NewsClick UAPA Case : ന്യൂസ്‌ ക്ലിക്ക് കേസ് : ഡല്‍ഹി പൊലീസ് അന്വേഷണം കേരളത്തിലും ; പത്തനംതിട്ടയിലെ മുന്‍ ജീവനക്കാരിയുടെ വീട്ടില്‍ റെയ്‌ഡ്

By ETV Bharat Kerala Team

Published : Oct 6, 2023, 11:09 PM IST

thumbnail

പത്തനംതിട്ട:യുഎപിഎ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്ന ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്കിലെ മുന്‍ ജീവനക്കാരിയുടെ കൊടുമണിലെ വീട്ടില്‍ പൊലീസ് റെയ്‌ഡ്. ന്യൂസ്‌ ക്ലിക്ക്  മുന്‍ വീഡിയോഗ്രാഫറായ അനുഷയുടെ വീട്ടിലാണ് പൊലീസ് സംഘം റെയ്‌ഡ് നടത്തിയത് (NewsClick UAPA Case). ഇന്ന് (ഒക്‌ടോബര്‍ 6) വൈകിട്ടാണ് സംഘം വീട്ടില്‍ പരിശോധനക്കെത്തിയത്. അനുഷയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും സംഘം കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയെയും വീട് ഉള്‍പ്പെടുന്ന കൊടുമണ്‍ പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചതിന് ശേഷമാണ് സംഘം റെയ്‌ഡ് നടത്തിയത്. ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന അനുഷ ജോലി ചെയ്‌തിരുന്നതും ഡല്‍ഹിയിലാണ്. അനുഷയുടെ മാതാപിതാക്കളും നിലവില്‍ ജോലി ചെയ്യുന്നത് ഡല്‍ഹിയിലാണ്. അടുത്തിടെയാണ് അനുഷ കൊടുമണിലെ വീട്ടിലെത്തിയത്. 2018 ലാണ് അനുഷ  ന്യൂസ്‌ ക്ലിക്കിൽ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 2022 വരെ ജോലി ചെയ്‌തിട്ടുണ്ടെന്നും അനുഷ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂസ്‌ ക്ലിക്കിന്‍റെ ഫണ്ടിനെ കുറിച്ച് ആരാഞ്ഞ സംഘം തന്നോട്, സിപിഎം പ്രവർത്തകയാണോയെന്ന് ചോദിച്ചെന്നും അനുഷ പറഞ്ഞു.  കൂടാതെ കൊവിഡ്, കർഷക സമരം എന്നിവ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ടോയെന്നും ചോദിച്ചുവെന്നും അനുഷ പറഞ്ഞു. ന്യൂസ്‌ ക്ലിക്കിന്‍റെ വിദേശ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് പൊലീസ് രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും സംഘം പരിശോധനയ്ക്ക് എത്തിയത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.