പിതാവിന്‍റെ അടിയേറ്റ് തലയ്‌ക്ക് പരിക്കേറ്റ മകൻ ഗുരുതരാവസ്ഥയിൽ; സംഭവം കോഴിക്കോട് പന്തീരാങ്കാവിൽ

By ETV Bharat Kerala Team

Published : Dec 26, 2023, 6:31 PM IST

thumbnail

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ മകനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പന്തീരാങ്കാവ് സ്വദേശി കൂഴമ്പ്ര മീത്തൽ രാജേന്ദ്രൻ (62) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്‌ച വൈകുന്നേരമായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. രഞ്ജിത്ത് ( 32) ആണ് പിതാവിന്‍റെ മർദനത്തിൽ തലയ്‌ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഞായറാഴ്‌ച ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിലെത്തുകയും, രാജേന്ദ്രൻ മകനായ രഞ്ജിത്തിന്‍റെ തലയ്‌ക്ക് അടിയ്‌ക്കുകയും ആയിരുന്നു. അടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് രഞ്ജിത്ത് ബോധരഹിതനായി. ഉടൻ തന്നെ പരിസരവാസികൾ ചേർന്ന് രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രാജേന്ദ്രനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്‌ടർ എ എസ് സരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പരിക്കേറ്റ രഞ്ജിത്തിന്‍റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.