ETV Bharat / bharat

കേരളത്തിന് അധിക സാമ്പത്തിക സഹായം നൽകുന്നത് യുക്തിയല്ല; ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

author img

By ETV Bharat Kerala Team

Published : Mar 13, 2024, 9:49 PM IST

കേരളത്തിന് അധിക സാമ്പത്തിക സഹായം നൽകുന്നത് യുക്തിയല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. കേരളത്തിൻ്റെ അഭ്യർത്ഥന അംഗീകരിച്ചാൽ മറ്റ് സംസ്‌ഥാനങ്ങളും രംഗത്ത് വരുമെന്നും കേന്ദ്രം.

Supreme Court  Kerala Vs Centre  Government of Kerala  Kerala Borrowing
Centre says It is Not Prudent to finance Kerala

ന്യൂഡൽഹി: കേരളത്തിന് അധിക സാമ്പത്തിക സഹായം നൽകുന്നത് യുക്തിയല്ലെന്നും അത് സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. നിബന്ധനകൾക്ക് വിധേയമായി 5000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി നൽകാമെന്നും കേന്ദ്രം സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു. എന്നാൽ ഈ വാഗ്‌ദാനം നിരസിച്ച കേരളം 10,000 കോടി രൂപയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

കോടതിയുടെ നിർദ്ദേശം പരിഗണിച്ച് വളരെ സവിശേഷവും അസാധാരണവുമായ നടപടിയെന്ന നിലയിൽ, കേരളത്തിന്‍റെ പെൻഷൻ, ശമ്പളം, മറ്റ് ചെലവുകൾ എന്നിവയുടെ സാമ്പത്തിക വർഷാവസാന ബാധ്യതകൾ നിറവേറ്റി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 5000 കോടി രൂപ അനുവദിക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അറിയിച്ചു.

2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തേക്ക് ഈ 5,000 കോടി രൂപ കേരളത്തിലെ നെറ്റ് ബോറോയിംഗ് സീലിങിൽ നിന്ന് (എൻബിസി) കുറയ്ക്കുമെന്ന വ്യവസ്ഥ വിധേയമാകുമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. കൂടാതെ, 2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് അഡ്-ഹോക്ക് കടമെടുപ്പ് അനുവദിക്കില്ല. സർക്കാരിൽ നിന്ന് നിശ്ചിത വിവരങ്ങളും രേഖകളും ലഭിച്ചതിന് ശേഷം മാത്രമേ 2024-25 ൽ വായ്‌പയെടുക്കുന്നതിനുള്ള സമ്മതം സംസ്ഥാന സര്‍ക്കാരിന് നൽകൂ എന്നും കേന്ദ്രം നിലപാടെടുത്തു.

2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 6,664 കോടി രൂപ കടമെടുത്ത സംസ്ഥാന സർക്കാരിന് സാമ്പത്തികം കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് കേന്ദ്രത്തിൻ്റെ കുറിപ്പിൽ പറയുന്നു. 2023-24 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ 9 മാസത്തേക്ക് സംസ്ഥാനത്തിന് മൊത്തം 21,852 കോടി രൂപ കടമെടുക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കണം, അതായത് പ്രതിമാസം ശരാശരി 2,428 കോടി രൂപ. എന്നിരുന്നാലും, ഇത് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ 6 മാസത്തിനുള്ളിൽ പ്രതിമാസം ശരാശരി 3,642 കോടി രൂപ വീതം എടുത്ത് സംസ്ഥാനം തീർത്തു. അതിനാൽ മുൻകാല ചെലവ് പ്രവണത കണക്കിലെടുത്താൽ, ആദ്യ 9 മാസത്തേക്ക് 6,664 കോടി രൂപ കൈകാര്യം ചെയ്യാൻ കേരള സംസ്ഥാന സർക്കാരിന് കഴിയില്ല, അതായത് പ്രതിമാസം 740 കോടി രൂപ. ഇത് എല്ലാം കേരളത്തിലെ ജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

15-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൻ്റെ ആകെ കടമെടുപ്പ് പരിധി മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജിഎസ്‌ഡിപി) 3% ആണ്. 2024-25 ൽ കേരളത്തിൻ്റെ ജിഎസ്‌ഡിപിയായി പ്രതീക്ഷിക്കുന്നത് 11,19,906 കോടി രൂപയാണെന്നും കേന്ദ്രം കുറിപ്പിൽ കോടതിയെ അറിയിച്ചു.

Also Read: അഞ്ചാം ദിനവും ശമ്പളമില്ല; പ്രതിസന്ധിയില്‍ വലഞ്ഞ് സര്‍ക്കാര്‍ ജീവനക്കാര്‍, സമരം ഇന്നും തുടരും

“പ്രവചിക്കപ്പെട്ട ജിഎസ്‌ഡിപിയെ അടിസ്ഥാനമാക്കി, 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൻ്റെ അറ്റ വായ്‌പ പരിധി 33,597 കോടി രൂപയാണ്. ഇതിൽ, 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നടത്തിയ ബജറ്റിന് പുറത്തുള്ള കടമെടുപ്പിന് 4,711 കോടി രൂപ കിഴിവ് നൽകണം. തൽഫലമായി, 2024-25 ലെ സംസ്ഥാനത്തിൻ്റെ നെറ്റ് ബോറോയിങ് സീലിങ് (എൻബിസി) 28,886 കോടി രൂപയാകും. സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്തം കടമെടുക്കൽ പരിധിയുടെ 75% എടുക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം, അതായത് 21,664 കോടി രൂപ. ഈ തുകയിൽ സംസ്ഥാനം ആവശ്യപ്പെടുന്ന 15,000 കോടി രൂപ വായ്‌പയെടുക്കുന്നതിനുള്ള സമ്മതപത്രം 2024 മാർച്ചിൽ മുൻകൂറായി നൽകിയാൽ, സംസ്ഥാനത്തിൻ്റെ ആദ്യ 9 മാസത്തെ ആവശ്യകതകൾ നിറവേറ്റുന്നതിന് 6,664 കോടി രൂപ മാത്രമേ ബാക്കി കാണൂ." കേന്ദ്രം വ്യക്തമാക്കി.

