ETV Bharat / bharat

കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജി അഭിജിത് ഗംഗോപാധ്യായ രാജിവെക്കുന്നു; രാഷ്ട്രീയത്തിൽ പ്രവേശിക്കും

author img

By ETV Bharat Kerala Team

Published : Mar 3, 2024, 10:52 PM IST

Abhijit Gangopadhyay  Calcutta High Court Judge  കൊൽക്കത്ത ഹൈക്കോടതി  ജഡ്‌ജി അഭിജിത് ഗംഗോപാധ്യായ  ജഡ്‌ജി
Calcutta HC judge Abhijit Gangopadhyay decided resign

ജസ്റ്റിസിന്‍റെ തീരുമാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് കടന്നാക്രമിച്ചെങ്കിലും മറ്റു പാര്‍ട്ടികള്‍ ജാഗ്രതയോടെയാണ് പ്രതികരിച്ചത്.

കൊൽക്കത്ത : ബംഗാളിലെ വിദ്യാഭ്യാസ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞ കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജി അഭിജിത് ഗംഗോപാധ്യായ സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചതായി അറിയിച്ചു.(Calcutta High Court Judge Abhijit Gangopadhyay decided to resign). മാര്‍ച്ച് 5 ന് രാജി സമര്‍പ്പിക്കുമെന്നാണ് ജഡ്‌ജി അറിയിച്ചത്.ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഗംഗോപാധ്യായ രാജിക്കാര്യം വെളിപ്പെടുത്തിത്. 5-ന് രാഷ്ട്രപതിക്ക് രാജിക്കത്ത് അയക്കും.

'വളരെ വലിയ ആലോചനകൾക്ക് ശേഷം ഞാൻ കൽക്കട്ട ഹൈക്കോടതി ജഡ്‌ജി സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചു. നാളെ കോടതിയിൽ പോകാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ ചില നടപടി ക്രമങ്ങൾ മാത്രമേ പൂര്‍ത്തിയാക്കുകയുള്ളൂ. ഒരു കേസിലും വിധി പറയില്ല. മാർച്ച് 5 ന് രാജിക്കത്ത് ചീഫ് ജസ്റ്റിസിനും രാഷ്‌ട്രപതിക്കും അയയ്ക്കും. വിശാലമായ സാമൂഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ജഡ്‌ജിയായിക്കൊണ്ട് എനിക്ക് അതിന് കഴിയില്ല.' ജസ്റ്റിസ് ഗംഗോപാധ്യായ പറഞ്ഞു.

സജീവ രാഷ്‌ട്രീയത്തിൽ പ്രവേശിക്കാന്‍ തീരുമാനിച്ചതായും ജസ്റ്റിസ് പറഞ്ഞു.ഏത് രാഷ്‌ട്രീയ പാർട്ടി എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും തൃണമൂൽ കോൺഗ്രസിൽ ചേരില്ല എന്ന് മാത്രമേ പറയാനുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. വാസ്‌തവത്തിൽ, ചില തൃണമൂൽ നേതാക്കൾ നടത്തിയ വെല്ലുവിളിയാണ് ഈ തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.'സംസ്ഥാനം ഭരിക്കുന്ന പാർട്ടി മര്യാദയില്ലാത്ത വാക്കുകളാണ് സംസാരിച്ചത്. മഹത്തായ മൗര്യ രാജ്യത്തിന്‍റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. ഇന്ന് നമ്മളിവിടെ കാണുന്നത് കള്ളന്മാരുടെയും കൊള്ളക്കാരുടെയും രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആർട്ടിക്കിൾ 217 അനുസരിച്ച് ഞാൻ രാജിവെക്കുമെന്നും അത് പിന്‍വലിക്കാനുള്ള സാധ്യതയ ഇല്ലെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളിൽ നിന്ന് തനിക്ക് എപ്പോഴും പിന്തുണ ലഭിക്കുന്നുണ്ടെന്നു പറഞ്ഞ ജസ്റ്റിസ്, അഴിമതിക്കെതിരായ പ്രവർത്തനങ്ങള്‍ക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണക്ക് നന്ദിയും രേഖപ്പെടുത്തി. ഭാവി കാര്യങ്ങളെ കുറിച്ച് അടുത്ത ചൊവ്വാഴ്‌ച വീണ്ടും സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജസ്റ്റിസിന്‍റെ തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടായത്. തൃണമൂൽ കോൺഗ്രസ് ഗംഗോപാധ്യായയുടെ തീരുമാനത്തെ കടന്നാക്രമിച്ചു. എന്നാല്‍ ബി.ജെ.പി.യും സി.പി.ഐ.എമ്മും കോൺഗ്രസും ജാഗ്രതയോടെയാണ് വിഷയത്തെ സമീപിച്ചത്.

