ETV Bharat / bharat

'സ്വാതന്ത്ര്യത്തിന് ശേഷം 60 വർഷം കൊണ്ട് കഴിയാത്തതാണ് 10 വർഷം കൊണ്ട് നമ്മൾ നേടിയത്; മോദിയുടെ ഗ്യാരണ്ടിയില്‍ ഇന്ത്യ മുന്നണി അസ്വസ്ഥം': നരേന്ദ്ര മോദി - Modi against India Bloc

author img

By ETV Bharat Kerala Team

Published : Apr 7, 2024, 7:19 PM IST

ബിഹാറിലെ നവാഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

INDIA BLOC  MODI GUARANTEE  LOK SABHA ELECTION 2024  മോദിയുടെ ഗ്യരണ്ടി
MODI AGAINST INDIA BLOC

ബിഹാര്‍ : മോദിയുടെ ഗ്യാരണ്ടിയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി അസ്വസ്ഥമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിഹാറിലെ നവാഡയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. സ്വാതന്ത്ര്യത്തിന് ശേഷമുള്ള 60 വര്‍ഷത്തില്‍ ചെയ്യാൻ സാധിക്കാത്തത് മോദി സർക്കാർ 10 വർഷം കൊണ്ട് നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

'രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ ഞാൻ ഇവിടെയുണ്ട്. 2014-ന് മുമ്പുള്ള രാജ്യത്തിന്‍റെ അവസ്ഥ എനിക്ക് മറക്കാൻ കഴിയില്ല. ഭൂരിഭാഗം നാട്ടുകാരും കുടിലുകളില്‍ താമസിക്കാന്‍ നിർബന്ധിതരായിരുന്നു. പലരും ഭവനരഹിതരായിരുന്നു.

പാവപ്പെട്ടവർക്ക് ഗ്യാസ് കണക്ഷൻ ലഭ്യമായിരുന്നില്ല. ദരിദ്രർക്ക് നൽകുന്ന റേഷനിൽ നിന്ന് പോലും ഇടനിലക്കാർ പ്രയോജനം കണ്ടെത്തി. ഞാൻ ദാരിദ്ര്യത്തെ അതിജീവിച്ചു. ദരിദ്രന്‍റെ ഈ മകൻ ദരിദ്രരുടെ സേവകനാണ്. 10 വർഷം കൊണ്ട് നമ്മൾ നേടിയത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള 60 വർഷം കൊണ്ട് പോലും അവര്‍ക്ക് ചെയ്യാൻ കഴിഞ്ഞില്ല.'- മോദി പറഞ്ഞു.

മൂന്നാമത്തെ ടേമിൽ സംസ്ഥാനത്തെ ഗ്രാമങ്ങളിൽ 3 കോടി 'ലക്ഷപതി ദിദികളെ' രൂപപ്പെടുത്താനാണ് തന്‍റെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യതാത്പര്യത്തിനായി എടുത്ത നിരവധി തീരുമാനങ്ങൾ ബിഹാറിലെ ജനത കണ്ടിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

'ഇതാണ് ശരിയായ സമയമെന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് ഞാൻ പറഞ്ഞു. ഇന്ത്യയുടെ സമയം വന്നിരിക്കുകയാണ്. ഈ അവസരം നഷ്‌ടപ്പെടുത്തരുത്. അതിനാൽ 2024-ലെ ഈ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, രാജ്യതാത്പര്യം മുൻനിർത്തിയുള്ള വലിയ തീരുമാനങ്ങൾ ബിഹാറിലെ ജനങ്ങൾ കണ്ടിട്ടുണ്ട്.

ഇന്ത്യയിലും ബിഹാറിലും ഇന്ന് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ബിഹാറിൽ ഇന്ന് ആധുനിക എക്‌സ്‌പ്രസ് വേകൾ നിർമ്മിക്കുകയാണ്, റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുകയാണ്, വന്ദേ ഭാരത് പോലെയുള്ള ട്രെയിനുകൾ വർധിച്ച് വരികയാണ്'- മോദി പറഞ്ഞു.

