വിരമിച്ച അധ്യാപകരെ വീണ്ടും നിയമിക്കുന്നു, മാഹിയില്‍ വ്യാപക പ്രതിഷേധം

By ETV Bharat Kerala Team

Published : Dec 9, 2023, 9:23 AM IST

thumbnail

കണ്ണൂര്‍: സര്‍വ്വീസില്‍ നിന്നും വിരമിച്ച അധ്യാപകരെ മാഹി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിയമിക്കാനുള്ള നീക്കത്തിനെതിരെ വിവിധ യുവജന സംഘടനകളും ജനശബ്‌ദം മാഹിയും ഗവണ്‍മെന്‍റ് ഹൗസിന് മുന്നില്‍ വേര്‍തിരിഞ്ഞ് സമരം നടത്തി. ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാഹി ഗവണ്‍മെന്‍റ് ഹൗസ് ഉപരോധിച്ചു. ഗവണ്‍മെന്‍റ് ഹൗസ് ജങ്ഷനില്‍ ഒരുക്കിയ ബാരിക്കേഡ് കടന്ന് പ്രവര്‍ത്തകര്‍ ഗേറ്റിനടുത്തെത്തിയാണ് ഉപരോധസമരം നടത്തിയത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സമരത്തെ തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എന്ത് വില കൊടുത്തും നേരിടുക തന്നെ ചെയ്യുമെന്ന് ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്‍റ് സച്ചിന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗവണ്‍മെന്‍റ് ഹൗസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. കോണ്‍ഗ്രസ് നേതാവ് പി പി വിനോദാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തത്. മാഹി മേഖല സംയുക്ത റസിഡന്‍സ് അസോസിയേഷന്‍ നടത്തിയ നില്‍പ്പ് സമരം പ്രസിഡന്‍റ് എം പി ശിവദാസ് ഉദ്ഘാടനം ചെയ്‌തു. ജനശബ്‌ദം മാഹിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ സമരവും സംഘടിപ്പിച്ചിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകരെ പുനര്‍നിയമിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നതെങ്കില്‍ സമരങ്ങളുടെ പരമ്പര തന്നെ മാഹിയില്‍ തീര്‍ക്കുമെന്ന് സംഘടനകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.