വാദത്തിനിടെ, കേരള സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു, 5,000 കോടി തികയില്ലെന്നും ഏറ്റവും കുറഞ്ഞ ആവശ്യം 10,000 കോടിയാണെന്നും കോടതിയെ ബോധിപ്പിച്ചു. സംസ്ഥാനത്തിന് വായ്‌പയെടുക്കാൻ അർഹതയില്ലെന്ന അനുമാനത്തിലാണ് അഡീഷണൽ സോളിസിറ്റർ കുറിപ്പ് നല്‍കിയതെന്നും സിബൽ പറഞ്ഞു. എന്നാൽ കടം വാങ്ങുന്നതിനുള്ള സമ്മതം നൽകുന്നതിന് കേന്ദ്രം ഏകീകൃതവും വിവേചനരഹിതവുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ പറഞ്ഞു.

ഇരുവരുടെയും വാദം കേട്ടശേഷം അഡീഷണൽ സോളിസിറ്റർ ജനറൽ സമർപ്പിച്ച കുറിപ്പിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും ഈ ശ്രമങ്ങളെ കോടതി അഭിനന്ദിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു. “മിസ്‌റ്റർ സിബൽ, ഈ വർഷത്തെ (2023-24) സാമ്പത്തിക മാനേജ്‌മെൻ്റിനെക്കുറിച്ച് അവർ ചില ന്യായവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നിങ്ങളുടെ നിലപാട് എന്താണ്, അടുത്ത വർഷം എന്താണ് പ്രതീക്ഷിക്കുന്നത്?” എന്ന് ബെഞ്ച് കപിൽ സിബലിനോട് ആരാഞ്ഞു.

5,000 കോടി വാങ്ങിക്കൂടേയെന്നു കോടതി കേരളത്തോടു ചോദിച്ചെങ്കിലും സംസ്ഥാന സർക്കാർ വേണ്ടെന്ന് നിലപാടെടുത്തു. കോടതി ഹര്‍ജി തള്ളിയാലും കേന്ദ്രത്തിന് വഴങ്ങാനാവില്ലെന്ന് കപിൽ സിബൽ നിലപാടെടുത്തു. 'ഞങ്ങളുടെ ഹര്‍ജി തള്ളണം എന്ന ഉദ്ദേശത്തിലാണ് എഎസ്‌ജിയുടെ നിര്‍ദേശം. അതുകൊണ്ടാണ് അടുത്ത സാമ്പത്തിക വർഷത്തിലെ ചില വായ്പകൾ തടഞ്ഞ് ഞങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നത്. 5,000 കോടി രൂപ ഞങ്ങൾക്ക് ഒന്നുമാകില്ല. യാതൊരു നിബന്ധനയുമില്ലാതെ ഏറ്റവും കുറഞ്ഞത് 10,000 കോടി രൂപയാണ് ഞങ്ങള്‍ക്ക് ആവശ്യം' - അദ്ദേഹം പറഞ്ഞു. എന്നാൽ കേരളത്തിൻ്റെ അഭ്യർത്ഥന അംഗീകരിച്ചാൽ ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള മറ്റ് സംസ്ഥാനങ്ങളുടെ അഭ്യർത്ഥന തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കേന്ദ്രസർക്കാർ ആശങ്ക പങ്കുവച്ചു.

Also Read: സാമ്പത്തിക പ്രതിസന്ധി ഒഴിയാതെ കേരളം; കേന്ദ്രം അനുവദിച്ച തുക ലഭിച്ചാലും പ്രശ്‌നങ്ങളുണ്ടാകും - ധനമന്ത്രി

എഎസ്‌ജി സമർപ്പിച്ച നിബന്ധനകളില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ കോടതി,കേന്ദ്ര നിര്‍ദേശങ്ങളെ അഭിനന്ദിച്ചു. നിലവിലുള്ള വ്യവസ്ഥകളനുസരിച്ച് 5,000 കോടി എന്നത് 10,000 കോടി രൂപ ആക്കാന്‍ ആവശ്യപ്പെടാന്‍ മാത്രമേ കഴിയൂ എന്ന് സുപ്രീം കോടതി അറിയിച്ചു. ഇത് സംബന്ധിച്ച ചർച്ചകൾ നിങ്ങൾക്ക് തുടരാമെന്നും ഇപ്പോള്‍ 5,000 കോടി രൂപ സ്വീകരിക്കൂ എന്നും കോടതി അറിയിച്ചു. വിഷയത്തില്‍ വാദം കേള്‍ക്കുന്നത് അടുത്തയാഴ്‌ചയിലേക്ക് നീട്ടണമെന്ന് ബെഞ്ചിനോട് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. തുടർന്ന് കോടതി മാർച്ച് 21 ലേക്ക് ഹര്‍ജി മാറ്റിവച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.