ETV Bharat / bharat

'പാക്‌ അധീന കശ്‌മീര്‍ ഇന്ത്യയില്‍ ലയിക്കും'; ഇന്ത്യയെ ആക്രമിച്ചാല്‍ കയ്യും കെട്ടി ഇരിക്കില്ലെന്ന് രാജ്‌നാഥ് സിങ് - PoK will itself merge with India

author img

By ETV Bharat Kerala Team

Published : Mar 24, 2024, 8:42 PM IST

പാക് അധീന കശ്‌മീര്‍ ഇന്ത്യയില്‍ സ്വയം ലയിക്കുമെന്ന ആത്മവിശ്വാസവുമായി രാജ്‌നാഥ് സിങ്. ആരെങ്കിലും ഇന്ത്യയെ ആക്രമിച്ചാല്‍ കയ്യും കെട്ടി ഇരിക്കില്ലെന്നും പ്രതിരോധ മന്ത്രി.

POK WILL ITSELF MERGE WITH INDIA  RAJNATH SINGH  AAP KA ADALATH PROGRAMME  CHINA BOARDER ISSUES
Confident that PoK will itself merge with India: Raj Nath singh in AAP Ka Adalath Programme

ന്യൂഡല്‍ഹി: പാക് അധീന കശ്‌മീരിലെ ജനങ്ങള്‍ ഇന്ത്യയില്‍ ലയിക്കണമെന്ന ആവശ്യമുയര്‍ത്തിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അവര്‍ സ്വയം തന്നെ ഇന്ത്യയുമായി ലയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യ ടിവിയുടെ ആപ് കി അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും പരിപാടിയില്‍ ചോദ്യമുണ്ടായി. അവര്‍ക്ക് എപ്പോഴെങ്കിലും കശ്‌മീരിനെ തൊടാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് രാജ്‌നാഥ് ചോദിച്ചു. പാക് അധീന കശ്‌മീരിനെക്കുറിച്ച് അവര്‍ ആശങ്കപ്പെടേണ്ടതുണ്ട്. തങ്ങള്‍ക്കവരെ ആക്രമിച്ച് അധീനപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഒന്നരവര്‍ഷം മുമ്പ് തന്നെ താന്‍ പറഞ്ഞതാണ്, കാരണം അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ തന്നെ തങ്ങളോടൊപ്പം ചേരണമെന്ന വികാരം ഉണര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് താനിപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. തങ്ങള്‍ ആരെയും ആക്രമിക്കാന്‍ പോകുന്നില്ല. ലോകത്ത് ഒരു രാജ്യത്തെയും ആക്രമിക്കാത്ത സ്വഭാവമാണ് ഇന്ത്യയുടേത്. ആരുടെയും ഒരിഞ്ച് ഭൂമി പോലും തങ്ങള്‍ കൈവശപ്പെടുത്താറുമില്ല. എന്നാല്‍ പാക് അധീന കശ്‌മീര്‍ നമ്മുടേതാണ്. അത് സ്വയം തന്നെ നമ്മളിലേക്ക് വന്ന് ചേരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പാകിസ്ഥാന്‍ അധിനിവേശം മൂലം തങ്ങള്‍ ആകെ പെട്ടു പോയിരിക്കുകയാണെന്നും ഇന്ത്യയോട് ചേരാന്‍ ആഗ്രഹിക്കുന്നെന്നും പാക് അധീന കശ്‌മീരിലെ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനായ അംജദ് അയൂബ് മിര്‍സ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇക്കാര്യം പലരും തന്നോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പുറത്ത് വിട്ട ഒരു വീഡിയോയില്‍ പറഞ്ഞു. തങ്ങള്‍ ഔദ്യോഗികമായി ഇന്ത്യാക്കാരാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാനില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ചെറിയൊരു വിജയം മാത്രമാണ് നേടാനായത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഇന്ത്യാക്കാര്‍ക്ക് മികച്ച വിജയം സമ്മാനിക്കും. എന്നാല്‍ ഞങ്ങള്‍ പാക് അധീന കശ്‌മീരികള്‍ എത്രനാള്‍ പാകിസ്ഥാന്‍റെ അടിച്ചമര്‍ത്തല്‍ സഹിക്കണമെന്നും അദ്ദേഹം ചോദിക്കുന്നു. എപ്പോള്‍ തങ്ങള്‍ക്ക് ഇന്ത്യയുമായി യോജിക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈന അക്രമിച്ചാല്‍ എന്ത് ചെയ്യും: ചൈന ഇന്ത്യയെ അക്രമിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അവര്‍ക്ക് അത്തരം അബദ്ധങ്ങള്‍ കാട്ടാതിരിക്കാന്‍ ദൈവം നല്ല ബുദ്ധി നല്‍കട്ടെ എന്നായിരുന്നു രാജ്‌നാഥിന്‍റെ മറുപടി. നമ്മള്‍ ആരെയും അക്രമിക്കാന്‍ പോകാറില്ലെങ്കിലും ആരെങ്കിലും നമ്മളെ ആക്രമിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്ലാ അയല്‍രാജ്യങ്ങളുമായി നമ്മള്‍ നല്ല ബന്ധത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബന്ധങ്ങള്‍ സൂക്ഷിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ അത് മുഴുവന്‍ നമ്മുടെ ആത്മാഭിമാനത്തിന്‍റെ ചെലവിലാകരുത്. ആരെങ്കിലും നമ്മുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചാല്‍ ശക്തമായ മറുപടി നല്‍കും. അയല്‍ക്കാരുമായി നമുക്ക് നല്ല ബന്ധമുണ്ടാകണം. കാരണം അടല്‍ജി പറഞ്ഞിരുന്നു നമുക്ക് സുഹൃത്തുക്കളെ മാറ്റാനാകും. എന്നാല്‍ അയല്‍ക്കാരെ മാറ്റാനാകില്ല എന്ന്. ചൈനയില്‍ നിന്നുള്ള ഭീഷണികള്‍ ഇന്ത്യ നേരിടുക തന്നെ ചെയ്യും. ഇന്ത്യ ലോകത്ത ശക്തമായ ഒരു രാജ്യമായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന് മറുപടി: ചൈന ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലം സ്വന്തമാക്കിയെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതില്‍ രാജ്‌നാഥ് ദുഃഖം രേഖപ്പെടുത്തി. ചൈന 1962 ല്‍ ഇന്ത്യയോട് ചെയ്‌തതൊന്നും ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് പറഞ്ഞു. നമ്മുടെ ഒരിഞ്ച് ഭൂമി പോലും ആരും കൊണ്ടുപോകില്ല. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കാരണം ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. ചര്‍ച്ചകള്‍ ശരിയായ ദിശയിലാണ്. മറിച്ചായിരുന്നെങ്കില്‍ എന്തെങ്കിലും വെളിപ്പെടുത്താമായിരുന്നു. കൂടുതല്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്. അത് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരിയില്‍ ഇന്ത്യയും ചൈനയും 21 -ാം വട്ട കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടത്തിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെയും ചുഷുല്‍ മോല്‍ഡോ അതിര്‍ത്തിയിലെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം പ്രസ്‌താവന ഇറക്കിയിരുന്നു. 2020ഏപ്രില്‍ മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുകയാണ്. ഫിംഗര്‍ ഏര്യ, ഗാല്‍വന്‍ താഴ്‌വര, ഹോട്ട് സ്പ്രിഗ്‌സ് കോന്‍ഗ്രുഗ് നാള തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുകള്‍.

