സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോ ബസാര്‍ 10 മണിയായിട്ടും തുറന്നില്ല; സ്ഥലത്ത് എത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

By

Published : Aug 18, 2023, 3:01 PM IST

Updated : Aug 18, 2023, 3:16 PM IST

thumbnail

തിരുവനന്തപുരം : ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്‍റെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈക്കോ പീപ്പിള്‍ ബസാര്‍ 10 മണിയായിട്ടും തുറന്ന് പ്രവര്‍ത്തിച്ചില്ല. സാധനങ്ങള്‍ വാങ്ങാനായി 20ലധികം പേർ 10 മണിക്ക് മുന്‍പ് തന്നെ ഇവിടെ ക്യൂ നില്‍ക്കുകയായിരുന്നു. എന്നാല്‍ 10 മണി കഴിഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥരും ഇവിടെ എത്തിയില്ല. ഇതിനിടെ ഭക്ഷ്യമന്ത്രി തന്നെ സപ്ലൈക്കോ പീപ്പിള്‍ ബസാറിൽ എത്തി. നെടുമങ്ങാട് മണ്ഡലത്തിലെ ഓണാഘോഷങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിയാണ് സപ്ലൈക്കോ സ്‌റ്റോറിലുമെത്തിയത്. എന്നാല്‍, 10 മണിയായിട്ടും ഔട്ട്‌ലെറ്റ് അടഞ്ഞു കിടക്കുന്നതാണ് മന്ത്രി കണ്ടത്. ഇതോടെ ക്ഷുഭിതനായ മന്ത്രി ജീവനക്കാരോട് ഉടന്‍ എത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഔട്ട്ലെറ്റ് തുറക്കാന്‍ വൈകിയതിന് ജീവനക്കാരെ മന്ത്രി ശാസിക്കുകയും ചെയ്‌തു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഔട്ട്‌ലെറ്റിനുള്ളിലും മന്ത്രി പരിശോധന നടത്തി. 13 സബ്‌സിഡി ഉത്‌പന്നങ്ങളില്‍ രണ്ട് എണ്ണം കുറവുണ്ടായതായും മന്ത്രി കണ്ടെത്തി. ഗോഡൗണില്‍ സ്‌റ്റോക്കുള്ള ഉത്പന്നങ്ങളാണ് കുറവുണ്ടായത്. ഇത് എത്തിക്കാത്തതിന് കാരണവും മന്ത്രി തിരക്കി. ഇന്നലെ വൈകുന്നേരമാണ് ഇവ തീര്‍ന്നതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. ഇന്ന് തന്നെ എത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

Last Updated : Aug 18, 2023, 3:16 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.