ETV Bharat / bharat

അരുണാചല്‍പ്രദേശിലും, സിക്കിമിലും വോട്ടെണ്ണല്‍ തീയതിയില്‍ മാറ്റം; മാറ്റിയത് നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍

author img

By ETV Bharat Kerala Team

Published : Mar 17, 2024, 8:28 PM IST

Updated : Mar 17, 2024, 11:05 PM IST

അരുണാചലിലെയും സിക്കിമിലെയും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നേരത്തെയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. നടപടി നിലവിലെ നിയമസഭകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍.

Arunachal Sikkim  Counting Date  June 2  Election2024
Counting Date For Arunachal, Sikkim Assembly Polls Advanced To June 2

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ജൂണ്‍ നാലില്‍ നിന്ന് ജൂണ്‍ രണ്ടിലേക്ക് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനൊപ്പം ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളും എണ്ണാനായിരുന്നു നേരത്തെ കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ നിലവിലെ നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ ഈ ദിവസത്തേക്ക് മാറ്റിയതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം ഈ സംസ്ഥാനങ്ങളിലെ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ തീയതിയില്‍ മാറ്റമില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ആന്ധ്രയിലും ഒഡിഷയിലും നിയമസഭ തെരഞ്ഞെടുപ്പ് ലോക്‌സഭയ്‌ക്കൊപ്പം നടക്കുന്നുണ്ട്.

അടുത്തമാസം 19നാണ് സിക്കിമില്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. സിക്കിമില്‍ ഒരു പാര്‍ലമെന്‍റ് മണ്ഡലവും 32 നിയമസഭ മണ്ഡലങ്ങളുമാണ് ഉള്ളത്. മാര്‍ച്ച് 20നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരിക. തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ തുടങ്ങാം.

മാര്‍ച്ച് 27 ആണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിനം. മാര്‍ച്ച് 28നാണ് സൂക്ഷ്‌മ പരിശോധന. മാര്‍ച്ച് 30 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഏപ്രില്‍ 19-ന് നടക്കും. രണ്ടാംഘട്ടം 26ന്. വോട്ടെണ്ണല്‍ ജൂൺ നാലിനുമാണ്. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. 543 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 97 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്‍റെ അടിസ്ഥാനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണവയും 7 ഘട്ടങ്ങളിലായി തന്നെ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

Also Read: മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷം ലക്ഷ്യമിട്ട് ബിജെപി ; പാര്‍ട്ടിയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാം

പൊതുതെരഞ്ഞെടുപ്പിന് സുരക്ഷ ഉദ്യോഗസ്ഥരടക്കം 1.5 കോടി പോളിങ്ങ് ഉദ്യോഗസ്ഥരുണ്ട്. 55 ലക്ഷം വോട്ടിങ്ങ് മെഷീനുകളും 4 ലക്ഷം വാഹനങ്ങളും തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാർ അറിയിച്ചു. പുതുതായി ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബിർ സിങ്ങ് സന്ധു എന്നിവരും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കൊപ്പമുണ്ടായിരുന്നു.

Last Updated : Mar 17, 2024, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.