2020 ജൂണില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായി. ഇന്ത്യന്‍ സൈനികര്‍ കാട്ടിയ ധൈര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. കര, വ്യോമ,നാവിക സേനകളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമായിരുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് സാധാരണക്കാര്‍ അറിയേണ്ടതാണ്. എങ്കിലേ നമ്മുടെ സൈനികരോടുള്ള അവരുടെ ബഹുമാനം വര്‍ദ്ധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യം ഒരു വെടി പോലും ഉതിര്‍ത്തില്ല. കായികമായാണ് ചൈനയെ നേരിട്ടത്. യുദ്ധത്തില്‍ ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്‌ടമായി. അവരുടെ സൈനികരുടെ എണ്ണം ചൈന വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ക്ക് ജീവന്‍ നഷ്‌ടമായതായാണ് വിദേശ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

Also Read: കടൽക്കൊള്ളയും കള്ളക്കടത്തും വെച്ചുപൊറുപ്പിക്കില്ല; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു

നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന നിര്‍മാണങ്ങള്‍ നടത്തുന്നുണ്ട്. ദീര്‍ഘകാലമായി ഇത് തുടരുന്നു. വളരെ വേഗത്തിലാണ് നിര്‍മ്മാണം. ഇത് തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നമ്മളും അവിടെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ തുടങ്ങി. മോദി ഭീരുവാണെന്ന് ഒരാള്‍ക്ക് എങ്ങനെ പറയാനാകുന്നു എന്നാണ് പ്രധാനമന്ത്രി ചൈനയെ ഭയക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയോട് രാജ്‌നാഥ് പ്രതികരിച്ചത്. ഭയക്കുന്നത് അദ്ദേഹത്തിന്‍റെ സ്വഭാവമല്ല. ഭയക്കാനൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.