ETV Bharat / bharat

തന്‍റെ വാഹനം ആക്രമിക്കപ്പെട്ടു, ബിജെപി പതാക സ്ഥാപിക്കാൻ ശ്രമിച്ചു; ജയറാം രമേശ്

author img

By ETV Bharat Kerala Team

Published : Jan 21, 2024, 8:09 PM IST

Jairam Ramesh's vehicle attacked:ഭാരത് ജോഡോ ന്യായ് യാത്രക്കിടെ തന്‍റെ വാഹനം ആക്രമിക്കപ്പെട്ടെന്ന് ജയറാം രമേശ്.

ഭാരത് ജോഡോ ന്യായ് യാത്ര അസം  ജയറാം രമേശ് വാഹനം ആക്രമിച്ചു  Jairam Ramesh vehicle attacked  Bharat Jodo Nyay Yatra Assam
Jairam Ramesh's vehicle attacked

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ വച്ച് (Bharat Jodo Nyay Yatra, Assam) തന്‍റെ വാഹനം ആക്രമിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് (Jairam Ramesh's vehicle attacked). ഭാരത് ജോഡോ ന്യായ് യാത്രയെ അനുഗമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ജയറാം രമേശിന്‍റെയും മറ്റ് ചില നേതാക്കളുടെയും കാർ ജാമുഗുരിഘട്ടിന് സമീപം ന്യായ് യാത്രാ സംഘത്തിനൊപ്പം ചേരാനായി പോകുമ്പോൾ വഴി മധ്യേയാണ് ആക്രമണം ഉണ്ടായതെന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ മഹിമ സിങ് പറഞ്ഞു.

ജയറാം രമേശിന്‍റെ വാഹനത്തിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറി, വാഹനത്തിൽ ബിജെപി പതാക സ്ഥാപിക്കാൻ ശ്രമിച്ചതായും പിന്നിലെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഭാരത് ജോഡോ ന്യായ് യാത്ര കവർ ചെയ്യുകയായിരുന്ന ഒരു വ്ളോഗറുടെ ക്യാമറയും ബാഡ്‌ജും മറ്റ് ഉപകരണങ്ങളും തട്ടിയെടുക്കുകയും പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിലെ അംഗങ്ങളെ ബിജെപി പ്രവര്‍ത്തകര്‍ മർദിച്ചുവെന്നും പരാതിയുണ്ട്.

'അസം മുഖ്യമന്ത്രിക്ക് സമനില നഷ്‌ടപ്പെടുകയാണ്': ഹിമന്ത ബിശ്വ ശർമയുടെ (Himanta Biswa Sarma) നേതൃത്വത്തിലുള്ള അസം സർക്കാർ ഓരോ മണിക്കൂറിലും ഭാരത് ജോഡോ ന്യായ് യാത്രക്ക് തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ മുഖ്യമന്ത്രിയുടെ മാനസികനിലയെ ബാധിക്കുന്നു. കോൺഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും പേര് കേൾക്കുമ്പോഴെല്ലാം അസം മുഖ്യമന്ത്രിക്ക് സമനില നഷ്‌ടപ്പെടുകയാണ്. യാത്രയുടെ ആദ്യ ദിവസം തന്നെ ജനപിന്തുണ കണ്ട് മുഖ്യമന്ത്രി വിറച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.

അന്ന് മുതൽ, അദ്ദേഹം പ്രകോപിതനാകാനും ആക്രോശിക്കാനും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും തുടങ്ങി. റൂട്ട് അനുമതി പ്രശ്‌നങ്ങൾ ഉന്നയിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ആദ്യ ഭാരത് ജോഡോ യാത്ര ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചരിച്ചത്, എന്നാൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇവിടത്തെ പോലെ ഒരു മുഖ്യമന്ത്രിയും യാത്രയെ എവിടെയും ലക്ഷ്യമിട്ടിട്ടില്ല. ഇത് തങ്ങളുടെ ആദ്യ അനുഭവമാണ്. ഓരോ മണിക്കൂറിലും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്‌ച യാത്ര എത്തേണ്ട ഗുവാഹത്തിയിൽ പദയാത്രയ്ക്കും റോഡ് ഷോയ്ക്കും അനുമതി നിഷേധിച്ചു, ഗുവാഹത്തി പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായുള്ള ആശയവിനിമയം നിരസിച്ചു. പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിയും പ്രതികാര രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നു. ജനാധിപത്യ രീതിയിൽ യാത്ര പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജയറാം രമേശ് അസം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.

