ETV Bharat / bharat

വോട്ടര്‍മാരുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന: ബിജെപി സ്ഥാനാര്‍ഥി മാധവി ലതയ്‌ക്കെതിരെ കേസ് - Case Against Madhavi Latha

author img

By ETV Bharat Kerala Team

Published : May 13, 2024, 6:13 PM IST

നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്. ഹൈദരാബാദ് മണ്ഡലത്തിലെ പോളിങ് ബൂത്തിലെത്തിയ സ്‌ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയതിനാണ് കേസ്. വോട്ടര്‍മാരെ പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് മാധവി ലതയുടെ പ്രതികരണം.

BJP CANDIDATE MADHAVI LATHA  വോട്ടര്‍മാരുടെ ബുര്‍ഖ അഴിച്ചുമാറ്റി  ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്  CASE AGAINST BJP CANDIDATE
K Madhavi Latha Case (Source: ETV Bharat Network)

ഹൈദരാബാദ് : വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയ സ്‌ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്. ബിജെപി സ്ഥാനാര്‍ഥി കെ മാധവി ലതയ്‌ക്കെതിരെയാണ് കേസ്. പര്‍ദ്ദയും ബുര്‍ഖയും ധരിച്ച് ഹൈദരാബാദ് മണ്ഡലത്തിലെ പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരോട് മുഖം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയും അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും ചെയ്‌തതിനാണ് കേസെടുത്തത്.

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തത്. വീഡിയോ പ്രചരിച്ചതോടെ സ്ഥാനാര്‍ഥിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാന്‍ ആരാണ് മാധവി ലതയ്‌ക്ക് അധികാരം നല്‍കിയതെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചോദിച്ചു. വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആളിക്കത്തുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യം : പോളിങ് ബൂത്തിലെത്തിയ സ്‌ത്രീയോട് അവര്‍ ധരിച്ച ബുര്‍ഖ മാറ്റാന്‍ സ്ഥാനാര്‍ഥി ആവശ്യപ്പെടുന്നു. പിന്നാലെ സ്ഥാനാര്‍ഥി തന്നെ ബുര്‍ഖ ഉയര്‍ത്തുകയും തുടര്‍ന്ന് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും ചെയ്‌തു. അതിന് ശേഷം തൊട്ടടുത്ത് ഇരിക്കുന്ന മറ്റൊരു വോട്ടറോടും സമാന രീതിയില്‍ പെരുമാറുന്നു.

അവരുടെയും ബുര്‍ഖ ലത തന്നെ വലിച്ച് മാറ്റുന്നുണ്ട്. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച സ്ഥാനാര്‍ഥി നിങ്ങള്‍ ആരാണെന്ന് ചോദിക്കുകയും ചെയ്‌തു. ആരാണെന്ന് തെളിയിക്കാന്‍ മറ്റൊരു തെളിവ് കാണിക്കാനും സ്ഥാനാര്‍ഥി ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട പോളിങ് ഉദ്യോഗസ്ഥനെത്തി എല്ലാം കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് ലതയോട് പറയുന്നതും വീഡിയോയിലുണ്ട്.

കലക്‌ടറുടെ പോസ്റ്റ് : 'ബിജെപി സ്ഥാനാർഥി ശ്രീമതി മാധവി ലതയ്‌ക്കെതിരെ ഐപിസി സെക്ഷന്‍ 171 സി, 186, 505(1)(സി) എന്നീ വകുപ്പുകൾ പ്രകാരം മലക്‌പേട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്' -സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍ക്ക് മറുപടിയായി ഹൈദരാബാദ് കലക്‌ടര്‍ കുറിച്ചു.

ലതയുടെ പ്രതികരണം : സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി സ്ഥാനാര്‍ഥി ലത രംഗത്തെത്തി. വോട്ടര്‍മാരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും ലത പറഞ്ഞു. താനൊരു സ്ഥാനാര്‍ഥിയാണ്. വോട്ട് ചെയ്യാനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ട്.

ഞാൻ ഒരു പുരുഷനല്ല ഒരു സ്‌ത്രീയാണ്. വളരെ വിനയത്തോടെയാണ് ഞാൻ അവരോട് രേഖകള്‍ ആവശ്യപ്പെട്ടത്. ആരെങ്കിലും അതിൽ വലിയ പ്രശ്‌നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഭയപ്പെടുന്നുവെന്നാണ് അര്‍ഥമെന്നും സ്ഥാനാര്‍ഥി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ലത ആഞ്ഞടിച്ചു. വോട്ടര്‍മാരെ പരിശോധിക്കുന്നതിനായി വനിത കോണ്‍സ്റ്റബിളുമാരെ ചുമതലപ്പടുത്താന്‍ പൊലീസ് ആഗ്രഹിക്കുന്നില്ല. ഇതിനെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ അത് തന്‍റെ ഉത്തരവാദിത്വമല്ലെന്നായിരുന്നു മറുപടിയെന്നും ലത കുറ്റപ്പെടുത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിൽ ഹൈദരാബാദിലെ അമൃത വിദ്യാലയത്തിലെ പോളിങ് സ്റ്റേഷനിലാണ് ലത വോട്ട് രേഖപ്പെടുത്തിയത്. നാല് തവണ ലോക്‌സഭ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസിയാണ് ലതയുടെ എതിരാളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.