ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി, കോൺഗ്രസിന് വോട്ടിന്‍റെ ചിന്ത മാത്രമേയുള്ളൂ : വി മുരളീധരൻ

By

Published : Apr 23, 2023, 1:14 PM IST

thumbnail

തിരുവനന്തപുരം : ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആഭ്യന്തര വകുപ്പിന്‍റെ വീഴ്‌ച കാരണമാണ് ഇന്‍റലിജൻസ് രേഖകൾ ചോർന്നത്. കേരളത്തിലെ സഭ അധ്യക്ഷന്മാർ പ്രധാന മന്ത്രിയുമായി നല്ല ബന്ധം പുലർത്തുന്നവരാണ്. കോൺഗ്രസിന് വോട്ടിന്‍റെ ചിന്ത മാത്രമേയുള്ളൂവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസത്തിന്‍റെ തകർച്ച ഉച്ചക്കഞ്ഞി വിതരണത്തിലൂടെ പരിഹരിക്കാനാകില്ലെന്നും ഇവിടുത്തെ വിദ്യാഭ്യാസ മന്ത്രി അത് മനസിലാക്കണമെന്നും വി മുരളീധരൻ പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം നിലനിർത്താൻ ശ്രമം നടത്തുന്നില്ല.

യുക്രെയ്‌നില്‍ പഠിക്കാൻ പോയവരിൽ ഭൂരിഭാഗവും മലയാളികളാണ്. സെൻട്രൽ യൂണിവേഴ്‌സിറ്റിയിലും ഐസറിലും അല്ലാതെ പുറത്തുനിന്നും വിദ്യാർഥികൾ എത്തുന്നില്ല. ഇടതുമുന്നണിയുടെ നയം മാറാത്തത് തന്നെയാണ് ഇതിന് കാരണം. 41 കോളജുകളിൽ പ്രിൻസിപ്പൽമാർ ഇല്ല. സി പി എമ്മിന്‍റെ താൽപര്യം സംരക്ഷിക്കാൻ കഴിയുന്നവരെ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് പ്രിൻസിപ്പല്‍ നിയമനമില്ല.

ദേശീയ വിദ്യാഭ്യാസ നയം നാടിന് ഗുണകരമാണെന്ന് രാജൻ ഗുരുക്കൾ വരെ പറയുന്നു. എന്നാൽ സി പി എമ്മിന്‍റെ നയം ഇത് അംഗീകരിക്കുന്നില്ല. വിദ്യാർഥികൾ ഉപദ്രവം ഉണ്ടാക്കിയാലും പ്രിൻസിപ്പലിന് എതിരെ നടപടി സ്വീകരിക്കുന്ന രീതിയാണ് നാട്ടിലുള്ളത്. ഇത് കേരളത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. 

കേരളത്തിൽ ഏഴ് സർവകലാശാലകൾക്ക് വൈസ് ചാൻസലർമാർ ഇല്ലാത്ത അവസ്ഥയാണ്. കുത്തഴിഞ്ഞ അവസ്ഥ ഉണ്ടാക്കാൻ വേണ്ടി നിയമ നിർമാണം നടത്തുന്ന സാഹചര്യമാണ് ഇവിടെയെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘിന്‍റെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.