തകഴിയിലെ കര്‍ഷകന്‍റെ ആത്മഹത്യ : പ്രതിപക്ഷത്തിന്‍റെ ആരോപണം പച്ചക്കള്ളം, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ് പറയണം : ജിആര്‍ അനില്‍
തിരുവനന്തപുരം: ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം പച്ചക്കള്ളമാണെന്ന് മന്ത്രി ജി ആര്‍ അനില്‍. തെറ്റിദ്ധരിപ്പിച്ചതിന് ജനങ്ങളോട് മാപ്പ് പറയാന്‍ യുഡിഎഫ്, ബിജെപി നേതാക്കള്‍ തയ്യാറാകണം. അതല്ലെങ്കില്‍ എന്തുകൊണ്ടാണ് മാപ്പ് പറയാത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെറ്റ് അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. കള്ളങ്ങളാണ് അവര്‍ പ്രചരിപ്പിച്ചത്. നെല്ല് സംഭരണത്തിന്‍റെ പിആര്‍എസ് വായ്‌പ തിരിച്ചടവ് മുടങ്ങിയത് കൊണ്ടാണ് കര്‍ഷകന് വായ്‌പ നിഷേധിച്ചതെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അവര്‍ ആദ്യം പറഞ്ഞത്. ആത്മഹത്യ ചെയ്‌ത കര്‍ഷകന്‍ പ്രസാദിന് പിആർഎസ് വായ്‌പ മൂലം സിബിൽ സ്കോർ കുറഞ്ഞിട്ടില്ല. ബാങ്ക് നിശ്ചയിച്ച സിബിൽ സ്കോർ അദ്ദേഹത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദിവസങ്ങളായി കേരളത്തില്‍ നടക്കുന്ന കള്ളപ്രചരണം അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഒരു കിലോ നെല്ല് ശേഖരിക്കുമ്പോൾ കർഷകന് 28.30 രൂപയാണ് നൽകുന്നത്. ഇതിൽ ഇരുപത് രൂപ 40 പൈസ കേന്ദ്രം നൽകണം. ഇത്തരത്തിൽ 1300 കോടി രൂപയോളം രൂപ കേന്ദ്രം നൽകണം. നെല്ല് സംഭരണ വിഹിതത്തിൽ 2022- 23 വരെ എംഎസ്‌പി (മിനിമം സ്റ്റാൻഡേർഡ് പ്രൈസ് ) ഇനത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് 644.03 കോടി രൂപ കിട്ടാനുണ്ട്. 2023-24 ൽ 790.82 കോടി കിട്ടാനുണ്ട്. ഇത് കേന്ദ്ര സർക്കാറിന് നൽകിയ കത്തില്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.