'ഹൈക്കോടതി ഉത്തരവ് ചാന്‍സലറുടെ നിലപാടുകള്‍ക്കേറ്റ പ്രഹരം, വിധിയെ സ്വാഗതം ചെയ്യുന്നു': പിഎം ആര്‍ഷോ

By ETV Bharat Kerala Team

Published : Dec 12, 2023, 5:59 PM IST

thumbnail

തിരുവനന്തപുരം : കേരളത്തിന്‍റെ സര്‍വകലാശാലയുടെ ചാന്‍സലറുടെ നിലപാടുകള്‍ക്ക് ഏറ്റ ആദ്യ പ്രഹരമായാണ് ഹൈക്കോടതി ഇടപെടലിനെ കാണുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഇതിന്‍റെ തുടര്‍ച്ചയില്‍ ചാന്‍സലര്‍ കൈകൊള്ളുന്ന നിരന്തരമായ ഇടപെടലുകള്‍ പൂര്‍ണമായും തിരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു (HC Verdict On Kerala University Senate Members). സര്‍വകലാശാല സെനറ്റിലേക്ക് ശുപാര്‍ശ ചെയ്‌ത നാല് പേരുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്‌തതിന് പിന്നാലെ തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎം ആര്‍ഷോ. ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും യോഗ്യതയില്ലാത്ത ബാക്കിയുള്ളവര്‍ക്ക് എതിരെയും വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി നല്‍കിയ പേര് മാറ്റി യോഗ്യത ഇല്ലാത്തവരുടെ പേര് ഗവര്‍ണര്‍ക്ക് നല്‍കിയത് ആരാണെന്നത് അദ്ദേഹം വ്യക്തമാക്കണമെന്നും ആര്‍ഷോ പറഞ്ഞു. നിലവിലെ നിയമം അട്ടിമറിച്ച് കൊണ്ടാണ് പുതിയ നാല് പേരെ ചാന്‍സലര്‍ നോമിനേറ്റ് ചെയ്‌തത് (SFI State Secretary PM Arsho). ഈ നാല് പേര്‍ക്കും യോഗ്യതയില്ലെന്ന് മാത്രമല്ല ഇവര്‍ എബിവിപി പ്രവര്‍ത്തകരും നേതാക്കന്മാരുമാണ്. അതല്ലാതെ ചാന്‍സലര്‍ക്ക് മറ്റ് യോഗ്യതകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നത് തന്നെയാണ് ഈ ഘട്ടത്തില്‍ ബോധ്യപ്പെടുന്നതെന്നും ആര്‍ഷോ പറഞ്ഞു. ഇന്നാണ് (ഡിസംബര്‍ 12) കേരള സര്‍വകലാശാല സെനറ്റിലേക്ക് ശുപാര്‍ശ ചെയ്‌ത നാല് പേരുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്‌തത്. സര്‍വകലാശാല നിര്‍ദേശിച്ച അഭിഷേക് ഡി നായര്‍ (ഹ്യൂമാനിറ്റിസ്), ദ്രുവിൻ എസ്എൽ (സയന്‍സ്), സുധി സദന്‍ (സ്‌പോര്‍ട്‌സ്), മാളവിക ഉദയൻ (ആര്‍ട്‌സ്) എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സര്‍വകലാശാല സെനറ്റിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട നാല് പേര്‍ യോഗ്യത ഉള്ളവരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ടിആര്‍ രവിയാണ് നിയമനം സ്റ്റേ ചെയ്‌തത്. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.