ETV Bharat / bharat

'റിമാല്‍' കരതൊട്ടു; പശ്ചിമ ബംഗാളില്‍ നാശം വിതച്ച് കാറ്റും മഴയും - CYCLONE REMAL MAKES LANDFALL

author img

By ETV Bharat Kerala Team

Published : May 27, 2024, 6:55 AM IST

Updated : May 27, 2024, 8:39 AM IST

കൊൽക്കത്തയിൽ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന്‌ ദുരന്ത നിവാരണ സേനയുടെയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം.

CYCLONE REMAL LATEST NEWS  REMAL CYCLONE IN KOLKATA  RAINFALL IN KOLKATA  റിമാൽ ചുഴലിക്കാറ്റ്
CYCLONE REMAL (Source: ANI)

കൊൽക്കത്ത (പശ്ചിമ ബംഗാൾ): ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ഇന്നലെ ഉച്ചയോടെ തീവ്രമായ ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെയാണ് കര കയറിയത്. ബംഗ്ലാദേശിലെ സാഗര്‍ ഐലന്‍ഡിനും പശ്ചിമ ബംഗാളിലെ ഖേപുപാറയ്‌ക്കും ഇടയിലൂടെയാണ് 'റിമാല്‍' കരയിലേക്ക് പ്രവേശിച്ചത്.

ബംഗ്ലാദേശിലെ മോഗ്ലയ്‌ക്ക് സമീപത്തായിരുന്നു കാറ്റിന്‍റെ പ്രധാന ഭാഗം കരതൊട്ടത്. പരമാവധി 135 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കരയിലേക്കുള്ള കാറ്റിന്‍റെ പ്രവേശനം. ഇക്കഴിഞ്ഞ 22 ന് ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യമേഖലയില്‍ രൂപമെടുത്ത ന്യൂനമര്‍ദം 25 ഓടെയാണ് ചുഴലിക്കാറ്റായി മാറിയത്.

റിമാല്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കൊൽക്കത്തയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. നഗരത്തിലെ അലിപൂർ പ്രദേശത്ത് ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. കൊൽക്കത്ത മുനിസിപ്പാലിറ്റി സംഘത്തിന്‍റെയും കൊൽക്കത്ത പൊലീസിന്‍റെ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

വടക്കൻ ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റിന്‍റെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ വസതിയിൽ അധ്യക്ഷത വഹിച്ചു. ദേശീയ ക്രൈസിസ് മാനേജ്‌മെൻ്റ് കമ്മിറ്റി പശ്ചിമ ബംഗാൾ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

യോഗത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദ ബോസ് സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ അഭ്യർഥിക്കുകയും സർക്കാരിന്‍റെ പിന്തുണ അവർക്ക് ഉറപ്പ് നൽകുകയും ചെയ്‌തു. തെക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ കടലിലേക്കും പോകരുതെന്ന് എല്ലാ മത്സ്യത്തൊഴിലാളികളോടും നിർദേശിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ ബിബിർ ബഗാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മതിൽ തകർന്ന് ഒരാൾക്ക് പരിക്കേറ്റു. നോർത്ത്, സൗത്ത് 24 പർഗാനാസ്, കിഴക്കൻ മിഡ്‌നാപൂർ ജില്ലകളിൽ ഓട് മേഞ്ഞ വീടുകളുടെ മേൽക്കൂര പറന്നുപോയതായും വൈദ്യുത തൂണുകളും മരങ്ങളും കടപുഴകി വീഴുകയും ചെയ്‌തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ഉയർന്ന കെട്ടിടങ്ങളിൽ നിന്നും ജീർണിച്ച കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി മേയർ ഫിർഹാദ് ഹക്കിം പറഞ്ഞു. ചുഴലിക്കാറ്റിനു ശേഷമുള്ള സാഹചര്യങ്ങൾ നേരിടാൻ 15,000 ജീവനക്കാരെ അണിനിരത്തി, കടപുഴകി വീണ മരങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചതായി ഹക്കിം പറഞ്ഞു.

തെക്കൻ ബംഗാൾ ജില്ലകളിൽ കാറ്റും മഴയും കൂടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ കിഴക്കൻ മേഖലാ മേധാവി സോമനാഥ് ദത്ത സൂചിപ്പിച്ചു. കൊൽക്കത്ത ഉൾപ്പെടെ തെക്കൻ ബംഗാളിലെ ജില്ലകളിലായി 14 ദേശീയ ദുരന്ത പ്രതികരണ സേന ടീമുകളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ എസ്‌ഡിആർഎഫ് ടീമുകളെ തയ്യാറാക്കുകയും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്.

റിമാൽ ചുഴലിക്കാറ്റ് കൊൽക്കത്തയിലും തെക്കൻ ബംഗാളിലെ മറ്റ് ഭാഗങ്ങളിലും വ്യോമ, റെയിൽ, റോഡ് ഗതാഗതത്തിൽ കാര്യമായ തടസങ്ങൾ സൃഷ്‌ടിച്ചു. ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേ ചില ട്രെയിനുകൾ റദ്ദാക്കി, കൊൽക്കത്ത വിമാനത്താവളം 21 മണിക്കൂർ വിമാന പ്രവർത്തനങ്ങൾ നിർത്തിവച്ചു, ഇത് 394 വിമാനങ്ങളെ ബാധിച്ചു. വിദൂര ഓപ്പറേറ്റിംഗ് സ്റ്റേഷനുകൾ കപ്പലുകൾക്കും മുന്നറിയിപ്പ് നൽകുന്നതിനാൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കടലിൽ ജീവനോ സ്വത്തിനോ നഷ്‌ടമില്ലെന്ന് ഉറപ്പാക്കി.

ഹ്യുമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫും മെഡിക്കൽ സപ്ലൈകളും സജ്ജീകരിച്ച രണ്ട് കപ്പലുകൾ ഇന്ത്യൻ നാവികസേന തയ്യാറാക്കി കഴിഞ്ഞു. വിന്യസിക്കാൻ പ്രത്യേക ഡൈവിംഗ് ടീമുകളും വെള്ളപ്പൊക്ക ദുരിതാശ്വാസ സംഘങ്ങളും ഒരുക്കിയിട്ടുണ്ട്.

ALSO READ: റിമാല്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാൾ, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത

Last Updated : May 27, 2024, 8:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.