'ബിജെപിയോട് അയിത്തമില്ല';ജോണി നെല്ലൂര്‍ കേരള കോൺഗ്രസ് വിട്ടു, ദേശീയ തലത്തിൽ രൂപീകരിക്കുന്ന ക്രൈസ്‌തവ പാർട്ടിയുടെ ഭാഗമാകും

By

Published : Apr 19, 2023, 6:16 PM IST

thumbnail

എറണാകുളം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുതിർന്ന നേതാവ് ജോണി നെല്ലൂർ പാര്‍ട്ടി വിട്ടു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാൻ സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും, യുഡിഎഫ് ഉന്നതാധികാരസമിതി അംഗത്വവും രാജിവച്ചതായി അദ്ദേഹം അറിയിച്ചു. ദേശീയ തലത്തിൽ രൂപീകരിക്കുന്ന ക്രൈസ്‌തവ പാർട്ടിയുടെ ഭാഗമാകുമെന്നും എറണാകുളം പ്രസ്സ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഒരു വർഷമായി ക്രൈസ്‌തവ ഐക്യം എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള ചർച്ചകൾ നടത്തിവരികയായിരുന്നു. ഇതേതുടർന്നാണ് ക്രൈസ്‌തവരുടെ നേതൃത്വത്തിലുള്ള സെകുലർ പാർട്ടി ദേശീയ തലത്തിൽ രൂപീകരിക്കാൻ തീരുമാനിച്ചത്. നിരവധി പാർട്ടികളിലുള്ള പ്രമുഖർ പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നും ജോണി നെല്ലൂർ അവകാശപ്പെട്ടു. പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണെന്നും അടുത്ത ദിവസങ്ങളില്‍ വിശദാംശങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ പാർട്ടി ബിജെപിയുടെ പിന്തുണയിൽ രൂപീകരിക്കുന്ന ക്രൈസ്‌തവ പാർട്ടിയായിരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല.

കേരളത്തിലെ റബ്ബർ കർഷകർ ഉൾപ്പടെയുള്ളവർക്ക് വേണ്ടിയായിരിക്കും പുതിയ പാർട്ടിയുടെ പ്രവർത്തനമെന്നും റബ്ബറിന്‍റെ കിലോ വില 300 രൂപയെങ്കിലും ആക്കിത്തരണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിനെ കാർഷിക വിളയായി പ്രഖാപിക്കണം. നാളികേര, നെല്ല് കർഷകർ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കർഷകർക്ക് വേണ്ടിയുള്ള ദേശീയ പാർട്ടിയാണ് ലക്ഷ്യമിടുന്നതെന്നും ക്രൈസ്‌തവ പാർട്ടിയല്ല സെക്കുലർ പാർട്ടിയായിരിക്കും നിലവിൽ വരികയെന്നും ജോണി നല്ലൂര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ കാണാൻ അവസരം കിട്ടിയാൽ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ നിന്നും അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയുമൊക്കെ നേതൃത്വത്തിന്‍റെ സമയത്ത് യുഡിഎഫിലെ ഘടകകക്ഷികളോടുണ്ടായ സഹകരണവും സമീപനവും വളരെ വ്യത്യസ്‌തമായിരുന്നു. എന്നാല്‍ ഇന്നത്തെ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ആ സമീപനം ഉണ്ടാകുന്നില്ലെന്നും പുതിയ പാര്‍ട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ലെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.