Pathanamthitta Rain | 'പത്തനംതിട്ടയില്‍ മഴയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രത പാലിക്കണം' ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

By

Published : Jul 5, 2023, 7:55 PM IST

thumbnail

പത്തനംതിട്ട : ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മഴ ശമിക്കുമ്പോള്‍ വെള്ളക്കെട്ട് കാണാന്‍ പോകുന്നതും, മീന്‍ പിടിക്കാന്‍ പോകുന്നതും മറ്റും ഒഴിവാക്കണം. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഫിസര്‍മാരെ ചുമതലപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മഴക്കെടുതികള്‍ അവലോകനം ചെയ്യുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആവണിപ്പാറയിലേക്ക് താത്‌കാലികമായി ആലപ്പുഴയില്‍ നിന്ന് ബോട്ട് എത്തിക്കുമെന്ന് പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി എന്നീ പ്രദേശങ്ങളില്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. 

പനി കണ്ടെത്തുന്നവരെ ക്യാമ്പുകളില്‍ പ്രത്യേകം മാറ്റിപ്പാര്‍പ്പിക്കും : എല്ലാ ദുരിതാശ്വാസക്യാമ്പുകള്‍ കേന്ദ്രീകരിച്ചും കൃത്യമായ ഇടവേളകളില്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പനി, ഡെങ്കി എന്നിവ കണ്ടെത്തുന്നവരെ ക്യാമ്പുകളില്‍ പ്രത്യേകം പാര്‍പ്പിക്കണം. ഉദ്യോഗസ്ഥരും ക്യാമ്പില്‍ കഴിയുന്നവരും അടക്കം എല്ലാവരും എലിപ്പനിക്കെതിരായ ഡോക്‌സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം. 

തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ വൈദ്യുതി കെഎസ്ഇബി ഉറപ്പാക്കണം. സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പാചകവാതകവും വില്ലേജ് ഓഫിസര്‍മാര്‍ക്ക് ലഭ്യമാക്കും. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ പൊലീസ് സന്ദര്‍ശനം കൃത്യമായ ഇടവേളകളിലുണ്ടാകണം. വകുപ്പുകള്‍ സംബന്ധിച്ചുള്ള ആശയവിനിമയം കൃത്യമായിരിക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അത് ജില്ല ഭരണകൂടത്തെ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

പള്ളിക്ക് അടക്കം നാശം സംഭവിച്ചു : ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കുമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കീഴ്‌വായ്‌പൂരിലും വെണ്ണിക്കുളത്തും വെള്ളം കയറിയിട്ടുണ്ട്. ആനിക്കാട് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവിടേക്ക് പോകാന്‍ കഴിയുന്നില്ല. നിരണം പഞ്ചായത്തിലെ സിഎസ്ഐ പള്ളിക്ക് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. 

കീഴ്‌വായ്‌പൂര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ ഒരാള്‍ക്ക് പനി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഫയര്‍ഫോഴ്‌സിന്‍റെ കൈവശമുള്ള അക്‌സലൈറ്റ്, ക്യാമ്പുകളില്‍ എത്തിക്കണം. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍ നിന്ന് അത് ഒഴുക്കി വിടാനുള്ള നടപടി പൊതുമരാമത്ത് വിഭാഗം സ്വീകരിക്കണമെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് താമസം നേരിടുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അത് സംബന്ധിച്ച സന്ദേശങ്ങള്‍ കെഎസ്ഇബി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. 

അതേസമയം, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതകള്‍ കണക്കിലെടുത്തുള്ള തയാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം വന്നാല്‍ അതിനുള്ള ക്യാമ്പ് സജ്ജമായിരിക്കണം. റാന്നിയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും നദിയിലെ ജലനിരപ്പിന് കാര്യമായ താഴ്‌ചയുണ്ടായിട്ടില്ല. കടവുകളില്‍ ഇറങ്ങുന്നതും മീന്‍പിടിത്തവും തത്കാലം ഒഴിവാക്കാന്‍ ഏവരും ശ്രദ്ധിക്കണം. 
അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കണം. വൈദ്യുതി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ട്. അത് പരിഹരിക്കണം.

മഴക്കെടുതി രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ പ്രാദേശിക അവധി നല്‍കണം. കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശത്ത് ഭക്ഷണം കൃത്യമായി എത്തിക്കുന്നുണ്ട്. ഈ പ്രദേശത്ത് മരുന്നുകള്‍ ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു. 

മലയോര  മേഖലകളില്‍ ജാഗ്രതാനിര്‍ദേശം : മലയോരപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനില്‍ക്കുന്നതെന്നും വ്യാഴാഴ്‌ച യെല്ലോ അലര്‍ട്ടായി മാറുമെന്നും ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ജില്ലയില്‍ ബുധനാഴ്‌ച പെയ്‌ത മഴയുടെ അളവ് വളരെ കുറവാണ്. 

രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പെയ്‌തത് 3.9 എംഎം മഴയാണ്. കക്കി, പമ്പ ഡാമുകളിലെ വെള്ളത്തിന്‍റെ അളവ് നിലവില്‍ തൃപ്‌തികരമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 

മണിയാര്‍ ഡാമില്‍ നാല് സ്‌പില്‍വേകള്‍ തുറന്നിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ആവശ്യാനുസരണം സ്‌പില്‍വേകള്‍ തുറന്നിരുന്നു. മണിമലയാറിലെ ജലനിരപ്പ് അപകടനിലയിലാണ്. 

പീരുമേട്, മുണ്ടക്കയം എന്നിവിടങ്ങളില്‍ നിന്നുള്ള ജലമാണ് മണിയാറിലുള്ളത്. പമ്പയില്‍ ഇന്നലെ വൈകുന്നേരം വെള്ളം വര്‍ധിക്കുന്നുണ്ടായിരുന്നുവെങ്കിലും രാത്രിയോടെ ഇതില്‍ കുറവുണ്ടായി. അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടനിലയിലാണ്. 

അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ് വേ വെള്ളത്തിനടിയിലാണ്. പുറമറ്റം, വെണ്ണിക്കുളം റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. ജില്ലയില്‍ ചൊവ്വാഴ്‌ച 14 വീടുകള്‍ക്കാണ് നാശനഷ്‌ടം സംഭവിച്ചിട്ടുള്ളതെന്നും ജില്ല കലക്‌ടര്‍ പറഞ്ഞു. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ പാചകം ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയെന്ന് തിരുവല്ല സബ് കലക്‌ടര്‍ സഫ്‌ന നസ്റുദ്ദീന്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടേയും വില്ലേജ് ഓഫിസര്‍മാരുടേയും സംഘം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവല്ല തുകലശ്ശേരിയില്‍ എന്‍ഡിആര്‍എഫ് ടീമിന്‍റെ നേതൃത്വത്തില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ടെന്നും സബ് കലക്‌ടര്‍ അറിയിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.