Keraleeyam Programme| ഇലക്ട്രിക് ബസുകളിൽ സൗജ്യനയാത്ര, ശക്തമായ സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും

By ETV Bharat Kerala Team

Published : Oct 30, 2023, 7:56 PM IST

thumbnail

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് ആറ് മുതൽ രാത്രി പത്ത് വരെ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്ക് സൗജ്യനയാത്ര ഒരുക്കുമെന്ന് മന്ത്രിമാരായ ആൻ്റണി രാജുവും വി ശിവൻകുട്ടിയും അറിയിച്ചു (Free electric bus service for the visitors of Keraleeyam programme). പരിപാടിയുടെ ഭാഗമായി തലസ്ഥാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവുമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാർ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 

നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് പരിപാടി (Keraleeyam 2023). വൈകിട്ട് ആറു മുതൽ പത്ത് മണി വരെ വെള്ളയമ്പലം മുതൽ ജിപിഒ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളാണ് കെഎസ്ആർടിസി സജ്ജമാക്കുന്നത്. ഈ മേഖലകളിൽ ഇലക്ട്രിക് സ്വിഫ്റ്റ് ബസും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും അടിയന്തര സർവീസുകളും മാത്രമായിരിക്കും അനുവദിക്കുക. അനുവദിച്ച സ്ഥലങ്ങളിൽ മാത്രമായിരിക്കും പാർക്കിങ്.

ട്രാഫിക് നിയന്ത്രണമുള്ള മേഖല;

  1. പട്ടം ഭാഗത്തു നിന്ന് തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പി എം ജിയിൽ നിന്നും ജിവി രാജ- യുദ്ധ സ്‌മാരകം-പാളയം പഞ്ചാപുര-ബേക്കറി-തമ്പാനൂർ വഴി പോകാം.
  2. പാറ്റൂർ ഭാഗത്ത് നിന്നും തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ-അണ്ടർ പാസേജ്- ബേക്കറി-തമ്പാനൂർ വഴിയോ വഞ്ചിയൂർ-ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകാം.
  3. ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം വഴിയോ പോകാം.
  4. പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് പൈപ്പിൻമൂട് ശാസ്‌തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാം.
  5. തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ-പനവിള-ഫ്ലൈ ഓവർ അണ്ടർ പാസേജ്-ആശാൻ സ്‌ക്വയർ-പിഎംജി വഴി പോകാം.
  6. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്‌തമംഗലം വഴി പോകാം.
  7. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പിടാംമൂട് - വഞ്ചിയൂർ-പാറ്റൂർ വഴിയോ പോകാം.
  8. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾക്ക് അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാം.
  9. അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ ഭാഗത്തേക്കും പോകാം.

പൊതുജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യാൻ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾ: 

  1. പബ്ലിക് ഓഫിസ് ഗ്രൗണ്ട്, മ്യൂസിയം.
  2. ഒബ്‌സർവേറ്ററി ഹിൽ, മ്യൂസിയം.
  3. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം.
  4. വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്, വെള്ളയമ്പലം.
  5. സെനറ്റ് ഹാൾ, യൂണിവേഴ്‌സിറ്റി.
  6. സംസ്‌കൃത കോളജ്, പാളയം.
  7. ടാഗോർ തിയറ്റർ, വഴുതക്കാട്.
  8. വിമൺസ് കോളജ്, വഴുതക്കാട്.
  9. സെന്‍റ് ജോസഫ് സ്‌കൂൾ, ജനറൽ ആശുപത്രിക്കു സമീപം.
  10. ഗവ.മോഡൽ എച്ച്.എസ്.എസ്, തൈക്കാട്.
  11. ഗവ.ആർട്‌സ് കോളജ്, തൈക്കാട്.
  12. ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ്, തൈക്കാട്.
  13. മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂർ.
  14. ഗവ.ഫോർട്ട് ഹൈസ്‌കൂൾ.
  15. അട്ടക്കുളങ്ങര ഗവ.സെൻട്രൽ സ്‌കൂൾ.
  16. ആറ്റുകാൽ ഭഗവതി ക്ഷേത്ര മൈതാനം.
  17. ഐരാണിമുട്ടം ഗവ.ഹോമിയോ ആശുപത്രി ഗ്രൗണ്ട്.
  18. പൂജപ്പുര ഗ്രൗണ്ട്.
  19. ബി.എസ്.എൻ.എൽ.ഓഫിസ്, കൈമനം.
  20. ഗിരിദീപം കൺവെൻഷൻ സെന്‍റർ,നാലാഞ്ചിറ.

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കും. പൊലീസ് ശക്തമായ സുരക്ഷാ ക്രമീരണങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ചാണ് സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

മേൽനോട്ടത്തിനായി 19 എ.സി.പി/ഡിവൈ.എസ്.പിമാർ, 25 ഇൻസ്‌പെക്‌ടർമാർ, 200 എസ്.ഐ./എ.എസ്.ഐമാർ, ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ, 250ന് മുകളിൽ വനിത ബറ്റാലിയനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനു പുറമേ 300 വൊളണ്ടിയർമാർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രധാന വേദികളിൽ ആരോഗ്യ വകുപ്പിന്‍റെയും ഫയർഫോഴ്‌സിന്‍റെയും സേവനവും ലഭ്യമാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനായി തിരക്കേറിയ സ്ഥലങ്ങളിൽ പൊലീസിന്‍റെയും സിറ്റി ഷാഡോ ടീമിന്‍റെ നിരീക്ഷണം ശക്തമാക്കും.

നിശ്ചിത ഇടവേളകളിൽ പട്രോളിങ് ശക്തമാക്കും. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. സുരക്ഷക്കായി രണ്ട് സ്‌പെഷ്യൽ പൊലീസ് കൺട്രോൾ റൂം കനകക്കുന്നിലും പുത്തരികണ്ടത്തും സജ്ജമാക്കും. സിറ്റിയിലെ ട്രാഫിക് തത്സമയം നിരീക്ഷിക്കുന്നതിന് വയർലസ്, കാമറ, ഇന്‍റർനെറ്റ്, ലൈവ് അപ്‌ഡേറ്റ് എന്നിവ പ്രയോജനപ്പെടുത്തും. വാർത്താസമ്മേളനത്തിൽ ഐ.ജി ജി. സ്‌പർജൻ കുമാർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു, ഡിസിപി പി.നിധിൻരാജ് എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.