അഭിജിത് ഗംഗോപാധ്യായ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതില്‍ പാർട്ടിക്ക് പ്രത്യേകിച്ച് ആശങ്കയില്ലെന്ന് മുൻ രാജ്യ സഭാംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഡോ.ശാന്തനു സെൻ ഇടിവി ഭാരതിനോട് പറഞ്ഞു. 'അഭിജിത് ഗംഗോപാധ്യായയുടെ രാഷ്ട്രീയ പ്രവേശനം ഒരു വാർത്തയേ അല്ല. ഒരു രാഷ്‌ട്രീയ നേതാവിനെ പോലെയാണ് അദ്ദേഹം ഏറെക്കാലമായി പെരുമാറിക്കൊണ്ടിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹം രാജി വെക്കാനിരുന്നത്.

എന്നാൽ ഇന്ന് ഈ വാർത്ത പുറത്തുവരുന്നതിന് പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്.ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥി പവൻ സിംഗ് മത്സരത്തിൽ നിന്ന് പിന്മാറിയതോടെ അസൻസോളിൽ ബിജെപിക്ക് നേരിട്ട തിരിച്ചടി മറച്ചുവെക്കാനായാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.' ശാന്തനു സെൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ജുഡീഷ്യറിയെ രാഷ്‌ട്രീയവൽക്കരിക്കുകായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ജസ്റ്റിസ് ഗംഗോപാധ്യായ സിപിഎമ്മില്‍ ചേർന്ന് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാര്‍ത്തകള്‍ സിപിഐഎമ്മും നിഷേധിച്ചിട്ടില്ല.പാർട്ടി അംഗങ്ങളല്ലാത്തവർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സംഭവങ്ങൾ മുമ്പ് നിരവധി ഉണ്ടായിട്ടുണ്ട്. 1993-ല്‍ ചൗരിംഗി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പ്രശസ്‌ത നടൻ അനിൽ ചാറ്റർജി ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പ്രശസ്‌ത ഗായകൻ അജിത് പാണ്ഡെ ബൗബസാർ നിയമസഭാ സീറ്റിൽ നിന്ന് വിജയിച്ചു. അതുപോലെ, ജസ്റ്റിസ് ഗംഗോപാധ്യായയ്ക്ക് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിക്കാനും ഏത് രാഷ്‌ട്രീയ പാർട്ടിയിൽ നിന്നും പിന്തുണ നേടാനും സാധിക്കും. അദ്ദേഹത്തെപ്പോലെ അനുഭവസമ്പത്തുള്ളവർ രാഷ്‌ട്രീയത്തിൽ പ്രവേശിച്ച് ജനങ്ങൾക്ക് നന്മ ചെയ്യണമെന്നാണ് ഞങ്ങളും കരുതുന്നത് എന്നാണ് ഒരു മുതിർന്ന സി.പി.എം നേതാവ് പ്രതികരിച്ചത്.

Also Read : ബംഗാളി സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം; സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബിജെപി രാജ്യസഭാ സ്ഥാനാർത്ഥി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.