ബെംഗളുരു: ബെംഗളുരുവിലെ രാമേശ്വരം കഫേയിൽ ഉണ്ടായ സ്ഫോടനത്തിനു പിന്നിലെ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സ്ഫോടന കേസിലെ പ്രതി ആരാണെന്ന് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടും. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് 8 സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ച് സിസിബി അന്വേഷിക്കുകയാണെന്നും ഡികെ ശിവകുമാർ അറിയിച്ചു.
സ്ഫോടനം നടന്ന കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ഡി.കെ.ശിവകുമാറും ആഭ്യന്തരമന്ത്രി ജി.പരമേശ്വരും സന്ദർശനം നടത്തി. സ്ഫോടനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥരോട് ചോദിച്ച് അറിഞ്ഞതിന് ശേഷമാണ് ഇരു മന്ത്രിമാരും മടങ്ങിയത്.
25 നും 35 നും ഇടയിൽ പ്രായമുള്ള യുവാവാണ് കഫെയിൽ ബാഗ് ഉപേക്ഷിച്ച് പോയതെന്ന് സ്ഥലം സന്ദർശിച്ച ശേഷം ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി കഫെയിൽ നിന്ന് റവ ഇഡലി കഴിച്ചിരുന്നെന്നും. ഇയാൾ അവിടെ നിന്നും പോയതിനു ശേഷം കൃത്യം ഒരു മണിക്കൂർ കഴിഞ്ഞാണ് ബാഗ് പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്.
ഇത് കുറഞ്ഞ തീവ്രാദയുള്ള ബോംബായിരുന്നു. അതിനുള്ളിൽ ടൈമറും സജ്ജീകരിച്ചിരുന്നു. സ്ഫോടനത്തിൽ 10 പേർക്കാണ് പരിക്കേറ്റത്. സ്ഫോടനത്തെ തുടർന്നുണ്ടായ വലിയ ശബ്‌ദത്തിൽ ചിലരുടെ കേൾവിക്കും തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
കഫേയിലെ സിസിടിവിയിൽ നിന്നും എല്ലാ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതി ബസിലാണ് എത്തിയത്. അവന്‍റെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കുകയാണ്. സ്ഥലത്ത് എഫ്എസ്എൽ, ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെന്നും അദ്ദേഹം അറിയിച്ചു.