'സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികമല്ല, ജനങ്ങളുടെ ദുരിത ജീവിതത്തിന്‍റെ രണ്ടാം വാർഷികം': എംഎം ഹസന്‍

By

Published : Apr 1, 2023, 1:55 PM IST

thumbnail

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്‍റെ രണ്ടാം വാർഷികം അല്ല ജനങ്ങളുടെ ദുരിത ജീവിതത്തിന്‍റെ രണ്ടാം വാർഷികമാണ് ഇന്ന് ആചരിക്കേണ്ടതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ജനങ്ങളുടെ ഹൃദയത്തിൽ സർക്കാരിന്‍റെ ജനദ്രോഹ നടപടികൾ നിറഞ്ഞു നിൽക്കുകയാണ്. അതിനാലാണ് ഇന്ന് യുഡിഎഫ് കരിദിനം ആചരിച്ച് പ്രതിഷേധിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റിലെ നികുതി നിർദേശങ്ങൾ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നതാണ്. ഇന്ധന സെസ് അടക്കം പിൻവലിക്കണമെന്ന് ആവശ്യം സർക്കാർ പരിഗണിക്കുന്നതേയില്ല. സാധാരണക്കാരന്‍റെ കുടിവെള്ളം മുതൽ പെട്രോളിന് വരെ നികുതി വർധിപ്പിച്ചിരിക്കുകയാണ്. സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിനാണ് നികുതി വർധനവ് എന്നാണ് സർക്കാർ പറയുന്നത്. 25,000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാരാണ് 4,000 കൂടി പിരിക്കാൻ സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സർക്കാർ എത്രമാത്രം ജനദ്രോഹപരമാണ് എന്നതിന് തെളിവാണെന്നും ഹസൻ പറഞ്ഞു.  

ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം നിയമസഭയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതോടെ നിയമസഭ തന്നെ പിരിച്ചുവിട്ടു സർക്കാർ ഒളിച്ചോടുകയാണ് ചെയ്‌തത്. ജനങ്ങൾ നട്ടം തിരിയുമ്പോൾ രണ്ടാം വാർഷികം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പാണ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഹസൻ പറഞ്ഞു. ഇന്ധന സെസ് അടക്കമുള്ള നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.