ETV Bharat / bharat

അമരാവതി ഇന്നർ റിങ് റോഡ് കേസ്; ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ള നേതാക്കള്‍‌ക്കെതിരെ കുറ്റപത്രം

author img

By ETV Bharat Kerala Team

Published : Feb 9, 2024, 10:10 AM IST

ഇന്നർ റിങ് റോഡ് പദ്ധതിയിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തല്‍. കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം.

Chandrababu Naidu  Amaravati Inner Ring Road Case  ഇന്നർ റിംഗ് റോഡ് പദ്ധതി  എൻ ചന്ദ്രബാബു നായിഡു  ടിഡിപി അധ്യക്ഷൻ
Charge Sheet Filed Against Chandrababu Naidu

അമരാവതി (ആന്ധ്രാപ്രദേശ്) : അമരാവതി ഇന്നർ റിങ് റോഡ് മാസ്റ്റർ പ്ലാൻ കേസിൽ ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആന്ധ്രാപ്രദേശ് സിഐഡി വിജയവാഡയിലെ എസ്‌പിഇ, എസിബി കേസുകളുടെ മൂന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ സിഐഡി ഉദ്യോഗസ്ഥരാണ് കുറ്റപത്രം സമർപ്പിച്ചത്.

എൻ ചന്ദ്രബാബു നായിഡുവിനെ കൂടാതെ, മറ്റു ടിഡിപി നേതാക്കളും മുൻ മന്ത്രിമാരായ പി നാരായണ, നാരാ ലോകേഷ്, റിയൽ എസ്റ്റേറ്റുകാരായ ലിംഗമനേനി രാജശേഖർ, ലിംഗമനേനി രമേഷ് എന്നിവരെയും സിഐഡി കേസിൽ മുഖ്യപ്രതികളാക്കിയിട്ടുണ്ട് (Charge Sheet Filed Against Chandrababu Naidu). ഇന്നർ റിങ് റോഡ് പദ്ധതിയിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചതിന് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 120 (ബി), ഐപിസി 409, 420, 34, 35, 36, 37, സെക്ഷൻ 13 (2) ആർ/ഡബ്ല്യു 13(1)(സി) & (ഡി) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

എൻ ചന്ദ്രബാബു നായിഡുവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട ഹെറിറ്റേജ് ഫുഡ്‌സിനും, നാരായണയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രയോജനം ചെയ്യുന്ന തരത്തിലാണ് പ്രതികൾ അമരാവതി ഇന്നർ റിങ് റോഡും മാസ്റ്റർ പ്ലാനും രൂപകൽപന ചെയ്‌തതെന്നാണ് സിഐഡിയുടെ വാദം. അമരാവതി മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് സിംഗപ്പൂർ, ആന്ധ്രാപ്രദേശ് സർക്കാരുകൾ തമ്മിൽ ധാരണാപത്രം ഉണ്ടെന്ന് പ്രതികൾ സർക്കാരിനെയും മന്ത്രിസഭയേയും തെറ്റിദ്ധരിപ്പിച്ചു. പക്ഷേ, അത്തരം ജി2ജി ധാരണാപത്രം ഇല്ലായിരുന്നു. മാത്രമല്ല ധാരണാപത്രത്തിന് ആവശ്യമായ അനുമതി കേന്ദ്രത്തിൽ നിന്നും നേടിയിട്ടുമില്ല (Amaravati Inner Ring Road Case).

നോമിനേഷൻ അടിസ്ഥാനത്തിൽ വിദേശ മാസ്റ്റർ പ്ലാനർ സുർബാന ജുറോംഗിനെ നിയമിക്കുകയും അവർക്ക് കോടിക്കണക്കിന് രൂപ ഫീസായി നൽകുകയും ചെയ്‌തതായും അന്വേഷണ ഏജൻസി ആരോപിച്ചു. ലിംഗമനേനിമാരുടെ ഭൂമിയോടും, ഹെറിറ്റേജ് ഫുഡ്‌സ്, നാരായണ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ എന്നിവയുടെ ഭൂമിയോടും ചേർന്ന് കടന്നുപോകുന്ന രീതിയിലാണ് ഇന്നർ റിങ് റോഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രതികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഇന്നർ റിങ് റോഡും, സീഡ് ഡെവലപ്‌മെന്‍റ് ഏരിയയും, സ്റ്റാർട്ടപ്പ് ഏരിയയും ഉള്ള തരത്തിലാണ് മാസ്റ്റർ പ്ലാൻ.

നാരായണ തന്‍റെ ബന്ധുക്കളുടെ പേരിൽ 58 ഏക്കറോളം ഭൂമി വാങ്ങിയെന്നും നായിഡുവുമായി ഗൂഢാലോചന നടത്തിയാണ് ഈ ഭൂമിയോട് ചേർന്ന് സീഡ് ക്യാപിറ്റൽ ഏരിയ രൂപകൽപന ചെയ്‌തതെന്നും സിഐഡി പറയുന്നു. പൊതു ഖജനാവിൽ നിന്ന് 5,500 കോടി രൂപ ചെലവഴിച്ച് തലസ്ഥാന നഗരത്തില്‍ ആദ്യം വികസനമെത്തുന്ന പ്രദേശമായി ഇതിനെ മാറ്റുമെന്നുമായിരുന്നു അവരുടെ വാഗ്‌ദാനം. എന്നാല്‍ വാഗ്‌ദാനങ്ങള്‍ ഒന്നും തന്നെ നടപ്പിലായില്ലെന്നും, അഴിമതി മാത്രമാണ് നടന്നതെന്നും സിഐഡി കുറ്റപത്രത്തില്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.