ETV Bharat / bharat

ഇന്ത്യ-ചൈന അതിർത്തി തർക്കം എങ്ങനെ ആരംഭിച്ചു? എവിടെ എത്തിനിൽക്കുന്നു? വിശദമായി അറിയാം - History of India China Border issue

author img

By ETV Bharat Kerala Team

Published : Apr 11, 2024, 10:57 PM IST

INDIA CHINA BORDER ISSUE HISTORY  ഇന്ത്യ ചൈന അതിർത്തി തർക്കം  INDIA AND CHINA  ഇന്ത്യ ചൈന
Explaining history of India China Border Dispute and Where It Stands now

ഇന്ത്യയും ചൈനയും തമ്മിലുള്ള ദീർഘകാല അതിർത്തി തർക്കം പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പറഞ്ഞതോടെ ദീര്‍ഘകാലത്തെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ദീർഘകാല അതിർത്തി തർക്കം, ഇരു രാജ്യങ്ങള്‍ക്ക് വേണ്ടിയും ലോകത്തിന് വേണ്ടിയും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് പ്രധാനമന്ത്രി നരേ ന്ദ്രമോദി ഏറ്റവും ഒടുവിലായി പ്രസ്‌താവിച്ചത്.

'നമ്മുടെ അതിർത്തിയില്‍ നീണ്ടുനിൽക്കുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്‍റെ വിശ്വാസം. അതുവഴി നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം നമുക്ക് അവസാനിപ്പിക്കാനാകും.'- പ്രധാന മന്ത്രി പറഞ്ഞു. യുഎസ് പ്രസിദ്ധീകരണമായ ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം. ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാനപരമായ ബന്ധം ഇരു രാജ്യങ്ങള്‍ക്ക് മാത്രമല്ല ലോകത്തിനും പ്രധാനമാണെന്നും മോദി പറഞ്ഞു.

സുസ്ഥിരമായ ബന്ധങ്ങൾ ചൈനയുടെയും ഇന്ത്യയുടെയും പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് മോദിയുടെ പ്രസ്‌താവനയോട് പ്രതികരിച്ചു കൊണ്ട് ചൈന പറഞ്ഞത്. അതേസമയം, അതിർത്തിയെ സംബന്ധിച്ച് ഉയരുന്ന ചോദ്യം ഇന്ത്യ-ചൈന ബന്ധത്തിന്‍റെ പൂർണ്ണതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. ഇരുപക്ഷവും നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ആശയ വിനിമയം നടത്തുകയാണെന്നും മാവോ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ പരാമർശം ജനങ്ങള്‍ ശ്രദ്ധിക്കുമെന്ന് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്‌റ്റഡീസ് ആൻഡ് അനാലിസസിലെ ഈസ്‌റ്റ് ഏഷ്യ സെന്‍റര്‍ അസോസിയേറ്റ് ഫെലോ എംഎസ് പ്രതിഭ പറഞ്ഞു. “നമ്മൾ ചില സ്‌റ്റിക്കിങ് പോയിന്‍റുകൾ മാത്രമേ പരിഹരിച്ചിട്ടുള്ളൂ. ബാക്കിയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈനയോട് പറയാൻ ശ്രമിക്കുകയാണ്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ കനത്ത സൈനിക സാന്നിധ്യം പിൻവലിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രതിഭ ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ചൈനയും ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. ചൈനയ്ക്ക് ഇന്ത്യയിൽ ധാരാളം ബിസിനസ് താത്പര്യങ്ങളുണ്ടെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.

ഇന്ത്യ ചൈന തര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടുമെന്ന ശുഭാപ്‌തി വിശ്വാസത്തില്‍, ഇന്ത്യ ചൈന പ്രശ്‌നങ്ങളുടെ ഉത്ഭവം ഒന്ന് പുനരവലോകനം ചെയ്യാം.

ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ നിരവധി പ്രദേശങ്ങളുടെ പരമാധികാരത്തെ ചുറ്റിപ്പറ്റിയാണ് ദീർഘകാലമായ ചൈന-ഇന്ത്യ അതിർത്തി തർക്കം നിലകൊള്ളുന്നത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) എന്നറിയപ്പെടുന്ന ഇന്ത്യ-ചൈന അതിർത്തി ഹിമാലയത്തിന് കുറുകെ 3,488 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്നതാണ്.

