ETV Bharat / bharat

രേവന്ത് റെഡ്ഡിക്കെതിരെ അപകീര്‍ത്തി പരാമർശം; ബിആർഎസ് നേതാവ് കെ ടി രാമ റാവുവിനെതിരെ കേസെടുത്തു - Criminal case on KT Rama Rao

author img

By ETV Bharat Kerala Team

Published : Mar 30, 2024, 5:54 PM IST

രേവന്ത് റെഡ്ഡി കരാറുകാരിൽ നിന്നും ബിൽഡർമാരിൽ നിന്നും 2500 കോടി രൂപ പിരിച്ചെടുത്ത് കോൺഗ്രസ് നേതാക്കൾക്ക് അയച്ച് കൊടുത്തു എന്ന രാമ റാവുവിന്‍റെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് നല്‍കിയ പരാതിന്മേല്‍ നടപടി. റാവുവിനെതിരെ പൊലീസ് കേസെടുത്തു

KT RAMA RAO  BRS  TELENGANA POLITICS  CASE AGAINST KTR
Criminal case on BRS Leader KT Rama Rao

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീര്‍ത്തി പരാമർശം നടത്തിയതിന് മുൻ മന്ത്രിയും ബിആർഎസ് എക്‌സിക്യൂട്ടീവ് പ്രസിഡന്‍റുമായ കെ ടി രാമ റാവുവിനെതിരെ കേസ്. ബഞ്ചാര ഹിൽസ് പൊലീസ് സ്‌റ്റേഷനിലാണ് രാമ റാവുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കോൺഗ്രസ് നേതാവ് ബത്തിന ശ്രീനിവാസ റാവു ഹനുമകൊണ്ട സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി.

രേവന്ത് റെഡ്ഡി നിരവധി കരാറുകാരിൽ നിന്നും ബിൽഡർമാരിൽ നിന്നും 2500 കോടി രൂപ പിരിച്ചെടുത്ത് കോൺഗ്രസ് നേതാക്കൾക്ക് അയച്ച് കൊടുത്തു എന്നായിരുന്നു രാമ റാവുവിന്‍റെ ആരോപണം. ഈ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് പരാതി നൽകുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കെടിആർ ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ സൽപ്പേരിന് കോട്ടം വരുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. ആരോപണത്തില്‍ കെടിആറിന്‍റെ പക്കൽ തെളിവില്ലെന്നും ബത്തിന ശ്രീനിവാസ റാവു പറഞ്ഞു.

ശ്രീനിവാസ് റാവുവിന്‍റെ പരാതിയിൽ ഹനുമകൊണ്ട പൊലീസാണ് കേസെടുത്തത്. കെടിആര്‍ ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നതിനാൽ കേസ് പിന്നീട് ഇങ്ങോട്ട് മാറ്റുകയായിരുന്നു. ഐപിസി 504, 505(2) വകുപ്പുകൾ പ്രകാരമാണ് ബഞ്ചാര ഹിൽസ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ബിആർഎസ് നേതാവും മുൻ എംപിയും കെടിആറിന്‍റെ ബന്ധുവുമായ ജോഗിനപ്പള്ളി സന്തോഷ് കുമാറിനെതിരെയും ബഞ്ചാര ഹിൽസ് പൊലീസ് അടുത്തിടെ കേസെടുത്തിട്ടുണ്ട്. ബഞ്ചാര ഹിൽസ് റോഡ് നമ്പർ 14 ൽ വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് നവയുഗ കമ്പനി പ്രതിനിധി ചിന്താ മാധവ് നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

എന്നാല്‍ ഇതിൽ വസ്‌തുതകളില്ലെന്നും രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് കേസെടുത്തതെന്നുമാണ് സന്തോഷ്‌കുമാര്‍ പ്രതികരിച്ചത്. 2016ൽ ശ്യാംസുന്ദർ ഫുൽജലിൽ നിന്ന് ഭൂമി വാങ്ങിയിട്ടുണ്ടെന്നും അതിൽ വ്യാജമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് വർഷമായി ഇതില്‍ ഒരു നിയമ നടപടിയും ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി വാങ്ങിയ ശേഷം ഒരു നിർമാണവും അവിടെ നടത്തിയിട്ടില്ല. ശ്യാംസുന്ദർ നടത്തിയതും അതിന് മുൻപുള്ളതുമായ നിർമാണങ്ങളാണ് ഇപ്പോഴും തുടരുന്നത്. നിയമ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആദ്യം വക്കീൽ നോട്ടീസ് നൽകണം. അതില്ലാതെയും വിശദീകരണം തേടാതെയും സ്‌റ്റേഷനിൽ എങ്ങനെയാണ് കള്ളക്കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ നിയമ നടപടി നേരിടാൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭൂമി സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടുണ്ടെന്നും സന്തോഷ് കുമാർ വ്യക്തമാക്കി.

Also Read : കാവ്യയുടെ സ്ഥാനാര്‍ഥി പിന്മാറ്റം, കെകെയുടെ മടങ്ങിപ്പോക്ക്; തെലങ്കാനയില്‍ ബിആർഎസിന് തിരിച്ചടികളുടെ പരമ്പര - Heavy Backlashes For BRS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.