'ക്ഷണം സ്വീകരിക്കാൻ എന്തുകൊണ്ടും യോഗ്യയാണ് സോണിയ ഗാന്ധി'; അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ എം ബി രാജേഷ്

By ETV Bharat Kerala Team

Published : Dec 28, 2023, 5:00 PM IST

thumbnail

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ്‌ നിലപാടിൽ ഒരു അത്ഭുതവുമില്ലെന്ന് മന്ത്രി എം ബി രാജേഷ് (MB Rajesh Statement against congress in Ayodhya Ram Temple Inauguration). ക്ഷണം സ്വീകരിക്കാൻ എന്ത് കൊണ്ടും യോഗ്യയാണ് സോണിയ ഗാന്ധി. ബാബരി മസ്‌ജിദ് പൊളിച്ച് കൊടുക്കുന്നതിന് എല്ലാ സൗകര്യവും ചെയ്‌ത് കൊടുത്തവരാണ് കോൺഗ്രസ്. ആർഎസ്എസിനോളം പങ്ക് കോൺഗ്രസിനും ഉണ്ട്. അധികാരത്തിൽ ഇരുന്ന് കോൺഗ്രസ് ചെയ്‌ത് കൊടുത്തത് അധികാരത്തിൽ ഇരുന്ന് ബിജെപി പൂർത്തിയാക്കുകയാണ് ചെയ്‌തത്. അയോധ്യ ക്ഷേത്രം സംയുക്ത സംരഭമാണെന്നും അതിന്‍റെ ഓഹരി സോണിയ ഗാന്ധിക്കും കോൺഗ്രസിനും അർഹതപ്പെട്ടതാണെന്നും എം ബി രാജേഷ് പറഞ്ഞു. നെഹ്റു അടച്ചിട്ട അയോധ്യ രാജീവ് ഗാന്ധി അധികാരത്തിലിരുന്നപ്പോഴാണ് തുറന്നുകൊടുത്തത്. ശിലാന്യാസം അനുവദിച്ചത് രാജീവ് ഗാന്ധി തന്നെയാണ്. 1989ൽ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം രാജീവ് ഗാന്ധി ആരംഭിച്ചത് അവിടെ നിന്നാണ്. 1992 ഡിസംബർ 6ന് ബാബറി മസ്‌ജിദ് പൊളിച്ച സമയത്ത് പ്രധാനമന്ത്രി ആയിരുന്നത് കോൺഗ്രസുകാരനായിരുന്ന പി വി നരസിംഹ റാവു ആയിരുന്നു. ഭരണഘടനയുടെ 356-ാം അനുഛേദം അന്നുണ്ടായിരുന്നു. വേണമെങ്കിൽ അത് പ്രയോഗിച്ച് ബാബറി മസ്‌ജിദ് സംരക്ഷിക്കാമായിരുന്നു. എന്നാൽ അത് പ്രയോഗിക്കാതെ പൊളിച്ച് തീരുന്നതുവരെ അസാധാരണമായ സംയമനം പാലിച്ച നരസിംഹറാവുവിന്‍റെ പാർട്ടിയുടെ അധ്യക്ഷതയ്‌ക്ക് അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് എം ബി രാജേഷ് പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.