ETV Bharat / bharat

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് ക്രമക്കേട്; സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് അനില്‍ മസിഹ് - Anil Masih Apology To SC

author img

By ETV Bharat Kerala Team

Published : Apr 5, 2024, 9:27 PM IST

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് പ്രിസൈഡിങ് ഓഫിസര്‍. വെള്ളിയാഴ്‌ചയാണ് അനില്‍ മസിഹ് മാപ്പപേക്ഷിച്ചത്. മസിഹിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്‌വി.

ANIL MASIH APOLOGY TO SC  CHANDIGARH MAYORAL POLLS RIGGING  മേയര്‍ തെരഞ്ഞെടുപ്പ് ക്രമക്കേട്  അനില്‍ മസിഹ് മാപ്പ് പറഞ്ഞു
Chandigarh Mayoral Polls Rigging; Anil Masih Unconditional Apology To Supreme Court

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച പ്രിസൈഡിങ് ഓഫിസര്‍ അനില്‍ മസിഹ്. ചീഫ് ജസ്റ്റിസ് (സിജെഐ) ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന് മുമ്പാകെയായിരുന്നു മാപ്പപേക്ഷ. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ച നടപടി നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് (ഏപ്രില്‍ 5) കോടതിയില്‍ മാപ്പ് പറഞ്ഞത്.

മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹത്‌ഗിയാണ് അനില്‍ മസിഹിന് വേണ്ടി കോടതിയിലെത്തി മാപ്പ് അപേക്ഷിച്ചത്. ആദ്യ സത്യവാങ്മൂലം പിന്‍വലിച്ച് കോടതിയുടെ മഹാമനസ്‌കതയ്‌ക്ക് മുന്നില്‍ കീഴടങ്ങുകയാണെന്നും റോഹത്‌ഗി അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച മസിഹിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്‌വി കോടതിയില്‍ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു ചണ്ഡീഗഢിലെ മേയര്‍ തെരഞ്ഞെടുപ്പ്. ഇന്ത്യ മുന്നണിയുടെ ആദ്യ പരീക്ഷണമായി എഎപിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്നുള്ള മത്സരമാണ് ചണ്ഡീഗഡില്‍ നടന്നത്. അതുകൊണ്ട് തന്നെ ഇത്തവണ എഎപിയുടെ കുല്‍ദീപ് കുമാറിന് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ബിജെപിയുടെ മനോജ് സോങ്കര്‍ വിജയിച്ചു.

ഇതോടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് എഎപി സുപ്രീംകോടതിയെ സമീപിച്ചു. എഎപിയുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് ക്രമക്കേടിനെ കുറിച്ച് പുറംലോകമറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചപ്പോഴാണ് ഇന്ത്യന്‍ കൗണ്‍സിലര്‍മാരുടെ ബാലറ്റ് പേപ്പറുകള്‍ ഇയാള്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി. മാത്രമല്ല എഎപിയുടെ കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.