'അറിവിലൂടെ അതിരുകളില്ലാതെ പറന്നുയരാം'; ചുവരില്‍ കൂറ്റന്‍ വിമാനം, നവാഗതരെ വരവേല്‍ക്കാനൊരുങ്ങി മാങ്ങാനം എല്‍പി സ്‌കൂള്‍

By

Published : May 27, 2023, 5:46 PM IST

thumbnail

കോട്ടയം: നവാഗതരെ വരവേല്‍ക്കാനൊരുങ്ങി കോട്ടയം മാങ്ങാനം സിഎംഎസ്‌ എല്‍പി സ്‌കൂള്‍. അറിവിലൂടെ അതിരുകളില്ലാതെ പറന്നുയരാമെന്ന സന്ദേശം നല്‍കി സ്‌കൂളിന്‍റെ പുറം ചുവരില്‍ വിമാനത്തിന്‍റെ ചിത്രം വരച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സ്വപ്‌നങ്ങൾ കാണുവാനും അതിലൂടെ ഉയരങ്ങളിലെത്തുവാനും കുട്ടികളെ കുഞ്ഞു പ്രായത്തില്‍ തന്നെ പ്രചോദിപ്പിക്കുകയാണ് സ്‌കൂളിന്‍റെ ലക്ഷ്യം. 

സ്‌കൂള്‍ ചുവരില്‍ കൂറ്റന്‍ വിമാനമാണ് ഒരുക്കിയിരിക്കുന്നത്. നെടുനീളത്തിലാണ് ഇവിടെ കൂറ്റൻ വിമാനത്തിന്‍റെ ചിത്രം വരച്ചിരിക്കുന്നത്. പ്രധാന അധ്യാപിക ജെസി ബെന്നിയാണ് ഈ ആശയത്തിന് പിന്നില്‍. ക്ലാസ്‌ മുറിയിലേക്ക് കയറുന്ന ഓരോ വിദ്യാര്‍ഥികള്‍ക്കും വിമാനത്തിലേക്ക് കയറുന്നത് പോലെയാണ് തോന്നുക. സ്‌കൂളിലെ അധ്യാപകനായ ബിപിനാണ് ചുവരില്‍ വിമാനത്തിന്‍റെ ചിത്രം വരച്ചത്. വിമാനത്തിന്‍റെ ചിത്രം വിദ്യാര്‍ഥികള്‍ക്ക് ഉയരങ്ങളിലെത്തുന്നതിന് പ്രചോദനമാകുമെന്ന് ബിപിന്‍ പറഞ്ഞു. 

ഇതിനെല്ലാം പുറമെ സ്‌കൂളിലെ മുഴുവന്‍ ചുവരുകളും ചിത്രങ്ങളും വര്‍ണങ്ങളും കൊണ്ട് നിറച്ചിരിക്കുകയാണ്. കൂടാതെ കുട്ടികള്‍ക്കൊപ്പം വിമാന യാത്ര നടത്തുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് സ്‌കൂളിലെ അധ്യാപകര്‍. 158 വർഷം പഴക്കമുള്ള സ്‌കൂളില്‍ ഏഴ് അധ്യാപകരാണ് ഉള്ളത്. അടുത്ത ആഴ്‌ച നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകര്‍. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.