ETV Bharat / bharat

അർധരാത്രിയില്‍ ജയിലില്‍, ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ എല്ലാ പ്രതികളും കീഴടങ്ങി

author img

By ETV Bharat Kerala Team

Published : Jan 22, 2024, 11:01 AM IST

Bilkis Bano case  ബില്‍ക്കീസ് ബാനു ബലാത്സംഗ കേസ്  11 convicts surrender  11 പ്രതികളും കീഴടങ്ങി
bilkis-bano-case

Bilkis Bano case: രണ്ട് വാഹനങ്ങളിലായാണ് അര്‍ദ്ധരാത്രിയോടെ പ്രതികള്‍ കീഴടങ്ങാനെത്തിയത്. ജയിലധികൃതര്‍ക്ക് മുമ്പാകെ 11 പ്രതികളും കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

ഗുജറാത്ത്: ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ എല്ലാ പ്രതികളും കീഴടങ്ങി. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിൽ ഞായറാഴ്ച രാത്രിയോടെയാണ് 11 പ്രതികളും കീഴടങ്ങിയത്. സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെയാണ് പ്രതികള്‍ കീഴടങ്ങിയത്. (Bilkis Bano case).

ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന, ബക്ഭായ് വൊഹാനിയ എന്നീ പ്രതികളാണ് കീഴടങ്ങിയത്. കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അനാരോഗ്യം, മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ എന്നീ കാരണങ്ങള്‍‍ ചൂണ്ടിക്കാട്ടി കീഴടങ്ങാനുള്ള സമയപരിധി നീട്ടി ചോദിച്ചത്. എന്നാല്‍ പ്രതികളുടെ ഹര്‍ജികള്‍ തള്ളിയ കോടതി ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി ആവര്‍ത്തിക്കുകയായിരുന്നു. (11 convicts surrender at Godhra sub-jail)

2002-ലെ ഗുജറാത്ത് കലാപത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും, മൂന്നരവയസ്സുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ ദാരുണമായി കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

കേസില്‍ പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചെങ്കിലും ശിക്ഷ തീരും മുന്‍പ് 11 പ്രതികളെയും വിട്ടയച്ച ബിജെപി സര്‍ക്കാര്‍ നടപടി രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ കുറ്റവാളികളുടെ മോചനത്തെ ചോദ്യം ചെയ്‌ത് ബിൽക്കീസ് ബാനു ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി വന്നത്. ഗുജറാത്ത് സർക്കാറിന്‍റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ശിക്ഷായിളവ് കോടതി റദ്ദാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.