Second Vande Bharat's Trial Run : കുതിച്ചുപായാന്‍ രണ്ടാം വന്ദേ ഭാരത്, ട്രയല്‍ റണ്‍ ആരംഭിച്ചു ; ഉദ്‌ഘാടന സര്‍വീസ് ഞായറാഴ്‌ച

By ETV Bharat Kerala Team

Published : Sep 21, 2023, 9:03 PM IST

thumbnail

തിരുവനന്തപുരം : കേരളത്തിന് അനുവദിക്കപ്പെട്ട രണ്ടാം വന്ദേ ഭാരത് ട്രെയിനിന്‍റെ ട്രയൽ റൺ (Second Vande Bharat's Trial Run) ആരംഭിച്ചു. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിന്നും കാസർകോട്ടേക്കാണ് ട്രയൽ റൺ. ഇന്ന് (സെപ്‌റ്റംബര്‍ 21) വൈകിട്ട് 3.30ഓടെയാണ് വന്ദേ ഭാരത് പരീക്ഷണയോട്ടം നടത്തിയത്. റെയിൽവേ അധികൃതരുടെ പരിശോധനയ്‌ക്ക് ശേഷമാണ് ട്രയല്‍ റണ്‍ നടത്തിയത്. ഇന്നലെ (സെപ്‌റ്റംബര്‍ 20) ചെന്നൈയിൽ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് (Second Vande Bharat in Kerala) ഇന്ന് (സെപ്‌റ്റംബര്‍ 21) പുലർച്ചെ 4.30ഓടെയാണ് കൊച്ചുവേളിയിലെത്തിയത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 24) ഓണ്‍ലൈനിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുക. പുതിയ വന്ദേ ഭാരത് ട്രെയിനിന് എട്ട് കോച്ചുകളുണ്ട്. കേരളത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരതിന് സമാനമായി സീറോ ഡൈനാമിക് ഡിസൈനാണ് പുതിയതിനുമുള്ളത്. ആദ്യ വന്ദേ ഭാരതിന് വെള്ളയും നീലയും നിറമായിരുന്നെങ്കിൽ ഇത്തവണ മാറ്റമുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്‌ത് കൊണ്ടുള്ള സർവീസുകൾക്ക് ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 27) തുടക്കമാകുമെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിലെ അറിയിപ്പ് പ്രകാരം കാസർകോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കായിരിക്കും സർവീസ് നടത്തുക. രാവിലെ 7 മണിക്ക് കാസർകോട് നിന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിൻ വൈകിട്ട് 3:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകിട്ട് 4:05ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്ന യാത്ര രാത്രി 11:55ന് കാസർകോട് എത്തുന്ന തരത്തിലുമാണ് സർവീസ് ഷെഡ്യൂള്‍ ചെയ്‌തിട്ടുള്ളത്. ആഴ്‌ചയിൽ ആറ് ദിവസം വന്ദേ ഭാരത് സർവീസ് നടത്തും. കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടാകുമെന്നാണ് വിവരം. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.