ETV Bharat / bharat

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം; ആം ആദ്‌മി പാർട്ടി മുൻ മന്ത്രിയുടെ ഹര്‍ജി - plea for removal of Arvind Kejriwal

author img

By ANI

Published : Apr 6, 2024, 9:17 PM IST

ARVIND KEJRIWAL  AAP  അരവിന്ദ് കെജ്‌രിവാള്‍  എഎപി പാര്‍ട്ടി
Former AAP Minister files plea for removal of Arvind Kejriwal from CM post

മുന്‍ മന്ത്രിയും സുൽത്താൻപൂർ മസ്രയിലെ എംഎൽഎയുമായിരുന്ന സന്ദീപ് കുമാറാണ് ഹർജി സമർപ്പിച്ചത്

ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന്‌ ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി മുൻ മന്ത്രിയുടെ ഹര്‍ജി. ആം ആദ്‌മി സര്‍ക്കാരിലെ മുന്‍ മന്ത്രിയും സുൽത്താൻപൂർ മസ്രയിലെ എംഎൽഎയുമായിരുന്ന സന്ദീപ് കുമാറാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എക്‌സൈസ് നയത്തിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതോടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനം വഹിക്കാനുള്ള അര്‍ഹത ഇല്ലാതായെന്ന് ഹര്‍ജിയില്‍ പറയുന്നു. ജസ്‌റ്റിസ് സുബ്രമണ്യം പ്രസാദിന്‍റെ ബെഞ്ച് ഏപ്രിൽ 8-ന് ഹര്‍ജി പരിഗണിക്കും.

ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് ആർട്ടിക്കിൾ 239 എഎ (4), 167 (ബി) കൂടാതെ (സി) പ്രകാരമുള്ള ഭരണഘടനാപരമായ ബാധ്യതകളും പ്രവർത്തനങ്ങളും നിർവഹിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാൽ അദ്ദേഹത്തിന് ഇനി ഡൽഹി മുഖ്യമന്ത്രിയായി തുടരാന്‍ കഴിയില്ലെന്നാണ് വാദം.

ഹർജിക്കാരനായ സന്ദീപ് കുമാർ ആംആദ്‌മി സര്‍ക്കാരില്‍ വനിതാ ശിശു വികസനം, സാമൂഹ്യ ക്ഷേമം, എസ്‌സി/എസ്‌ടി വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടിയെ (ബിഎസ്‌പി) പിന്തുണച്ചതിനെ തുടർന്ന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ഡൽഹി നിയമസഭാ സ്‌പീക്കർ രാം നിവാസ് ഗോയൽ അദ്ദേഹത്തെ അയോഗ്യനാക്കി. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെടുന്ന രണ്ട് പൊതുതാൽപ്പര്യ ഹര്‍ജികള്‍ പരിഗണിക്കാൻ അടുത്തിടെ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

മാര്‍ച്ചിലാണ് ഡല്‍ഹി മദ്യനയക്കേസില്‍ കെജ്‌രിവാള്‍ അറസ്‌റ്റിലാകുന്നത്. കോടതി നിർദേശത്തെ തുടര്‍ന്ന് കെജ്‌രിവാള്‍ കസ്‌റ്റഡിയിൽ തുടരുകയാണ്. അന്വേഷണ ഏജൻസിയുടെ ഒന്നിലധികം സമൻസുകൾ കെജ്‌രിവാൾ ഒഴിവാക്കിയതിനെ തുടർന്നായിരുന്നു നടപടി.

അതേസമയം, ഡൽഹി മദ്യനയ കേസിൽ ഇഡിയോ സിബിഐയോ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുകളിൽ കെജ്‌രിവാളിന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ല. ഇഡിയുടെ കുറ്റപത്രത്തിലാണ് അദ്ദേഹത്തിന്‍റെ പേര് ആദ്യമായി പരാമർശിച്ചത്. കേസിലെ പ്രധാന പ്രതികളിലൊരാളുമായി കെജ്‌രിവാള്‍ സംസാരിച്ചതായാണ് ഏജൻസി അവകാശപ്പെടുന്നത്.

സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ അറസ്‌റ്റിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് 2022-ൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാജ്യസഭാ എംപി സഞ്ജയ് സിങ്ങും അറസ്‌റ്റിലായിരുന്നു.

Also Read : തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ സംഘടനയാണോ എന്ന് എഎപി മന്ത്രി അതിഷി; അതിഷി നക്‌സലാണെന്ന് ബിജെപി - Atishi Against Election Commission

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.