ഈ പ്രദേശങ്ങളിലൊന്നായ അക്‌സായി ചിൻ ചൈനയുടെ ഭരണത്തിൻ കീഴിലാണെങ്കിലും ഇന്ത്യയും ഈ പ്രദേശത്തിന് മേല്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ജനവാസം നന്നേ കുറഞ്ഞതും വളരെ ഉയര്‍ന്നതുമായ ഭൂപ്രദേശമാണ് അക്‌സായി ചിന്‍. കാശ്‌മീർ, ടിബറ്റ്, സിൻജിയാങ് എന്നിവയുടെ ക്രോസ്റോഡിൽ സ്ഥിതി ചെയ്യുന്ന അക്‌സായി ചിൻ ചൈനയുടെ സിൻജിയാങ്-ടിബറ്റ് ഹൈവേയിലൂടെ കടന്ന് പോകുന്ന പ്രദേശമാണ്.

തർക്കത്തില്‍ പെട്ട് കിടക്കുന്ന മറ്റൊരു മേഖല മക്‌മഹോൺ ലൈനിന്‍റെ തെക്ക് ഭാഗത്താണ്. മുമ്പ് നോർത്ത്-ഈസ്‌റ്റ് ഫ്രോണ്ടിയർ ഏജൻസി (NEFA) എന്നറിയപ്പെട്ടിരുന്നതും ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനവുമായ അരുണാചൽ പ്രദേശാണിത്. ഇന്ത്യയുടെ കീഴിലുള്ള ഈ പ്രദേശം ചൈനയും അവകാശപ്പെടുന്നു.

1914-ലെ സിംല കൺവെൻഷന്‍റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള ഉടമ്പടിയിലൂടെ സ്ഥാപിതമായ മക്മോഹൻ ലൈൻ, തർക്കത്തിന്‍റെ കേന്ദ്ര ബിന്ദുവായി തുടരുകയാണ്. സിംല കൺവെൻഷനിൽ പ്രവേശിക്കുമ്പോൾ ടിബറ്റ് സ്വതന്ത്രമായിരുന്നില്ല എന്ന് വാദിച്ചാണ് ചൈന മക്മോഹൻ ലൈൻ കരാറിന്‍റെ സാധുത നിരസിക്കുന്നത്.

1962-ൽ ഇന്ത്യൻ-ചൈനീസ് സൈനികർ അതിശക്തമായ അതിർത്തി യുദ്ധത്തിൽ ഏർപ്പെട്ടതോടെയാണ് സംഘർഷങ്ങൾ കൂടുതല്‍ വഷളായത്. ലഡാക്കിലും മക്മോഹൻ ലൈനിന് കുറുകെയും ചൈന ഒരേസമയം ആക്രമണം അഴിച്ചുവിട്ടു. ഒരു മാസത്തെ പോരാട്ടത്തിന് ശേഷം ഏകപക്ഷീയമായി പിന്മാറുന്നതിന് മുമ്പ് ചൈന അവരുടെ ലക്ഷ്യങ്ങളൊക്കെയും നേടിയെടുത്തിരുന്നു.

അരുണാചൽ പ്രദേശിൽ ചൈന അവകാശ വാദമുന്നയിച്ച പ്രദേശങ്ങൾ കൈവശപ്പെടുത്തുകയും അക്‌സായി ചിൻ നിയന്ത്രണത്തിലാക്കുകയും ചെയ്‌തതോടെ യുദ്ധം അവസാനിപ്പിക്കുകയായിരുന്നു. ഇരുവശത്തുമായി ആയിരക്കണക്കിന് സൈനികർക്ക് അന്ന് ജീവൻ നഷ്‌ടപ്പെട്ടു.

1967-ൽ സിക്കിം മേഖലയിൽ ഒരു അതിർത്തി സംഘർഷം ഉണ്ടായി. 1987-ലും 2013-ലും എല്‍എസിയെ ചൊല്ലി ഉണ്ടായ സംഘർഷങ്ങൾ വിജയകരമായി ഇല്ലാതാക്കിയിരുന്നു.