നവാഡ മണ്ണിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, മഗധയുടെ മഹത്തായ ഭൂമിക്ക് ചന്ദ്രഗുപ്‌ത മൗര്യയുടെ ധീരതയും ആചാര്യ ചാണക്യന്‍റെ ബൗദ്ധിക ശേഷിയുമുണ്ടെന്നും രാജ്യത്തിന് ദിശാബോധം നൽകാനുള്ള കഴിവുണ്ടെന്നും പറഞ്ഞു. 'ബിഹാറിന്‍റെ ആദ്യ മുഖ്യമന്ത്രി ബിഹാർ കേസരി കൃഷ്‌ണ ബാബുവിന്‍റെ ജന്മസ്ഥലമാണ് ഈ പ്രദേശം. ലോകനായക് ശ്രീ ജയപ്രകാശ് നാരായണന്‍റെ ജോലിസ്ഥലം കൂടിയാണ് നവാഡ. ഈ മഹാരഥന്മാരെയെല്ലാം ഞാൻ ആദരവോടെ നമിക്കുന്നു.'- മോദി കൂട്ടിച്ചേർത്തു.

ബിഹാറിൽ വികസനം അതിവേഗത്തില്‍: സംസ്ഥാനത്ത് ദ്രുതഗതിയിലാണ് വികസനം നടക്കുന്നതെന്ന് പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. 'ബിഹാറിൽ വികസനം അതിവേഗത്തിലാണ് നടക്കുന്നത്. 2005ന് മുമ്പ് ബിഹാറിന്‍റെ അവസ്ഥ എന്തായിരുന്നു?. വൈകുന്നേരം കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ പറ്റില്ല.

ഇന്ന് നിങ്ങൾക്ക് സ്വതന്ത്രമായി ചുറ്റിക്കറങ്ങാം. ഭാര്യയും ഭർത്താവും (ലാലു യാദവും റാബ്‌റി ദേവിയും) 15 വർഷം ഭരിച്ചെങ്കിലും ഒരു ജോലിയും നടന്നില്ല'- നിതീഷ്‌ കുമാർ പറഞ്ഞു.

പാർട്ടിയുടെ രാജ്യസഭാ എംപിയും മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സിപി താക്കൂറിന്‍റെ മകനുമായ വിവേക് താക്കൂറിനെയാണ് ബിജെപി നവാഡ മണ്ഡലത്തിൽ നിര്‍ത്തിയിരിക്കുന്നത്. ഏപ്രിൽ 4 ന് ജാമുയി മണ്ഡലത്തില്‍ നടത്തിയ റാലിയിലൂടെ ബിഹാറിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിട്ടിരുന്നു.

ബിഹാറിലെ നവാഡ, ഗയ, ഔറംഗബാദ്, ജാമുയി ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കകുക. ബിഹാറിലെ സീറ്റ് ഫോര്‍മുല പ്രകാരം ബിജെപി 17 സീറ്റുകളിലും സഖ്യകക്ഷിയായ ജെഡി (യു) 16 സീറ്റുകളിലും മത്സരിക്കും. ലോക്‌ജനശക്തി പാർട്ടി (രാം വിലാസ്) സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ സീറ്റുകളിലാണ് മത്സരിക്കുന്നത്. ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം) രാഷ്‌ട്രീയ ലോക് സമതാ പാർട്ടിയും (ആർഎൽഎസ്പി) ഓരോ സീറ്റിലും മത്സരിക്കും.

Also Read : ബീഹാറിലെ ഇന്ത്യ സഖ്യത്തില്‍ സീറ്റ് ധാരണ: 26 സീറ്റില്‍ ആര്‍ജെഡി; ഒന്‍പത് സീറ്റ് കോണ്‍ഗ്രസിന്, ഇടതിന് അഞ്ച് - Seat Sharing Formula In Bihar

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.