ETV Bharat / bharat

ബിജെപി പ്രവര്‍ത്തകയുടെ കൊലപാതകം: പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധം, വോട്ടെടുപ്പ് 25ന് - BJP Protest In Nandigram

author img

By ETV Bharat Kerala Team

Published : May 23, 2024, 6:58 PM IST

ബിജെപി പ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നില്‍ ടിഎംസിയെന്ന് ബിജെപി. ആരോപണങ്ങള്‍ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്.

BJP WORKER KILLED  BJP WORKER HACKED TO DEATH  BJP PROTEST AGAINST TMC  ബിജെപി പ്രവര്‍ത്തകയുടെ കൊലപാതകം
BJP Protest In Nandigram (ETV Bharat)

കൊല്‍ക്കത്ത: ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തക വെട്ടേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ബിജെപി. നന്ദിഗ്രാമിലെ റോഡുകള്‍ ഉപരോധിച്ച പ്രവര്‍ത്തകര്‍ വാഹനങ്ങളുടെ ടയറുകള്‍ കത്തിക്കുകയും കടകള്‍ അടപ്പിക്കുകയും ചെയ്‌തു.

സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി നന്ദിഗ്രാമില്‍ ബന്ദിന് ആഹ്വാനം ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് തങ്ങളുടെ പ്രവര്‍ത്തകയെ വെട്ടിക്കൊലപ്പെടുത്തിയതെന്നും അവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രവര്‍ത്തകരെയും മര്‍ദിച്ചിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരുടെ നില ഗുരുതരമാണെന്നും അവരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കൊലപാതകത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് (മെയ്‌ 23) രാവിലെ ബിജെപി പ്രവർത്തകർ നന്ദിഗ്രാം പൊലീസ് സ്റ്റേഷനിലേക്ക് ധര്‍ണയും നടത്തിയിരുന്നു. സോനാചുര സ്വദേശിയായ രതിബാല അരിയാണ് (38) കൊല്ലപ്പെട്ടത്. ഇന്നലെ (മെയ്‌ 22) രാത്രി വീടിന് നേരെ ഒരു സംഘം നടത്തിയ ആക്രമണത്തിലാണ് രതിബാല കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രതിബാലയുടെ മകൻ സഞ്ജയ്‌ക്കും മറ്റ് ഏഴ്‌ പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 7 പേരെയും കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.

ആരോപണങ്ങള്‍ തള്ളി ടിഎംസി: തങ്ങള്‍ക്കെതിരെയുള്ള കൊലക്കേസ് ആരോപണങ്ങള്‍ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്. മരിച്ച ബിജെപി പ്രവര്‍ത്തകയ്‌ക്ക് ഏറെ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നും ടിഎംസി പറഞ്ഞു. മെയ്‌ 25നാണ് പശ്ചിമ ബംഗാളിലെ ലോക്‌സഭ വോട്ടെടുപ്പ്.

Also Read: ടിഎംസി ഗുണ്ടകള്‍ സ്ഥാനാര്‍ഥിയുടെ വാഹനം ആക്രമിച്ചു; പരാതിയുമായി ബിജെപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.