ETV Bharat / bharat

'അയോധ്യയെന്നാൽ സംഘർഷരഹിതമായ സ്ഥലം എന്നാണർഥം'; ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

author img

By ETV Bharat Kerala Team

Published : Jan 21, 2024, 6:04 PM IST

RSS chief Mohan Bhagwat  Ayodhya Ram temple  അയോധ്യ രാമക്ഷേത്രം  ആർഎസ്എസ് മേധാവി മോഹൻ ഭഗവത്
RSS chief Mohan Bhagwat about Ayodhya Ram temple

RSS Chief Mohan Bhagwat about Ayodhya Ram temple: അയോധ്യ എന്നാൽ യുദ്ധമില്ലാത്ത സ്ഥലം എന്നാണർഥമെന്നും ജനങ്ങൾ ഐക്യത്തോടെയും സമാധാനത്തോടെയുമിരിക്കണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്.

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ (Ayodhya Ram Temple) പ്രതിഷ്‌ഠാ ചടങ്ങ് ഐക്യത്തിനും പുരോഗതിക്കും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ഭാരതവർഷത്തിന്‍റെ പുനർനിർമാണത്തിനുള്ള കാമ്പയിന്‍റെ തുടക്കമാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത് (Mohan Bhagwat). തർക്കവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ മോഹൻ ഭഗവത് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്‌തു. അയോധ്യ രാമക്ഷേത്രത്തെ (Ayodhya Ram Temple) കുറിച്ച് ആർഎസ്എസ് (RSS) വെബ്സൈറ്റിൽ പോസ്റ്റ് ചെയ്‌ത് ഒരു ലേഖനത്തിലൂടെയാണ് ആഹ്വാനം.

വർഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2019 നവംബർ 9ന് സുപ്രീം കോടതി സത്യവും വസ്‌തുതകളും പരിശോധിച്ച് കേസിലെ എല്ലാ കക്ഷികളുടെയും വാദം കേട്ടതിന് ശേഷം വിധി പ്രസ്‌താവിച്ചു. ഹിന്ദു സമൂഹത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന ദൈവമാണ് ശ്രീരാമൻ. ശ്രീരാമന്‍റെ ജീവിതം ഇപ്പോഴും സമൂഹം ഉന്നതമായ ആദർശമായി അംഗീകരിക്കുന്നു. അതിനാൽ, ഇപ്പോൾ തർക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഉയർന്നുവന്ന സംഘർഷം അവസാനിപ്പിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.

അയോധ്യ എന്നാൽ യുദ്ധമില്ലാത്ത നഗരം, സംഘർഷരഹിതമായ സ്ഥലം എന്നാണ് അർഥമാക്കുന്നത്. ഈ അവസരത്തിൽ, രാജ്യത്തുടനീളവും നമ്മുടെ മനസിലും അപ്രകാരമുള്ള അയോധ്യയുടെ പുനർനിർമാണം നടത്തേണ്ടതുണ്ട്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന സന്ദർഭം ദേശീയ അഭിമാനത്തിന്‍റെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുന്നുവെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.

ജനുവരി 22ലെ ഭക്തിനിർഭരമായ ആഘോഷത്തിൽ, ക്ഷേത്രത്തിന്‍റെ പുനർനിർമാണത്തോടൊപ്പം, ഭാരതത്തിന്‍റെ പുനർനിർമാണത്തിനും അതിലൂടെ ലോകത്തിന്‍റെ മുഴുവൻ പുനർനിർമാണത്തിനും വഴിയൊരുക്കും. കഴിഞ്ഞ 1,500 വർഷത്തോളം നീണ്ടുനിൽക്കുന്ന അധിനിവേശക്കാർക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ കുറിച്ചും സമൂഹത്തെ ദുർബലപ്പെടുത്തുന്നതിനും നിരാശപ്പെടുത്തുന്നതിനുമായി വിദേശ ശക്തികൾ മതപരമായ സ്ഥലങ്ങൾ ആസൂത്രിതമായി നശിപ്പിച്ചതിനെ കുറിച്ചും മോഹൻ ഭഗവത് പരാമർശിച്ചു.

രാഷ്ട്രത്തിന്‍റെയും സമൂഹത്തിന്‍റെയും മനോവീര്യം തകർക്കാൻ മതപരമായ ഇടങ്ങൾ നശിപ്പിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിനാൽ വിദേശ ആക്രമണകാരികൾ ഇന്ത്യയിലെ ക്ഷേത്രങ്ങൾ തകർത്തു. ഭാരതീയ സമൂഹത്തിന്‍റെ മനോവീര്യം തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിലൂടെ ദുർബലമായ സമൂഹത്തിനൊപ്പം തടസങ്ങളില്ലാതെ ഭാരതത്തിൽ ഭരണം നടത്താൻ കഴിയും എന്നവർ കരുതി. അയോധ്യയിലെ ശ്രീരാമക്ഷേത്രം തകർത്തതും ഇതേ ഉദ്ദേശത്തോടെയാണ്.

അധിനിവേശക്കാരുടെ ഈ നയം അയോധ്യയിലോ ഏതെങ്കിലും ഒരു ക്ഷേത്രത്തിലോ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല, മറിച്ച് ലോകമെമ്പാടുമുള്ള യുദ്ധതന്ത്രമായിരുന്നു. ഭാരത സമൂഹത്തിലെ വിശ്വാസവും പ്രതിബദ്ധതയും മനോവീര്യവും ഒരിക്കലും കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹം തലകുനിച്ചില്ല, ചെറുത്തുനിൽപ്പിന്‍റെ പോരാട്ടം തുടർന്നു. രാമന്‍റെ ജന്മസ്ഥലത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും അയോധ്യയിൽ ക്ഷേത്രം പണിയാനും ആവർത്തിച്ചുള്ള ശ്രമങ്ങൾ നടന്നു. രാമജന്മഭൂമി വിഷയം ഹിന്ദുക്കളുടെ മനസ്സിൽ വേരൂന്നിയതാണെന്നും ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു. 1857ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധ പദ്ധതികൾ ആവിഷ്‌കരിക്കാൻ തുടങ്ങിയപ്പോൾ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് പോരാടാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും തുടർന്ന് പരസ്‌പരം ആശയ വിനിമയം നടന്നെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.