ETV Bharat / bharat

പൊലീസ് സ്‌റ്റേഷനില്‍ ശിവസേന നേതാക്കളെ വെടിവെച്ച് ബിജെപി എംഎല്‍എ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഫട്‌നാവിസ്

author img

By ETV Bharat Kerala Team

Published : Feb 3, 2024, 9:46 AM IST

Updated : Feb 3, 2024, 12:18 PM IST

മഹാരാഷ്ട്രയിൽ ശിവസേന നേതാക്കളെ പൊലീസ് സ്‌റ്റേഷനകത്ത് വെടിവച്ച് ബിജെപി എംഎൽഎ. വെടിയേറ്റ രണ്ട് നേതാക്കൾ ഗുരുതരാവസ്ഥയിൽ. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി.

BJP MLA shot Shiv Sena Leader  BJP Shiv sena Conflict  Ganpat Gaikwad  വെടിവെപ്പ്  ശിവസേന
BJP MLA shot Shiv Sena Leader

ഉല്ലാസ്‌നഗർ: മഹാരാഷ്ട്രയിൽ ഭരണപക്ഷ ശിവസേന നേതാവിനെതിരെ നിറയൊഴിച്ച് ബിജെപി നേതാവ്. ബിജെപി എംഎൽഎ ഗൺപത് ഗെയ്‌ക്‌വാദാണ് ഷിൻഡെ ഗ്രൂപ്പ് നേതാവ് മഹേഷ് ഗെയ്‌ക്‌വാദിന് നേരെ വെടിയുതിർത്തത്. വെള്ളിയാഴ്‌ച രാത്രി ഹിൽ ലൈൻ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു (BJP MLA shot Shiv Sena Leader).

വെടിവയ്‌പ്പില്‍ മഹേഷ് ഗെയ്‌ക്‌വാദിനും അനുയായി രാഹുൽ പാട്ടീലിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഗൺപത് ഗെയ്‌ക്‌വാദ് അഞ്ച് തവണ നിറയൊഴിച്ചതായാണ് ദൃക്‌സാക്ഷികളുടെ വിവരണം (Ganpat Gaekwad Gun Fire). ദീർഘകാലമായി ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെയാണ് ആക്രമണം നടന്നത്. വെടിവെപ്പിന് പിന്നാലെ എംഎല്‍എയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഇന്നലെ (02.02.24) ഗണപത് ഗെയ്‌ക്‌വാദിൻ്റെ മകൻ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഹിൽ ലൈൻ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മഹേഷ് ഗെയ്‌ക്‌വാദും തൻ്റെ ആളുകളുമായി സ്‌റ്റേഷനില്‍ എത്തി. പിന്നീടാണ് എംഎല്‍എ ഇവിടെയെത്തുന്നത്. സീനിയർ ഇൻസ്‌പെക്‌ടർ അനിൽ ജഗ്‌താപിൻ്റെ ക്യാബിനില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീടിത് കയ്യാങ്കളിയിലെത്തിയതിന് പിന്നാലെയാണ് വെടിവയ്‌പ്പ് നടന്നത്.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മഹേഷിനെയും രാഹുലിനെയും ഉടൻ ഉല്ലാസ്‌നഗറിലെ മീരാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇരുവരെയും താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലേക്ക് മാറ്റി.

തന്‍റെ മകനെ പൊലീസ് സ്‌റ്റേഷനിലിട്ട് മർദ്ദിക്കുന്നതിനിടെയാണ് തോക്ക് ഉപയോഗിച്ചതെന്ന് അറസ്‌റ്റിന് മുമ്പ് ഒരു മാധ്യമത്തോട് സംസാരിക്കവെ ഗൺപത് ഗെയ്‌ക്‌വാദ് പറഞ്ഞിരുന്നു. വെടിവച്ചതിൽ തനിക്ക് ഖേദമില്ലെന്ന് പറഞ്ഞ ഗൺപത് താന്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായും വീരവാദം മുഴക്കി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കെതിരെയും ഗൺപത് ഗെയ്‌ക്‌വാദ് ആഞ്ഞടിച്ചു. മഹാരാഷ്ട്രയിൽ ക്രിമിനലുകളുടെ രാജ്യം സൃഷ്‌ടിക്കാനാണ് ഷിൻഡെ ശ്രമിക്കുന്നതെന്ന് ബിജെപി എംഎൽഎ ആരോപിച്ചു. ഷിൻഡെ മുഖ്യമന്ത്രിയായാൽ മഹാരാഷ്ട്രയിൽ ക്രിമിനലുകൾ മാത്രമേ ജനിക്കൂ എന്നും അദ്ദേഹം തുറന്നടിച്ചു.

Also Read: സ്വയരക്ഷാർത്ഥം വെടിവെക്കുന്നത് ലൈസൻസ് ചട്ടങ്ങളുടെ ലംഘനമല്ല; നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

ഗണപത് ഗെയ്‌ക്‌വാദിനെ കൂടാതെ രണ്ടുപേരെ കൂടി പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതക ശ്രമം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Last Updated : Feb 3, 2024, 12:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.