ETV Bharat / bharat

'മൊഹല്ല ക്ലിനിക്കുകളിൽ സൗജന്യ മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടാകരുത്': ഇഡി കസ്റ്റഡിയിൽ നിന്ന് ആരോഗ്യവകുപ്പിന് നിര്‍ദേശവുമായി കെജ്‌രിവാൾ - arvind kejriwal from ED custody

author img

By ETV Bharat Kerala Team

Published : Mar 26, 2024, 12:29 PM IST

സര്‍ക്കാര്‍ ആശുപത്രികളിലും മൊഹല്ല ക്ലിനിക്കുകളിലും മരുന്നിനും ചികിത്സയ്‌ക്കും ക്ഷാമം ഉണ്ടാകരുതെന്ന നിര്‍ദേശം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയതായി ഡല്‍ഹി ആരോഗ്യ മന്ത്രി.

ARVIND KEJRIWAL DIRECTIONS  ED CUSTODY  AAP  DELHI CM ARVIND KEJRIWAL
'There Should Be No Shortage Of Free Medicines At Mohalla Clinics': Kejriwal From ED Custody

ന്യൂഡല്‍ഹി: എല്ലാ സർക്കാർ ആശുപത്രികളിലും, മൊഹല്ല ക്ലിനിക്കുകളിലും ജനങ്ങൾക്ക് സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഇഡി കസ്റ്റഡിയിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ (Arvind Kejriwal) നിർദേശം നൽകിയതായി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് (Saurabh Bhardwaj). മൊഹല്ല ക്ലിനിക്കുകളിൽ ലഭ്യമായ ലബോറട്ടറി പരിശോധനകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് കെജ്‌രിവാളിന് വിവരം ലഭിച്ചിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിർദേശം നൽകിയത്. ആശുപത്രികളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് ഉടൻ ഇടപെടുമെന്നും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു (Instructions of Arvind Kejriwal from ED custody).

സംസ്ഥാനത്തെ പല ആശുപത്രികളിലും, ക്ലിനിക്കുകളിലും മരുന്നുകളുടെ ലഭ്യതക്കുറവും, സൗജന്യ പരിശോധനകളും ലഭ്യമല്ലെന്ന് വിവരം ലഭിച്ചിരുന്നു. ഇതില്‍ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രിയ്‌ക്ക് ആശങ്കയുണ്ട്. ഇഡിയുടെ കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചാണ് അവരുടെ മുഖ്യമന്ത്രി എപ്പോഴും ചിന്തിക്കുന്നത്. അതാണ് കെജ്‌രിവാളിൻ്റെ ഏറ്റവും പുതിയ നിർദേശങ്ങൾ തെളിയിക്കുന്നതെന്നും സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറോറ്റ് (ഇഡി) കസ്റ്റഡിയിലിരുന്നും ഡൽഹി സർക്കാറിന്‍റെ ഭരണം നിയന്ത്രിക്കുകയാണ് ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ ദിവസം ഡൽഹിയുടെ വിവിധ ഭാഗങ്ങളിലെ വെള്ളവും മലിന ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഉത്തരവിൽ അദ്ദേഹം ഒപ്പിട്ടിരുന്നു. പൊതുജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉത്തരവില്‍ നിർദേശിച്ചു.

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അധിക ജല ടാങ്കറുകള്‍ വിന്യസിക്കാനും കത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കത്ത് വകുപ്പുമന്ത്രി അതിഷി മര്‍ലേനക്ക് കെജ്‌രിവാള്‍ കൈമാറി. ജയിലില്‍ നിന്നും മുഖ്യമന്ത്രിയായി തുടരാനാകുമോ എന്ന ചര്‍ച്ചയ്ക്കിടെയാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ ഉത്തരവുകള്‍ എന്നതും ശ്രദ്ധേയമാണ്.

വ്യാഴാഴ്‌ച രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പത് തവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കെജ്‌രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇഡിയുടെ വാദം അംഗീകരിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജ കെജ്‌രിവാളിനെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റില്‍ നിന്നും സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്‍റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമായിരുന്നു അദ്ദേഹത്തെ അറസ്റ്റുചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.