Kerala Legislative Assembly MLA Orientation Class: നിയമസഭ സാമാജികർക്കുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭ സാമാജികർക്കുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു (Kerala Legislative Assembly MLA Orientation Class). നിയമസഭ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിശീലന പരിപാടി നടക്കുന്നത്. രാവിലെ 9 മണിക്ക് നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പതിമൂന്നാം നിയമസഭ സമ്മേളന കാലയളവിൽ ആരംഭിച്ച പരിശീലന പരിപാടി സഭ നടപടികൾ ആരംഭിക്കുന്നതിന് മുൻപാണ് സാധാരണഗതിയിൽ സംഘടിപ്പിക്കുന്നത്. എന്നാൽ ഇത്തവണ സഭ നടപടികളുടെ മധ്യകാലത്താണ് പരിശീലന പരിപാടി ആരംഭിച്ചതെന്ന് ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീർ (Speaker AN Shamseer) പറഞ്ഞു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സഭ സാമാജികരിൽ ചിലർ വിമുഖത കാണിക്കുന്നുവെന്ന് ചടങ്ങിൽ സ്‌പീക്കർ വിമർശിച്ചു.
നിയമ നിർമ്മാണ സഭകളിൽ നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാവണം. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്‌തമായി നമ്മുടെ നിയമസഭയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചട്ടങ്ങളെ കുറിച്ച് അംഗങ്ങൾക്കുള്ള അറിവില്ലായ്‌മ വ്യക്തമാണെന്നും സ്‌പീക്കർ ചടങ്ങിൽ കൂട്ടിച്ചേർത്തു. എല്ലാ ഘട്ടത്തിലും ചർച്ചകളിൽ സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
സഭയും സഭയിലെ അംഗങ്ങളും കേരളത്തിലെ ഏറ്റവും ഉയർന്ന ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്നവരാണ്. പല വീക്ഷണങ്ങളും സഭയിൽ ചർച്ചയാകണം. രൂക്ഷമായ ചർച്ച അതിൻ്റെ ഭാഗമാണ്. പൊതുവേയുള്ള സൗഹൃദ അന്തരീക്ഷം തകരാൻ പാടില്ല. വ്യത്യസ്‌തമായ വീക്ഷണങ്ങൾ ശക്തമായി അവതരിപ്പിക്കപ്പെടണം. എന്നാൽ ചർച്ചകളിൽ നമ്മുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണം. സഭാ നപടികൾക്ക് നിരക്കാത്ത രീതിയിലുള്ള പരാമർശങ്ങൾ എപ്പോഴും ഉണ്ടാകുന്നുണ്ടോയെന്ന് അംഗങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശരിയല്ലാത്തത് വിളിച്ചു പറയാൻ അവകാശമുണ്ടോയെന്ന് പരിശോധിക്കണം. അവരവർക്ക് ബോധ്യമല്ലാത്ത കാര്യങ്ങൾ പറയുന്നത് മാത്യകാപരമല്ല. നല്ല ഗൃഹപാഠം നിയമസഭ സാമാജികർക്ക് അത്യാവശ്യമാണ്. സെമിനാർ ഒരു അടിത്തറ മാത്രമാണ്. സഭ ചട്ടങ്ങൾ ശ്രദ്ധിക്കണം. സഭ നടപടികളെ കുറിച്ച് നല്ല ധാരണ അംഗങ്ങളുടെ പ്രവർത്തനം സുഗമമാക്കുമെന്നും നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ സഭ സമിതികളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സഭാനാഥനായി വന്നശേഷം കണ്ട കാര്യങ്ങൾ കാരണമാകാം പതിവ് തെറ്റിച്ച് സഭ നടപടികളുടെ മധ്യഭാഗത്ത് ഇങ്ങനെയൊരു പരിശീലന പരിപാടി സ്‌പീക്കർ സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.