ETV Bharat / bharat

ചൈനീസ് ദേശീയ പതാക പുതച്ച റോക്കറ്റുമായി പരസ്യം; ഡിഎംകെ നല്‍കിയ പരസ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

author img

By ETV Bharat Kerala Team

Published : Feb 28, 2024, 7:34 PM IST

BJP Lashes Out At DMK  f Rocket With Chinese Flag  modi  ചൈനീസ് പതാക പുതച്ച റോക്കറ്റ്  കെ അണ്ണാമലൈ
bjp-lashes-out-at-dmk-for-advertisement-featuring-image-of-rocket-with-chinese-flag

വിവാദമായി തമിഴ്‌ പത്രങ്ങളിലെ പരസ്യം. മോദിയും സ്റ്റാലിനുമുള്ള പരസ്യത്തില്‍ ചൈനീസ് പതാക പുതച്ച റോക്കറ്റും. തമിഴ്‌നാട്ടിലെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്‍റെ ഉദ്ഘാടന പരസ്യം വിവാദമായത് ഇങ്ങനെ

ഹൈദരാബാദ്: തമിഴ്‌നാട്ടിലെ ഇന്നത്തെ പ്രാദേശിക പത്രങ്ങളില്‍ വന്ന ഒരു പരസ്യം രാജ്യമാകെ വന്‍ കോളിളക്കം സൃഷ്‌ടിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമുള്ള ചിത്രത്തില്‍ ചൈനീസ് പതാക പുതച്ച ഒരു റോക്കറ്റുമുണ്ട്. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്(BJP Lashes Out At DMK ).

തിരുച്ചെന്തൂരിലെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച പരസ്യത്തിലാണ് ചൈന കടന്ന് കയറി പ്രശ്നങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നത്. ചൈനയോടുള്ള ഡിഎംകെയുടെ വിധേയത്വമാണ് ഈ പരസ്യത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തിന്‍റെ പരാമാധികാരത്തെ അവഹേളിക്കലാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി(f Rocket With Chinese Flag).

ഇന്ത്യന്‍ ശാസ്‌ത്രസമൂഹത്തെ അപമാനിക്കലാണ് ഇത്തരമൊരു പ്രവൃത്തിയിലൂടെ ഡിഎംകെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപിച്ചു. പൊതുപ്പണം ചെലവിട്ടാണ് ഡിഎംകെ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളില്‍ നമ്മുടെ ശാസ്‌ത്രജ്ഞരുടെ സംഭാവനകളെ അവഹേളിക്കുകയും ജനങ്ങള്‍ കഷ്‌ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇത്തരത്തില്‍ പാഴാക്കുകയുമാണ് ഡിഎംകെ ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു(modi).

ഇന്ത്യ നേടിയ മുന്നേറ്റങ്ങള്‍ കാണാന്‍ ഡിഎംകെ ഇനിയും തയറായിട്ടില്ല. ഇന്ത്യയുടെ ബഹിരാകാശ മേഖല കൈവരിച്ച നേട്ടങ്ങളെയും ഇവര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ ശാസ്‌ത്രത്തെയും ബഹിരാകാശ മേഖലയെയും അപമാനിച്ച അവര്‍ തീര്‍ച്ചയായും മാപ്പ് പറഞ്ഞേ തീരൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുച്ചെന്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനിത രാധാകൃഷ്ണനാണ് ഈ പരസ്യം പ്രസിദ്ധീകരിച്ചത്. അരസു ആര്‍ട്സ് എന്ന സ്വകാര്യ പരസ്യക്കമ്പനിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്.

അതേസമയം പരസ്യത്തില്‍ സംഭവിച്ചത് ഫോട്ടോ സെറ്റ് ചെയ്‌തവരുടെ പിഴവാണെന്ന് ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കെ കനിമൊഴി പറഞ്ഞു. ചൈനയെ ആരും ശത്രുരാജ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ചൈനീസ് പ്രധാനമന്ത്രിയുമായി മഹാബലിപുരത്ത് വച്ച് കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. എന്നാല്‍ എല്ലാത്തിന്‍റെയും ബഹുമതി സ്വന്തമാക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. നമ്മുടെ പദ്ധതികളില്‍ അവരുടെ പരസ്യം പതിപ്പിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അവര്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഇപ്പോള്‍ ചൈനയുടെ ചിത്രം നമ്മുടെ ഐഎസ്ആര്‍ഒയുടെ വിക്ഷേപണ കേന്ദ്രത്തില്‍ ചേര്‍ത്ത് അതിന്‍റെ നേട്ടവും ചൈനയ്ക്ക് ചാര്‍ത്തിക്കൊടുക്കുന്നു.

ചരിത്രത്തില്‍ ഇത്തരം ധാരാളം സംഭവങ്ങള്‍ ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അണ്ണാമലൈ തന്‍റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ആദ്യ വിക്ഷേപണത്തറ സ്ഥാപിക്കാനുള്ള ആലോചനയില്‍ തമിഴ്‌നാടിനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അന്നത്തെ മുഖ്യമന്തരി തിരുഅണ്ണാദുരൈ അതിന്‍റെ ആലോചനയോഗത്തില്‍ നിന്ന് വിട്ടുനിന്നു. കടുത്ത തോള്‍വേദന ചൂണ്ടിക്കാട്ടി ആയിരുന്നു ആ നടപടി. അദ്ദേഹത്തിന്‍റെ മന്ത്രിമാരിലൊരാളായ മതിയഴകനെ പകരം യോഗത്തിനയച്ചു. ദീര്‍ഘനേരം ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് വേണ്ടി കാത്തിരുന്നു. അവസാനം യോഗത്തിനെത്തിയ മതിയഴകന്‍ യോഗത്തിലുടനീളം വ്യത്യസ്്‌തമായ നിലപാട് കൈക്കൊണ്ടു. ഇതായിരുന്നു അറുപത് കൊല്ലം മുമ്പ് തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കള്‍ നമ്മുടെ ബഹിരാകാശ പദ്ധതിയോട് സ്വീകരിച്ച നിലപാട്. ഇതിന് ഇപ്പോഴും അവര്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ണമലെയുടെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പരസ്യത്തിന് പല പാരഡികളും ഇതിനകം തന്നെ നെറ്റിസണ്‍സ് ഇറക്കിക്കഴിഞ്ഞു. ഇത് മറ്റൊരുതരത്തിലുള്ള പ്രചാരണ തന്ത്രമായി കരുതുന്നവരും കുറവല്ല.

Also Read: 'ഐഎസ്‌ആര്‍ഒയ്‌ക്ക് പുതിയ വിക്ഷേപണ സമുച്ചയം'; തമിഴ്‌നാട്ടില്‍ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.