1993-ലും 1996-ലും അതിർത്തി പ്രശ്‌നത്തിന്‍റെ അന്തിമ പരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകളില്‍ ഒപ്പുവച്ചു. അതിർത്തിയില്‍ ജോയിന്‍റ് വർക്കിങ് ഗ്രൂപ്പ് (JWG) പോലുള്ള ഔപചാരിക ഗ്രൂപ്പുകൾ സൃഷ്‌ടിച്ചു. 2003-ൽ പ്രത്യേക പ്രതിനിധികൾ സംവിധാനം രൂപീകരിച്ചു. 2012-ൽ മറ്റൊരു തർക്ക പരിഹാര സംവിധാനം, വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (WMCC) രൂപീകരിച്ചു.

എന്നാല്‍ ചൈനയും ഭൂട്ടാനും അവകാശപ്പെടുന്ന ദോക്‌ലാമിലെ പ്രദേശത്ത് ചൈനീസ് റോഡ് നിർമ്മാണം ഇന്ത്യൻ സൈന്യം 2017 ൽ തടഞ്ഞപ്പോൾ ഒരു വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ നയതന്ത്ര മാർഗങ്ങളിലൂടെയാണ് പ്രതിസന്ധി പരിഹരിച്ചത്.

2020 മെയ് 5-ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ വ്യാപാര ബന്ധങ്ങൾ ഒഴികെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മരവിച്ച അവസ്ഥയിലാണ്. തർക്കം പരിഹരിക്കാനുള്ള ശ്രമത്തിൽ ഇതുവരെ ഇരുപത്തിയൊന്ന് റൗണ്ട് കമാൻഡർ തല ചർച്ചകൾ നടത്തി.

ചൈനീസ് സൈന്യം പറയുന്നതനുസരിച്ച്, ഗാൽവാൻ താഴ്‌വര, പാങ്കോങ് ത്സോ തടാകം, ഹോട്ട് സ്പ്രിങ്സ്, ജിയാനൻ ദബൻ (ഗോഗ്ര) എന്നീ നാല് പ്രത്യേക പോയിന്‍റുകളിൽ നിന്ന് വിട്ട് നിൽക്കാമെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയെ (പിഎൽഎ) ഡെപ്‌സാംഗ്, ഡെംചോക്ക് പ്രദേശങ്ങളിൽ നിന്ന് പിരിച്ചുവിടാൻ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. അതിർത്തിയിലെ സ്ഥിതിഗതികൾ സംഘർഷ ഭരിതമായി തുടരുന്നിടത്തോളം കാലം ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാകില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.

നിലവില്‍ അതിർത്തി തർക്കത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും പ്രചാരണങ്ങൾ നടത്തിയും ചൈന ഇന്ത്യയുമായി ഗ്രേ സോൺ യുദ്ധത്തിൽ ഏർപ്പെടുകയാണ്. അരുണാചൽ പ്രദേശില്‍ ചൈന അവകാശവാദമുന്നയിക്കുന്ന സ്ഥലങ്ങളുടെ പുതിയ പേര് പരാമര്‍ശിക്കുന്ന ലിസ്‌റ്റ് ഈ മാസം ചൈന പുറത്തിറക്കിയിരുന്നു. 2017 ന് ശേഷം ഇത് നാലാം തവണയാണ് ചൈന ഇത്തരത്തില്‍ ലിസ്‌റ്റ് പുറത്തിറക്കുന്നത്.

ചൈനയുടെ സിവിൽ അഫയേഴ്‌സ് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിൽ അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെയും സൈറ്റുകളുടെയും പേരുകളുണ്ട്. 11 പാർപ്പിട പ്രദേശങ്ങൾ, 12 പർവതങ്ങൾ, നാല് നദികൾ, ഒരു തടാകം, ഒരു മലമ്പാത, ഒരു ഭൂപ്രദേശം എന്നിവ ഇതില്‍ ഉൾപ്പെടുന്നു.

2017-ൽ അരുണാചൽ പ്രദേശിലെ ആറ് സ്ഥലങ്ങൾക്കായുള്ള പേരുകളുടെ പട്ടികയാണ് ചൈന ആദ്യം പുറത്തിറക്കിയത്. 2021-ൽ 15 സ്ഥലങ്ങളുടെ രണ്ടാമത്തെ പട്ടികയും തുടർന്ന് 2023-ൽ 11 സ്ഥലങ്ങളുടെ പേരുകളുടെ മൂന്നാമത്തെ പട്ടികയും ചൈന പുറത്തിറക്കിയിരുന്നു.

Also Read : ലോക്‌സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എഐ വഴി ചൈന ശ്രമിച്ചേക്കും; മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്‌റ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.