ETV Bharat / bharat

ജനാധിപത്യത്തിന്‍റെ ഉത്സവത്തിന് നാളെ തുടക്കം; ആദ്യ ഘട്ട വോട്ടെടുപ്പ് 102 സീറ്റുകളിലേക്ക് - 2024 Loksabha election First Phase

author img

By PTI

Published : Apr 18, 2024, 6:50 PM IST

Updated : Apr 18, 2024, 7:25 PM IST

LOK SABHA ELECTION 2024 | FIRST PHASE VOTING ON APRIL 19 | RESULT ON JUNE 4 | നാളെ പോളിങ് ബൂത്തിലേക്ക് എത്തുക 16.63 കോടിയിലധികം വോട്ടർമാർ. 1.87 ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചത് 18 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെ.

2024 LOKSABHA ELECTION  FIRST PHASE LS POLL  ആദ്യഘട്ട വോട്ടെടുപ്പ്  2024 ലോക്‌സഭ തെരഞ്ഞെടുപ്പ്
2024 Loksabha election First Phase to start Friday

ന്യൂഡൽഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് നാളെ(19-04-2024) തുടക്കമാകും. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുക. നിതിൻ ഗഡ്‌കരി, സർബാനന്ദ സോനോവാൾ, ഭൂപേന്ദ്ര യാദവ്, കോൺഗ്രസിന്‍റെ ഗൗരവ് ഗൊഗോയ്, ഡിഎംകെയുടെ കനിമൊഴി, ബിജെപിയുടെ കെ അണ്ണാമലൈ എന്നിവര്‍ നാളെ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് പുറമേ, കിരൺ റിജിജു, സഞ്ജീവ് ബലിയാൻ, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ, എൽ മുരുകൻ, നിസിത് പ്രമാണിക് എന്നിവരും മുൻ മുഖ്യമന്ത്രിമാരായ ബിപ്ലബ് കുമാർ ദേബ് (ത്രിപുര), നബാം തുകി (അരുണാചൽ പ്രദേശ്), മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ എന്നിവരും നാളത്തെ മത്സരാർത്ഥികളാണ്.

അതേസമയം, അരുണാചൽ പ്രദേശിലെ 60 സീറ്റുകളിലേക്കും സിക്കിമിലെ 32 സീറ്റുകളിലേക്കുമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളും നാളെ നടക്കും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.

16.63 കോടിയിലധികം വോട്ടർമാരാണ് രാജ്യത്തിന്‍റെ വിധിയെഴുതാന്‍ നാളെ പോളിങ് ബൂത്തിലേക്ക് എത്തുക. 1.87 ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി 18 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചത്. വോട്ടർമാരിൽ 8.4 കോടി പുരുഷന്മാരും 8.23 കോടി സ്‌ത്രീകളും 11,371 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുമാണുള്ളത്. 35.67 ലക്ഷം കന്നി വോട്ടർമാരുണ്ട്. കൂടാതെ 20-29 വയസ് പ്രായമുള്ള 3.51 കോടി യുവ വോട്ടർമാരും നാളെ പോളിങ് ബൂത്തുകളിലെത്തും.

തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളിലേക്കും (39), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), മേഘാലയ (2), ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ (1), മിസോറാം (1), നാഗാലാൻഡ് (1), പുതുച്ചേരി (1) സിക്കിം (1), ലക്ഷദ്വീപ് (1), രാജസ്ഥാന്‍ (12), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (6), അസം(5), മഹാരാഷ്‌ട്ര (5), ബിഹാര്‍ (4), പശ്ചിമ ബംഗാള്‍ (3), മണിപ്പൂർ (2), ത്രിപുര(1),ജമ്മു കാശ്‌മീർ(1), ഛത്തീസ്‌ഗഡ്(1) എന്നിങ്ങനെയാണ് നാളെ വോട്ടെടുപ്പ് നടക്കുക.

ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ബുധനാഴ്‌ച വൈകീട്ട് അവസാനിച്ചിരുന്നു. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ 45 സീറ്റുകളില്‍ യുപിഎയാണ് 2019ൽ വിജയിച്ചിരുന്നത്. 41 സീറ്റുകൾ എൻഡിഎയും അന്ന് നേടിയിരുന്നു. ഡീലിമിറ്റേഷന്‍റെ ഭാഗമായി ഇതിൽ ആറ് സീറ്റുകൾ പുനഃക്രമീകരിച്ചിരുന്നു.

Also Read : അണ്ണാമലൈ വിജയക്കില്ലെന്ന് സുഹൃത്ത്; മനംനൊന്ത് സ്വന്തം വിരൽ മുറിച്ച് ബിജെപി പ്രവർത്തകൻ - Lok Sabha Election 2024

Last Updated : Apr 18, 2024, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.