‌ 9) യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അത് പിന്നീട് നാളെത്തേക്ക് മാറ്റുകയായിരുന്നു. സമാന വിഷയം ഉന്നയിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) എന്നിവയുൾപ്പെടെയുള്ള പാര്‍ട്ടികള്‍ പോളിങ് പാനലിന് നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ 11 ദിവസങ്ങള്‍ക്ക് ശേഷവും രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷവുമാണ് കമ്മിഷന്‍ പുറത്ത് വിട്ടത്. തെരഞ്ഞടുപ്പ് പ്രചാരണത്തിന് ബിജെപി മതചിഹ്നങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണവും പ്രതിപക്ഷ നേതാക്കള്‍ കമ്മിഷനില്‍ ഉന്നയിക്കുമെന്ന് വൃത്തങ്ങള്‍ പറയുന്നു.

അതേസമയം വോട്ടെടുപ്പ് അവസാനിക്കുന്ന ഉടന്‍ തന്നെ പോളിങ് കണക്കുകള്‍ പുറത്ത് വിടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പോളിങ് കണക്കുകള്‍ പുറത്ത് വിടുന്നതിന് അര്‍ഹമായ പ്രധാന്യം നല്‍കുന്നുണ്ട്. ബൂത്തുകള്‍ തിരിച്ചുള്ള കണക്കുകള്‍ കൃത്യമായി തന്നെ പുറത്ത് വിടുമെന്നും കമ്മിഷന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി) പുറത്തുവിട്ട പോളിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്‌ച (മെയ്‌ 7) വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് കത്തയച്ചിരുന്നു. ഇന്ത്യ നേതാക്കളോട് ഈ വിഷയത്തിത്തിനെതിരെ ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്താനും ഖാര്‍ഗെ ആവശ്യപ്പെട്ടു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ഖാര്‍ഗെ കത്തില്‍ ഓര്‍മിപ്പിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിൽ 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. മൂന്നാം ഘട്ടത്തില്‍ 65.55 ശതമാനം പോളിങ് നടന്നതായി കമ്മിഷന്‍റെ ആപ്പിലൂടെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.