കാട്ടുപോത്തിനെ വെടിവച്ചിടില്ല; ഉത്തരവിടാന്‍ കലക്‌ടര്‍ക്ക് അധികാരമില്ല, മയക്ക് വെടി വയ്‌ക്കാനൊരുങ്ങി വനം വകുപ്പ്

By

Published : May 20, 2023, 8:47 PM IST

thumbnail

കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടി വച്ച് കൊല്ലാനുള്ള കലക്‌ടറുടെ ഉത്തരവ് തള്ളി വനം വകുപ്പ്. വന്യജീവികളെ വെടിവയ്‌ക്കാന്‍ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവിറക്കാന്‍ കലക്‌ടര്‍ക്ക് അധികാരമില്ലെന്നും ഇതിനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ പ്രത്യേക അനുമതി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്‍റെ നടപടി. അതേ സമയം ജനവാസ മേഖലയിലെത്തിയാല്‍ കാട്ടുപോത്തിനെ മയക്ക് വെടി വച്ച് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചു. 

എരുമേലി കണമലയിൽ വെള്ളിയാഴ്‌ചയാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിനിരയായി രണ്ട് വയോധികര്‍ കൊല്ലപ്പെട്ടത്. എരുമേലി സ്വദേശികളായ ചാക്കോച്ചന്‍, തോമസ് എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആക്രമണകാരികളായ കാട്ടുപോത്തിനെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

സംഭവത്തെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം കടുപ്പിച്ചതോടെ ജില്ല കലക്‌ടര്‍ പിജെ ജയശ്രീ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് വന്യജീവികളെ വെടിവച്ച് കൊല്ലുന്നതിന് നിയമ തടസങ്ങളുണ്ടെന്ന് അറിയിച്ച് വനം വകുപ്പ് രംഗത്തത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. 

കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടി വയ്‌ക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്ഒക്കാണ് ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകിയത്. ഇതോടെ വനം വകുപ്പ് നിലപാടിനെതിരെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. 

also read: എരുമേലിയില്‍ കാട്ടുപോത്ത് ആക്രമണത്തിൽ 2 പേര്‍ മരിച്ച സംഭവം: പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

അതേസമയം ഇന്നലെ പ്രതിഷേധം നടത്തിയ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വഴി തടയൽ, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യം ആരോപിച്ചുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ സംസ്‌കാരം കണമലയിൽ നടന്നു. മരിച്ച ചാക്കോയുടെ മൃതദേഹം ശനിയാഴ്‌ച സംസ്‌കരിക്കും.  

കൊല്ലത്തും ഒരേ ദിവസം സമാന സംഭവം: ജില്ലയിലെ ഇടമുളക്കലിലാണ് വെള്ളിയാഴ്‌ച സമാന സംഭവം ഉണ്ടായത്. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍പ്പെട്ട് വയോധികന്‍ കൊല്ലപ്പെട്ടു. കൊടിഞ്ഞല്‍ സ്വദേശി വര്‍ഗീസാണ് ആക്രമണത്തില്‍ മരിച്ചത്. 

രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. റബര്‍ തോട്ടത്തിലെ പാറക്കൂട്ടങ്ങളില്‍ പിന്നില്‍ നിന്ന് രണ്ട് കാട്ടുപോത്തുകളാണ് എത്തിയത്. വര്‍ഗീസിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് കുത്തിപരിക്കേല്‍പ്പിച്ചു. 

ആക്രമണത്തില്‍ വയറിന് ഗുരുതരമായ കുത്തേറ്റ വര്‍ഗീസ് മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വര്‍ഗീസ് വിദേശത്ത് നിന്ന് ഇടമുളക്കലിലെ സ്വന്തം വീട്ടിലെത്തിയത്. തോട്ടത്തില്‍ ടാപ്പിങ് തൊഴിലാളിയെ കാണാന്‍ പോകുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍പ്പെട്ടത്. 

ആക്രമണത്തിന് ശേഷം കാട്ടു പോത്തില്‍ ഒരെണ്ണം സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞ് വീണ് മരിച്ചു. എന്നാല്‍ മറ്റൊരെണ്ണം കാട്ടിലേക്ക് തിരികെ പോയെന്നുമാണ് ലഭിക്കുന്ന വിവരം.

also read:  കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ഡയറക്‌ടറായി ജിജോയ് പിആര്‍; മുതൽക്കൂട്ടാകുമെന്ന് മന്ത്രി ആർ ബിന്ദു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.