ETV Bharat / bharat

ഡൽഹിയിലേക്കുള്ള മാർച്ച് 29ന് തീരുമാനിക്കും; അതിര്‍ത്തികളില്‍ ലോക വ്യാപാര സംഘടന നയങ്ങളുടെ സെമിനാറുകള്‍

author img

By ETV Bharat Kerala Team

Published : Feb 25, 2024, 9:18 PM IST

നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് അതിർത്തികളിലും 20 അടിയിലധികം ഉയരമുള്ള കോലങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കുമെന്നാണ് കർഷക നേതാവ് അറിയിച്ചത്.

Farmers Protest 13th Day  Farmers Protest  കര്‍ഷക സമരം
Farmers protest

ചണ്ഡീഗഡ്: കര്‍ഷക സമരം 13 ദിവസം പിന്നിടുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ തിരികെ വീടുകളിലേക്ക് മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ശംഭു, ഖാനൗരി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. ഡൽഹിയിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനം ഫെബ്രുവരി 29ലേക്ക് മാറ്റിവെച്ചിരിക്കുകയാണ് ഇപ്പോള്‍.

അതിനിടെ ശംഭു, ഖാനൗരി അതിർത്തിയിൽ ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ പോളിസിയെ കുറിച്ച് കര്‍ഷകര്‍ സെമിനാറുകള്‍ നടത്തി. ഡബ്ല്യുടിഒ നയങ്ങളെ പറ്റി കർഷകരെ ബോധവാന്മാരാക്കാനാണ് പദ്ധതി. കാർഷിക മേഖലയെ ഡബ്ല്യുടിഒയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നാളെ (26-02-2024) രാവിലെ ഡബ്ല്യുടിഒയുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സർക്കാരുകളുടെയും കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും കര്‍ഷക നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു.

നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് അതിർത്തികളിലും 20 അടിയിലധികം ഉയരമുള്ള കോലങ്ങള്‍ കത്തിക്കുമെന്നാണ് പന്ദേർ അറിയിച്ചത്. ഫെബ്രുവരി 27 ന് കിസാൻ മസ്‌ദൂർ മോർച്ച, എസ്‌കെഎം (നോണ്‍ പൊളിറ്റിക്കല്‍) സംഘടകളുടെ രാജ്യത്തുടനീളമുള്ള നേതാക്കളുടെ യോഗം നടത്തും. ശേഷം ഫെബ്രുവരി 28ന് സമഗ്ര ചർച്ച നടത്തും. ഫെബ്രുവരി 29ന് അടുത്ത നടപടി തീരുമാനിക്കുമെന്നും പന്ദേര്‍ പറഞ്ഞു. കർഷകർക്ക് എന്താണ് സംഭവിക്കുന്നതെന്ന് സംസാരിക്കാൻ പ്രധാനമന്ത്രി മോദിയോട് തങ്ങള്‍ ആവശ്യപ്പെടുന്നതായും കര്‍ഷക നേതാവ് പറഞ്ഞു.

കര്‍ഷക സമരത്തിന് പിന്തുണയുമായി ഗുസ്‌തി താരം ബജ്‌റംഗ് പുനിയയും രംഗത്ത് വന്നു. ഫെബ്രുവരി 21 ന്, ഒരു യുവ കർഷകൻ രക്തസാക്ഷിത്വം വരിച്ചു. മറ്റൊരു യുവ കർഷകൻ പ്രീത്പാൽ മരണത്തോട് മല്ലടിക്കുകയാണ്. കർഷകരോടുള്ള ഇത്തരം ക്രൂരത ജനാധിപത്യ രാജ്യത്തിന് നല്ലതല്ല. കർഷകർക്ക് സംഭവിക്കുന്നത് മനസ്സിനെ വല്ലാതെ അലട്ടുന്നു എന്നാണ് ബജ്‌റംഗ് പുനിയ എക്‌സില്‍ കുറിച്ചത്.

അതേസമയം, കർഷകർ സമരത്തെ തുടര്‍ന്ന് 11 ദിവസമായി അടച്ചിട്ടിരുന്ന ഡൽഹിയിെല ടിക്രി അതിർത്തിയും സിംഗു അതിർത്തിയും താൽക്കാലികമായി തുറന്നു. ഡൽഹി പൊലീസ് തിക്രി അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കണ്ടെയ്നറുകളും കല്ലുകളും നീക്കം ചെയ്‌തു. ഹരിയാനയിലെ 7 ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന മൊബൈൽ ഇന്‍റര്‍നെറ്റ് സേവനവും പുനസ്ഥാപിച്ചിട്ടുണ്ട്.

പ്രതിഷേധത്തിനിടെ ഖനൗരി അതിർത്തിയിൽ കൊല്ലപ്പെട്ട ബതിന്ദയിലെ യുവകർഷകൻ ശുഭകരണ്‍ സിങ്ങിന്‍റെ സംസ്‌കാരം നീളുകയാണ്. പഞ്ചാബ് പൊലീസ് കൊലപാതകത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സംസ്‌കാരം നടത്തില്ലെന്ന നിലപാടിലാണ് കർഷക സംഘടനകളും കുടുംബവും. ശുഭകരണ്‍ സിങ്ങിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയും സഹോദരിക്ക് സർക്കാർ ജോലിയും പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഖനൗരി അതിർത്തിയിലെ പ്രതിഷേധത്തിനിടെയാണ് ശുഭകരണ്‍ സിങ് കഴുത്തിന് പിന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.