ETV Bharat / bharat

കോണ്‍ഗ്രസിലേക്കോ ? ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയുടെ വാര്‍ത്താസമ്മേളനം നാളെ

author img

By ETV Bharat Kerala Team

Published : Mar 18, 2024, 10:55 PM IST

ബെംഗളൂരു നോർത്ത് ലോക്‌സഭ മണ്ഡലത്തിൽ ബിജെപി ടിക്കറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്‌തിയിലാണ് സദാനന്ദ ഗൗഡ

Sadananda Gowda  BJP  Karnataka politics  024 Loksabha election
Former CM Sadananda Gowda who upset over denial of BJP ticket called press conference tomorrow

ബെംഗളൂരു : ചൊവ്വാഴ്‌ച വാര്‍ത്താസമ്മേളനം വിളിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ഡിവി സദാനന്ദ ഗൗഡ. ബെംഗളൂരു നോർത്ത് ലോക്‌സഭ മണ്ഡലത്തിൽ ബിജെപി ടിക്കറ്റ് നിഷേധിച്ച പശ്ചാത്തലത്തില്‍ അദ്ദേഹം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ബിജെപിയുടെ നീക്കത്തില്‍ അതൃപ്‌തനായ സദാനന്ദ ഗൗഡ അടുത്ത രാഷ്‌ട്രീയ തീരുമാനം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കും. കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം ഗൗഡ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇന്ന്(18-03-2024) ബെംഗളൂരുവിലെ സഞ്ജയ് നഗറിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചതായി സദാനന്ദ ഗൗഡ സമ്മതിച്ചിരുന്നു. "വ്യത്യസ്‌ത ആളുകൾ എന്നെ ബന്ധപ്പെടുന്നു എന്നത് ശരിയാണ്. ഇന്നലെ ഞങ്ങളുടെ പാർട്ടിയിലെ ഒരു പ്രമുഖ നേതാവ് വന്ന് ആശ്വസിപ്പിച്ചു. വ്യത്യസ്‌തമായ കാര്യങ്ങളാണ് നടക്കുന്നത്. ഇന്ന് എന്‍റെ ജന്മദിനമാണ്. ഞാൻ ദിവസം മുഴുവൻ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കും എന്നിട്ട് തീരുമാനിക്കും. എന്‍റെ തീരുമാനം കുടുംബാംഗങ്ങളുമായി ചർച്ച ചെയ്യണം. പിന്നീട് തീരുമാനത്തിലെത്തും"- സദാനന്ദ ഗൗഡ പറഞ്ഞു.

"ബെംഗളൂരു നോർത്ത് ലോക്‌സഭ മണ്ഡലത്തിൽ എന്‍റെ പേര് മാത്രമാണ് ചർച്ചയ്ക്ക് വന്നത്. എന്നാൽ ഡൽഹിയിലും കർണാടകയിലും ചില സംഭവങ്ങള്‍ ഉണ്ടായതായി ഞാൻ ശ്രദ്ധിച്ചു. നാളെ വാര്‍ത്താസമ്മേളനം വിളിക്കും. തീരുമാനം ഇപ്പോൾ പറഞ്ഞാൽ നാളേക്കൊന്നും ബാക്കികാണില്ല. രാഷ്‌ട്രീയത്തിൽ കലഹവും അപമാനവുമെല്ലാം സ്വാഭാവികമാണ്. പക്ഷെ എല്ലാം അറിഞ്ഞിട്ടും അവർ എന്നോട് ഇത് ചെയ്‌തതിൽ സങ്കടമുണ്ട്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് ആർ.അശോക്, മുൻ ഡിസിഎം ഡോ.സി.എൻ.അശ്വത്നാരായണൻ എന്നിവർ ഗൗഡയുടെ വസതിയിലെത്തി പിറന്നാള്‍ ആശംസകൾ നേർന്നിരുന്നു. പിന്നീട് മൂന്ന് നേതാക്കളും ചർച്ച നടത്തിയിരുന്നു. എന്നാൽ സദാനന്ദ ഗൗഡ അനുനയത്തിന് വഴങ്ങിയില്ല.

Also Read : ഡിഎംകെയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റുകളിൽ ധാരണ; കോൺഗ്രസിന് 9 സീറ്റുകൾ, 21 ഇടത്ത് ഡിഎംകെ

സദാനന്ദ ഗൗഡയുടെ 72-ാം ജന്മദിനമായിരുന്നു ഇന്ന്. ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ കരന്ദ്‌ലജെ സദാനന്ദ ഗൗഡയുടെ വസതിയിലെത്തി അനുഗ്രഹം തേടി. ബിജെപി എംഎൽഎ കെ ഗോപാലയ്യ, ബിജെപി ബെംഗളൂരു നോർത്ത് ജില്ല പ്രസിഡന്‍റ് ഹരീഷ്, മുൻ പ്രസിഡന്‍റ് നാരായണ ഗൗഡ എന്നിവരും നൂറുകണക്കിന് പ്രവർത്തകരും സദാനന്ദ ഗൗഡയ്ക്ക് ആശംസകൾ നേർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.