Ramesh Chennithala on Cyber attack 'അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം, സിപിഎമ്മിന്‍റേത് തരംതാണ സമീപനം': രമേശ് ചെന്നിത്തല

By ETV Bharat Kerala Team

Published : Aug 26, 2023, 4:04 PM IST

thumbnail

തിരുവനന്തപുരം:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ (Former CM Oommen Chandy) മകള്‍ അച്ചു ഉമ്മനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സിപിഎം സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല (Ramesh Chennithala on Cyber attack). സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഒരു കാലത്തും ഉമ്മന്‍ ചാണ്ടിയുടെ പേരോ സ്ഥാനമോ ഉപയോഗിച്ച് യാതൊരുവിധ നേട്ടവും ഉണ്ടാക്കാത്ത അച്ചു ഉമ്മനെ തരംതാണ നിലയിലാണ് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നത്. സിപിഎമ്മിന്‍റെ (CPM) ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും സിപിഎം അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‌തതാണ്. ഒരു കാര്യത്തിലും ഇടപെടാത്ത അച്ചു ഉമ്മനെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം അപമാനിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് തുടരാന്‍ പാടില്ല. പൊതു സമൂഹം ഇത് വിലയിരുത്തണം. തരം താണ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടൊന്നും പുതുപ്പള്ളിയിൽ (Puthuppally) ഒരു ഗുണവും ഉണ്ടാകില്ലെന്നും ചാണ്ടി ഉമ്മന് ചരിത്ര വിജയം ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുന്നിൽ സ്വയം അപഹാസ്യരാകുന്ന ഇത്തരം പ്രവർത്തനങ്ങൾ സിപിഎം അവസാനിപ്പിക്കണം. സ്വന്തം കുടുംബ കാര്യങ്ങൾ മാത്രം നോക്കുകയും സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തുകയും ചെയ്‌തയാളാണ് അച്ചു ഉമ്മൻ (Achu Oommen). അങ്ങനെയുള്ള ഒരാളെ അപമാനിക്കുന്നത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

പുനഃസംഘടനയെ കുറിച്ചും പ്രതികരണം: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന സംബന്ധിച്ച് നിലവില്‍ ഒരു അഭിപ്രായവും പറയുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നതെന്നും സെപ്‌റ്റംബര്‍ ആറിന് ശേഷം പുനഃസംഘടനയിൽ അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.