മുഖത്ത് മുളകുപൊടിയിട്ട് മുണ്ടഴിച്ച് തലമറച്ച് പെട്രോൾ പമ്പിൽ കവർച്ച, എല്ലാം സിസിടിവിയിലുണ്ട്
കോഴിക്കോട് : മുക്കം ഓമശേരിക്കടുത്ത് പെട്രോൾ പമ്പിൽ കവർച്ച (Robbery at a petrol Pump). മാങ്ങാപ്പൊയിലിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (Hindustan Petroleum Corporation Ltd) പമ്പിലാണ് ഇന്ന് (17.11.2023) പുലർച്ചെ 2.12 ന് കവർച്ച നടന്നത്. മുന്നംഗ സംഘം വന്ന് ജീവനക്കാരനെ ആക്രമിച്ച് പണം കവരുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാരന്‍റെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മുണ്ട് കൊണ്ട് മുഖം മൂടിയായിരുന്നു ആക്രമണം. പതിനായിരത്തോളം രൂപ നഷ്‌ടമായതായാണ് പ്രാഥമിക വിവരം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ കവർച്ച നടത്തിയ ശേഷം മൂന്നംഗ സംഘം പമ്പിൽ നിന്നും ഓടിരക്ഷപ്പെടുന്നതും ദൃശ്യമാണ് (Petrol Pump Theft CCTV Visual). പമ്പ് ഉടമ മുക്കം പൊലീസിൽ (Mukkam Police) പരാതി നൽകും. രാത്രി കാലങ്ങളിൽ എല്ലാ പമ്പുകളും മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കാൻ പെട്രോളിയം കമ്പനികൾ സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങൾ വർധിക്കുന്നതെന്ന് ഡീലേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി.