ETV Bharat / bharat

കര്‍ഷക സമരം; പ്രശ്‌ന പരിഹാരത്തിന് സമയം വേണമെന്ന് കേന്ദ്രം, ചര്‍ച്ച ചണ്ഡീഗഡില്‍

author img

By ETV Bharat Kerala Team

Published : Feb 18, 2024, 12:46 PM IST

സർക്കാർ തങ്ങളോട് കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയം കേന്ദ്ര മന്ത്രിമാരുമായി ചർച്ച ചെയ്‌ത് പരിഹാരം കാണുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പഞ്ചാബ് കിസാൻ മസ്‌ദൂര്‍ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പന്ദേർ മാധ്യമങ്ങളോട് പറഞ്ഞു.

Farmer Srike  six days of farmer protest  six days of farmer protest  കര്‍ഷക സമരം ചര്‍ച്ച  കര്‍ഷക സമരം
Farmers Protest

ചണ്ഡീഗഢ് : കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാനും കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനുമായി സര്‍ക്കാര്‍ തങ്ങളോട് കുറച്ച് സമയം തേടിയിട്ടുണ്ടെന്ന് പഞ്ചാബ് കിസാൻ മസ്‌ദൂര്‍ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പന്ദേർ. 'ശംഭു അതിർത്തിയിൽ ഇത് ഞങ്ങള്‍ ആറാം ദിവസമാണ് സമരം തുടരുന്നത്. ഇന്ന് വീണ്ടും സർക്കാരുമായി ചർച്ച നടത്തുകയാണ്. സർക്കാർ ഞങ്ങളോട് കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കേന്ദ്ര മന്ത്രിമാരുമായി ചർച്ച ചെയ്‌ത് പരിഹാരം കാണുമെന്നും അറിയിച്ചിട്ടുണ്ട്' -സർവൻ സിങ് പന്ദേർ മാധ്യമങ്ങളോടു പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി ഫെബ്രുവരി 21ന് ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ ധര്‍ണ നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായതും അറിയിച്ചു.

വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെയുളള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കര്‍ഷകരുമായി നാലാം വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.(Fourth round talk on Farmers protest in its sixth consecutive day) ഇന്ന്(18-02-2024)വൈകുന്നേരം ചണ്ഡീഗഢിലാകും ചര്‍ച്ച നടക്കുക. മുമ്പ് നടത്തിയ മൂന്ന് ചര്‍ച്ചകളും ഫലം കാണാതെ വന്നതോടെ കര്‍ഷകര്‍ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് നാലാം വട്ട ചര്‍ച്ച നടക്കുന്നത്.

അതേസമയം, സമരത്തെ തുടർന്ന് ഹരിയാന സർക്കാർ മൊബൈൽ ഇന്‍റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങൾക്കുള്ള നിരോധനം ഫെബ്രുവരി 19 വരെ നീട്ടി (Delhi Chalo farmers protest internet Suspended in Haryana). ഏഴ് ജില്ലകളിലാണ് നിരോധനം. നേരത്തെ ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 15 വരെയായിരുന്നു മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ സർക്കാർ നിർത്തിവച്ചിരുന്നത്.

അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളില്‍ വോയ്‌സ് കോളുകൾ ഒഴികെ മൊബൈൽ നെറ്റ്‌വർക്കുകള്‍ നൽകുന്ന എല്ലാ സേവനങ്ങളും താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഫെബ്രുവരി 8 ന് ആണ് കര്‍ഷകരുമായി ആദ്യ റൗണ്ട് ചർച്ച നടന്നത്. കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നതിന് മുമ്പായി ഫെബ്രുവരി 12 ന് രണ്ടാം വട്ട ചർച്ചയും നടത്തി. ശേഷം ഫെബ്രുവരി 15 നാണ് മൂന്നാം ഘട്ട ചർച്ച നടന്നത്.

വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി അംഗീകരിക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കാര്‍ഷിക ജോലിചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കുക, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ റദ്ദാക്കുക, ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കുക, കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ ഡല്‍ഹി ചലോ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.