മോദിയുടെ ഫ്‌ളക്‌സ് ബോർഡ് എടുത്തുമാറ്റി തൃശ്ശൂര്‍ കോർപറേഷൻ; പ്രതിഷേധം കനത്തതോടെ പുനഃസ്ഥാപിച്ചു

By ETV Bharat Kerala Team

Published : Jan 1, 2024, 7:59 PM IST

thumbnail

തൃശ്ശൂര്‍: അപകടകരമെന്ന കാരണം പറഞ്ഞ് നീക്കം ചെയ്‌ത ബിജെപി ഫ്‌ളക്‌സ് ബോർഡുകൾ പ്രതിഷേധത്തെ തുടർന്ന് തിരികെ കെട്ടി തൃശ്ശൂര്‍ കോർപ്പറേഷൻ അധികൃതർ (Thrissur Corporation Removed BJP Flex Boards in Swaraj Round). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനത്തിന്‍റെ പ്രചരണാർഥം സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച ബോർഡുകളാണ് കോർപ്പറേഷൻ അധികൃതര്‍ അഴിച്ചുമാറ്റുകയും പിന്നീട് തിരികെ കെട്ടുകയും ചെയ്‌തത്‌. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്വരാജ് റൗണ്ടിലെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. രാവിലെ ബോർഡുകൾ എടുത്തുമാറ്റാൻ കോർപ്പറേഷൻ അധികൃതർ ആരംഭിച്ചതോടെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. അപകടകരമായി സ്ഥാപിച്ചിരുന്ന ബോർഡുകളാണ് മാറ്റുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ബിജെപി ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കോർപ്പറേഷൻ ഈ ശ്രമത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. നവകേരള സദസ് ഉൾപ്പെടെ തൃശ്ശൂരില്‍ നടന്ന സമയത്ത് മുഖ്യമന്ത്രിയുടേതടക്കമുള്ള ഫ്‌ളക്‌സ് ബോർഡുകൾ നഗരത്തില്‍ സ്ഥാപിച്ചിരുന്നു. ഇത് കോർപ്പറേഷൻ അഴിച്ചു മാറ്റിയിരുന്നില്ലെന്ന് ബിജെപി ആരോപിച്ചു. ഒടുവില്‍ അഴിച്ച ബോർഡുകൾ പ്രവര്‍ത്തകര്‍ തിരികെ കെട്ടി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ഇതിനിടെ സ്ഥലത്തെത്തിയ ഈസ്‌റ്റ് പോലീസ് സ്ഥിതിഗതികള്‍ നിയന്തിച്ചു. ഒടുവില്‍ കോർപറേഷൻ കവാടത്തില്‍ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ച ശേഷമാണ് സ്ത്രീകൾ അടക്കമുള്ള പ്രവര്‍ത്തകര്‍ മടങ്ങിയത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.