Veena George On Nipah Spread : നിപ ആശങ്കയ്‌ക്ക് അയവ് ; ഇന്ന് പുറത്തുവന്ന 41 പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

By ETV Bharat Kerala Team

Published : Sep 17, 2023, 11:52 AM IST

thumbnail

കോഴിക്കോട് : സംസ്ഥാനത്തെ നിപ (Nipah) ഭീതിയുടെ ആശങ്കാജനകമായ സാഹചര്യത്തിന് അയവ് വരുന്നു. ഇന്ന് പുറത്തുവന്ന 41 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. ഇതിൽ ഹൈ റിസ്‌ക് വിഭാഗം കൂടി ഉൾപ്പെടും. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഇനി 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലെ (സെപ്റ്റംബർ 16) പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ല എന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ 1,192 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇത് ഇനിയും വർധിക്കും. അതേസമയം, സമ്പർക്കത്തിൽ ഉണ്ടായിട്ടും ഒഴിഞ്ഞുമാറി നടക്കുന്നവരെ കണ്ടെത്താൻ പൊലീസിൻ്റെ സഹായം തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയായിരിക്കും പരിശോധന. ഏറ്റവും അവസാനം പോസിറ്റീവാകുന്ന വ്യക്തിയുടെ സമ്പർക്കത്തിൽ വരുന്നവരും 21 ദിവസം ജാഗ്രതാനിർദേശങ്ങൾ പാലിക്കണമെന്നാണ് അരോഗ്യ വകുപ്പിൻ്റെ ചട്ടം. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. അതിനിടെ നിയന്ത്രണങ്ങൾ വകവയ്ക്കാതെ കോഴിക്കോട് എൻഐടിയിൽ ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാർഥികളുടെ പരാതി ഉയർന്നിരുന്നു. സ്ഥാപനം നിലനിൽക്കുന്നത് കണ്ടെയ്ൻമെന്‍റ് സോണില്‍ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന നിലപാടിലാണ് കോളജ് അധികൃതർ. നാളെയും പരീക്ഷയും ക്ലാസും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പരാതിയിൽ ജില്ല കലക്‌ടറുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി (Veena George On Nipah Spread). 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.