Padayappa Munnar പടയപ്പ വീണ്ടും; മൂന്നാറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും കൃഷിയും നശിപ്പിച്ചു

By ETV Bharat Kerala Team

Published : Oct 5, 2023, 12:37 PM IST

thumbnail

ഇടുക്കി: വീണ്ടും മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ ചെണ്ടുവര ലോവര്‍ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. ഇവിടെ ഉണ്ടായിരുന്ന കൃഷി കാട്ടാന നശിപ്പിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും പടയപ്പ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. എസ്‌റ്റേറ്റ് ലയങ്ങള്‍ക്ക് സമീപമുണ്ടായിരുന്ന കൃഷി കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അരുവിക്കാട്, എക്കോപോയിന്‍റ്‌ ഭാഗങ്ങളിലായിരുന്നു കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നും കാട്ടാന ചെണ്ടുവര ഭാഗത്തേക്കെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ദേവികുളം ലാക്കാട് എസ്‌റ്റേറ്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പ പ്രദേശത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന റേഷന്‍ കടക്ക് നേരെ ആക്രമണം നടത്തിയിരുന്നു. കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് അരി അന്ന് പടയപ്പ ഭക്ഷിച്ചു. ഇടക്കിടെ കാട്ടാന ജനവാസ മേഖലയില്‍ ഇറങ്ങുന്നത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മുമ്പ് ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പ അടുത്ത നാളിലാണ് കൂടുതല്‍ നാശനഷ്‌ടം വരുത്താൻ തുടങ്ങിയത്. അതേസമയം രാത്രി പകൽ ഭേദമില്ലാതെ മേഖലയിൽ ഇറങ്ങുന്ന പടയപ്പയെ കണ്ട് ആളുകൾ ഭയന്ന് ഓടുന്നത് അപകടങ്ങൾക്ക് വഴി തെളിക്കുമെന്നും വനം വകുപ്പ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തി പടയപ്പയെ വനമേഖലയിലേക്ക് തുരത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.