സൗജന്യ പബ്ലിസിറ്റിക്ക് നന്ദിയെന്ന് അസം മുഖ്യമന്ത്രി: രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദിനമായ ജനുവരി 22ന് അസമിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ റോഡ് മാപ്പും പ്രോഗ്രാമും ചോദ്യം ചെയ്‌ത് അസം മുഖ്യമന്ത്രി രംഗത്തെത്തി. ഭാരതത്തിനും രാമക്ഷേത്രത്തിനും വേണ്ടിയുള്ള മഹാദിനത്തിൽ രാഹുൽ ഗാന്ധി മോറിഗാവ്, ജാഗിറോഡ്, ധിംഗ്, നെലി എന്നീ പ്രദേശങ്ങൾ യാത്രക്കായി തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ മേഖലകളിൽ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ പ്രദേശങ്ങൾ ജനുവരി 22-ന് സെൻസിറ്റീവ് ഏരിയ ആയി തുടരും. ഈ പ്രദേശങ്ങളിൽ 60% മുസ്ലീങ്ങളും 40% ഹിന്ദുക്കളുമാണ് അധിവസിക്കുന്നത്. അതിനാൽ, ജനുവരി 22ന് ഈ പ്രദേശങ്ങളിൽ യാത്രാ മാപ്പിൽ നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയോടും കോൺഗ്രസിനോടും അഭ്യർഥിച്ചു. ഇവിടങ്ങളിൽ ക്രമസമാധാനപാലനത്തിനായി കമാൻഡോ സേനയെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'രാഹുൽ ഗാന്ധിക്ക് എന്നെ ഭയമായിരുന്നു, ഇപ്പോൾ അദ്ദേഹം എന്‍റെ മക്കളെയും ഭയപ്പെടുന്നു. ഞാനിപ്പോൾ വലിയവനാണെന്ന് അവർ കരുതുന്നു. ഗാന്ധി കുടുംബം എവിടെ, ഞാൻ എവിടെ? ഗാന്ധി കുടുംബത്തെ കാണാൻ ഒരാഴ്‌ച ക്യാമ്പ് ചെയ്യേണ്ടി വന്ന ഒരു സമയമുണ്ടായിരുന്നു എന്‍റെ ജീവിതത്തിൽ. ഇപ്പോൾ ഞങ്ങൾ അതേ നിലവാരത്തിലാണ്. അവർ എനിക്ക് ഉത്തരം നൽകുന്നുവെങ്കിൽ, ഇതാണ് എന്‍റെ വിജയം. എനിക്ക് സൗജന്യ പബ്ലിസിറ്റി നൽകിയതിന് നന്ദി'- ദിസ്‌പൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ ഭൂമി കുംഭകോണത്തെക്കുറിച്ചും, അദ്ദേഹത്തിന്‍റെ മകന്‍റെ കമ്പനികളെ കുറിച്ചും ആസ്‌തികളെ കുറിച്ചും രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമയെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ജനുവരി 18 മുതൽ 25 വരെ സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി നയിക്കുന്ന ന്യായ് യാത്ര 17 ജില്ലകളിലായി 833 കിലോമീറ്റർ സഞ്ചരിക്കാനാണ് പദ്ധതി. ജനുവരി 14 ന് മണിപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

'രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണ് അസം മുഖ്യമന്ത്രി': ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളികളാകുന്നതിനെതിരെ അസമിലെ ജനങ്ങളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങൾക്ക് ബിജെപിയെ ഭയമില്ലെന്നും വരുന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'യാത്രയുടെ ഭാഗമായി ഞങ്ങൾ ദൈർഘ്യമേറിയ പ്രസംഗങ്ങൾ നടത്തുന്നില്ല. ഞങ്ങൾ എല്ലാ ദിവസവും 7-8 മണിക്കൂർ യാത്ര ചെയ്യുന്നു, പ്രതിനിധികളുമായി സംസാരിക്കുന്നു, ആളുകളെ കാണുകയും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്യുന്നു. തുടർന്ന്, ജനങ്ങളുടെ നീതിക്കായി ഞങ്ങൾ പോരാടുന്നു, ഈ യാത്രയുടെ ലക്ഷ്യം അതാണ്'- അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായതിനാൽ ഭീഷണിയും മർദനവും അവഗണിച്ച് മുന്നോട്ട് പോകാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്‌തു. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ കൊടികളും ബാനറുകളും ബിജെപി നശിപ്പിക്കുകയാണ്. ജനങ്ങളെ ഭീഷണിപ്പെടുത്തി അടിച്ചമർത്താമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. ഇത് ജനങ്ങളുടെ ശബ്‌ദത്തിന് വേണ്ടിയുള്ള യാത്രയാണെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിമന്ത ബിശ്വ ശർമ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ മുഴുവൻ കുടുംബവും അഴിമതിക്കാരാണെന്ന് എല്ലാവർക്കും അറിയാം. ഒരു കുടുംബത്തിന് വേണ്ടിയാണ് അസം സർക്കാർ പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഉൽപന്നങ്ങൾക്ക് വില കിട്ടാത്ത കർഷകർ, പഠനം കഴിഞ്ഞ് ജോലി കിട്ടാത്ത യുവാക്കൾ, നോട്ട് നിരോധനത്തിന്‍റെയും ജിഎസ്‌ടിയുടെയും ദുരിതം പേറുന്ന വ്യാപാരികൾ എന്നിവരോട് അനീതിയാണ് കാണിക്കുന്നത്. ഈ പ്രശ്‌നങ്ങൾ ഉന്നയിക്കാനും ജനങ്ങളുടെ ശബ്‌ദമാകാനും വേണ്ടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.